October 10 Saturday 2026

“കേരള ഡിസാസ്റ്റർ റെസിലിയൻസ് പ്രോഗ്രാം” : ദുരന്തപ്രതിരോധ കേരളത്തിന്റെ പുതിയ ദിശയോ, പ്രഖ്യാപനങ്ങളുടെ ആവർത്തനമോ?

കേരളം ഇന്ന് ഇന്ത്യയിലെ ഏറ്റവും കൂടുതൽ ദുരന്തസാധ്യത നേരിടുന്ന സംസ്ഥാനങ്ങളിലൊന്നാണ്. കാലാവസ്ഥാ വ്യതിയാനത്തിന്റെ പ്രത്യാഘാതങ്ങൾ കൂടുതൽ രൂക്ഷമാകുന്നതിനൊപ്പം പ്രളയം, ഉരുൾപൊട്ടൽ, കടലാക്രമണം, തീപിടിത്തം, വരൾച്ച, അതിതീവ്രമഴ തുടങ്ങിയ ദുരന്തങ്ങൾ സംസ്ഥാനത്തിന്റെ വികസനപാതയെ തന്നെ സ്വാധീനിക്കുന്ന സാഹചര്യമാണ് നിലനിൽക്കുന്നത്. ഇത്തരമൊരു പശ്ചാത്തലത്തിലാണ് കേരള ബജറ്റ് 2026-ൽ “കേരള ഡിസാസ്റ്റർ റെസിലിയൻസ് പ്രോഗ്രാം” (Kerala Disaster Resilience Programme) എന്ന പുതിയ സംരംഭം പ്രഖ്യാപിക്കപ്പെട്ടിരിക്കുന്നത്.

ദുരന്തനിവാരണ മേഖലയെ പ്രതികരണത്തിൽ നിന്ന് പ്രതിരോധത്തിലേക്ക് (Response to Resilience) മാറ്റാൻ ലക്ഷ്യമിടുന്ന ഈ പ്രഖ്യാപനം ആദ്യനോട്ടത്തിൽ തന്നെ ശ്രദ്ധേയമാണ്. പ്രത്യേകിച്ച് കാലാവസ്ഥാ വ്യതിയാനവും വർധിച്ചുവരുന്ന ദുരന്തസാധ്യതകളും മുൻനിർത്തി സമൂഹത്തിന്റെയും സർക്കാർ സംവിധാനങ്ങളുടെയും പ്രതിരോധശേഷി വർധിപ്പിക്കേണ്ടതിന്റെ ആവശ്യകത ഇന്ന് ലോകമെമ്പാടും അംഗീകരിക്കപ്പെട്ടിരിക്കുന്ന സാഹചര്യത്തിൽ, “റെസിലിയൻസ്” എന്ന ആശയത്തെ ബജറ്റിന്റെ ഭാഗമായി ഉയർത്തിക്കാട്ടിയിരിക്കുന്നത് പുരോഗമനപരമായ ഒരു സമീപനമായാണ് വിലയിരുത്തപ്പെടുന്നത്. എന്നാൽ, ഈ പ്രഖ്യാപനം യഥാർത്ഥത്തിൽ കേരളത്തിന്റെ ദുരന്തനിവാരണ മേഖലയെ ഒരു പുതിയ ഘട്ടത്തിലേക്ക് നയിക്കുമോ എന്നത് ഗൗരവമായ ചർച്ച അർഹിക്കുന്ന വിഷയമാണ്.

കേരളം ദുരന്തനിവാരണ രംഗത്ത് ശൂന്യത്തിൽ നിന്ന് ആരംഭിക്കുന്ന സംസ്ഥാനമല്ല. 2018-ലെ മഹാപ്രളയത്തിനുശേഷം സംസ്ഥാനം ദുരന്തനിവാരണ മേഖലയിലുണ്ടാക്കിയ മാറ്റങ്ങൾ ദേശീയതലത്തിലും അന്താരാഷ്ട്രതലത്തിലും ശ്രദ്ധിക്കപ്പെട്ടിരുന്നു. റീബിൽഡ് കേരള ഇൻഷ്യേറ്റീവ് (Rebuild Kerala Initiative), ‘ബിൽഡ് ബാക്ക് ബെറ്റർ’ (Build Back Better) സമീപനം, റിസ്ക് ഇൻഫോംഡ് മാസ്റ്റർ പ്ലാനുകൾ, പ്രാദേശിക ദുരന്തനിവാരണ പദ്ധതികൾ, കാലാവസ്ഥാ പ്രവർത്തന പദ്ധതികൾ എന്നിവയെല്ലാം കഴിഞ്ഞ ഒരു ദശകത്തിനിടെ കേരളം കൈക്കൊണ്ട സുപ്രധാന നടപടികളാണ്. കേരള സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ (KSDMA) നേതൃത്വത്തിൽ ജില്ലാതലത്തിലും തദ്ദേശസ്വയംഭരണ സ്ഥാപനതലത്തിലും നിരവധി പദ്ധതികൾ ഇതിനകം നടപ്പിലാക്കിക്കൊണ്ടിരിക്കുകയാണ്. കൂടാതെ, ലോക്കൽ ക്ലൈമറ്റ് ആക്ഷൻ പ്ലാനുകൾ, ഡിസാസ്റ്റർ ക്ലൈമറ്റ് ആക്ഷൻ ട്രാക്കിംഗ് സംവിധാനം, റിസ്ക് ഇൻഫോംഡ് മാസ്റ്റർ പ്ലാനുകൾ, ദുരന്ത മാലിന്യ മാനേജ്മെന്റ് പ്രോട്ടോക്കോൾ, വയനാട് പുനരധിവാസ മാതൃക തുടങ്ങിയ നിരവധി ഇടപെടലുകളും നിലവിലുണ്ട്.

ഈ സാഹചര്യത്തിൽ, പുതിയതായി പ്രഖ്യാപിച്ച “കേരള ഡിസാസ്റ്റർ റെസിലിയൻസ് പ്രോഗ്രാം” നിലവിലുള്ള സംവിധാനങ്ങളിൽ നിന്ന് എങ്ങനെ വ്യത്യസ്തമാകുന്നു എന്ന ചോദ്യത്തിന് ബജറ്റ് രേഖയിൽ വ്യക്തമായ ഉത്തരമില്ല. പുതിയൊരു സ്ഥാപന സംവിധാനമാണോ, നിലവിലുള്ള പദ്ധതികളുടെ ഏകോപന സംവിധാനമാണോ, അതോ മുൻപുണ്ടായിരുന്ന പ്രവർത്തനങ്ങൾക്ക് പുതിയൊരു പേരാണോ എന്ന കാര്യത്തിൽ ഇപ്പോഴും അവ്യക്തത നിലനിൽക്കുന്നു. ഈ അവ്യക്തത ഭാവിയിൽ പ്രവർത്തനങ്ങളുടെ ആവർത്തനത്തിനും സ്ഥാപനങ്ങൾ തമ്മിലുള്ള ഉത്തരവാദിത്തക്കുഴപ്പങ്ങൾക്കും ഇടയാക്കാനുള്ള സാധ്യതയുണ്ട്.

എന്നിരുന്നാലും, വിവിധ സർക്കാർ വകുപ്പുകളുടെ ഏകോപനത്തിന് പ്രാധാന്യം നൽകിയിരിക്കുന്നത് ഈ പദ്ധതിയുടെ ശക്തമായ വശങ്ങളിലൊന്നാണ്. കൃഷി, ആരോഗ്യം, ജലവിഭവം, പൊതുമരാമത്ത്, തദ്ദേശസ്വയംഭരണ വകുപ്പ് തുടങ്ങി നിരവധി വകുപ്പുകളെ ഒരുമിച്ച് കൊണ്ടുവന്ന് ദുരന്തസാധ്യത കുറയ്ക്കുന്നതിനുള്ള ശ്രമം സ്വാഗതാർഹമാണ്. ദുരന്തനിവാരണം എന്നത് ഒരു വകുപ്പിന്റെ മാത്രം ഉത്തരവാദിത്തമല്ലെന്നും, വികസനത്തിന്റെ എല്ലാ മേഖലകളിലും ദുരന്തസാധ്യത പരിഗണിക്കപ്പെടേണ്ടതുണ്ടെന്നും ലോകതലത്തിൽ അംഗീകരിക്കപ്പെട്ടിരിക്കുന്ന സാഹചര്യത്തിൽ ഈ സമീപനം ഏറെ പ്രസക്തമാണ്. അതേസമയം, പദ്ധതിക്കായി അനുവദിച്ചിരിക്കുന്ന 15 കോടി രൂപയുടെ പ്രാരംഭ വകയിരുത്തൽ വിമർശനങ്ങൾക്കും ഇടയാക്കിയിട്ടുണ്ട്. വർഷംതോറും കോടിക്കണക്കിന് രൂപയുടെ നഷ്ടം നേരിടുന്ന കേരളം പോലൊരു സംസ്ഥാനത്തിന് സമഗ്രമായ ദുരന്തപ്രതിരോധ പരിപാടി നടപ്പാക്കുന്നതിനായി ഈ തുക പര്യാപ്തമാണോയെന്ന ചോദ്യം ഉയരുന്നുണ്ട്. റീബിൽഡ് കേരള പദ്ധതികൾ ആയിരക്കണക്കിന് കോടി രൂപയുടെ നിക്ഷേപങ്ങളോടെയാണ് നടപ്പിലാക്കപ്പെട്ടത് എന്ന പശ്ചാത്തലത്തിൽ നോക്കുമ്പോൾ, ഈ വകയിരുത്തൽ പ്രതീകാത്മക പ്രഖ്യാപനമായി മാത്രം ചുരുങ്ങാനുള്ള സാധ്യത തള്ളിക്കളയാനാവില്ല.

കേരളത്തിന്റെ ദുരന്തചരിത്രം പരിശോധിക്കുമ്പോൾ മറ്റൊരു പ്രധാനപ്പെട്ട കാര്യം വ്യക്തമാണ്. സംസ്ഥാനം നേരിടുന്ന പല ദുരന്തങ്ങളും പ്രകൃതിദത്തം മാത്രമല്ല; വികസന മാതൃകകളുമായി ബന്ധപ്പെട്ട മനുഷ്യനിർമിത ഘടകങ്ങളും അവയിൽ നിർണായക പങ്കുവഹിക്കുന്നുണ്ട്. അനിയന്ത്രിത ഖനനം, മലഞ്ചെരിവുകളിലെ നിർമാണ പ്രവർത്തനങ്ങൾ, ഭൂവിനിയോഗത്തിലെ ശാസ്ത്രീയമല്ലാത്ത മാറ്റങ്ങൾ, ചതുപ്പുനിലങ്ങളുടെ നാശം, തീരദേശ അതിക്രമങ്ങൾ എന്നിവ ദുരന്തങ്ങളുടെ തീവ്രത വർധിപ്പിക്കുന്നതായി നിരവധി പഠനങ്ങൾ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. എന്നാൽ, ഈ വിഷയങ്ങളിൽ ശക്തമായ നയപരമായ ഇടപെടലുകൾ ബജറ്റിൽ പ്രതിഫലിക്കുന്നില്ല എന്നത് ഒരു പ്രധാന പോരായ്മയാണ്. കേരളത്തിന് ഇന്ന് ആവശ്യം ദുരന്തമുണ്ടായശേഷമുള്ള രക്ഷാപ്രവർത്തനങ്ങളല്ല; മറിച്ച് ദുരന്തങ്ങളെ മുൻകൂട്ടി കാണുകയും, അപകടസാധ്യത കുറയ്ക്കുകയും, സമൂഹത്തിന്റെ പ്രതിരോധശേഷി വർധിപ്പിക്കുകയും ചെയ്യുന്ന ഒരു സമഗ്ര വികസന മാതൃകയാണ്. ബജറ്റ് 2026 ആ ദിശയിലേക്കുള്ള നിർണായക തുടക്കമാണോ എന്നത് ഇനി നടപ്പാക്കലാണ് തെളിയിക്കേണ്ടത്.

 

Related