ഫെമിനിസം ഒരിക്കലും സ്ത്രീപക്ഷം എന്ന അര്‍ഥത്തിലല്ല; അത് നീതിപക്ഷമാണ്. ലിംഗനീതിക്ക് വേണ്ടി നിലകൊള്ളുന്ന ഒരു സാമൂഹിക-രാഷ്ട്രീയ ആശയമാണത്. ഒരു ഫുട്‌ബോള്‍ മത്സരത്തില്‍ ഒരു ടീമിന് അനുകൂലമായി റഫറി പെനാല്‍റ്റി നല്‍കുന്നത് ആ ടീമിനോടുള്ള സ്‌നേഹം കൊണ്ടല്ല, മറിച്ച് അവിടെ നിയമലംഘനം നടന്നതുകൊണ്ടാണ്. ഫെമിനിസവും ഇതുപോലെയാണ്. കാലങ്ങളായി സ്ത്രീകള്‍ക്കെതിരെ നടന്ന ‘ഫൗളുകള്‍ക്ക്’ എതിരെയുള്ള വിസിലടിയാണത്. എന്നാല്‍, ആ പെനാല്‍റ്റി ബോക്‌സില്‍ വീഴാത്ത ഒരാള്‍ വെറുതെ വീണു എന്ന് അഭിനയിച്ച് പെനാല്‍റ്റി നേടിയെടുക്കുന്നത് കളിയുടെ മര്യാദയ്ക്ക് വിരുദ്ധമാണ്. ഇത് യഥാര്‍ഥ കളിക്കാരെയും കളിയെയും ഒരുപോലെ അപമാനിക്കുന്നതിന് തുല്യമാണ്.
സ്ത്രീകള്‍ക്ക് ചരിത്രപരമായും സാമൂഹ്യപരമായും നേരിടേണ്ടിവന്ന അവകാശനിഷേധം, അടിച്ചമര്‍ത്തല്‍, അസമത്വം, ചൂഷണം എന്നിവക്കെതിരെയുള്ള പ്രതിരോധമാണ് ഫെമിനിസം. ചരിത്രപരമായി നീതി നിഷേധിക്കപ്പെട്ടത് സ്ത്രീക്കായതുകൊണ്ട് ഫെമിനിസം അവളുടെ ശബ്ദമായി മാറി. ഇരുട്ടത്തുള്ള മുറിയിലേക്ക് വെളിച്ചം അടിക്കുന്നത് ആ മുറിയോട് മാത്രമുള്ള താല്‍പര്യം കൊണ്ടല്ല, മറിച്ച് അവിടെയുള്ള ഇരുട്ട് മാറ്റാനാണ്. അല്ലാതെ സ്ത്രീയായത് കൊണ്ടു മാത്രം ആരെയും അന്ധമായി സംരക്ഷിക്കുന്നു എന്നതല്ല.
സമൂഹത്തില്‍ ഇന്നും ലിംഗവിവേചനത്തിന്റെ പ്രധാന ഇരകള്‍ സ്ത്രീകളാണെന്ന യാഥാര്‍ഥ്യം കൊണ്ടാണ്
ഫെമിനിസത്തിന്റെ ശബ്ദം പലപ്പോഴും സ്ത്രീപക്ഷമായി കേള്‍ക്കപ്പെടുന്നത്. അത് ഒരു പക്ഷപാതമല്ല, അസമത്വം നിലനില്‍ക്കുന്നിടത്തുള്ള പ്രതികരണമാണ്. എന്നാല്‍, മസസ്സിലാക്കേണ്ട ഒരു കാര്യം ഫെമിനിസം എന്നത് ഒരാളെ തകര്‍ക്കാനുള്ള ലൈസന്‍സല്ല. അത് പരസ്പര ബഹുമാനത്തിലധിഷ്ഠിതമായ ലോകക്രമമാണ്. അവിടെ ഇരയാക്കപ്പെടുന്നത് പുരുഷനാണെങ്കിലും ശബ്ദമുയര്‍ത്താന്‍ ഫെമിനിസത്തിന് ബാധ്യതയുണ്ട്. കാരണം, അനീതി എവിടെയുണ്ടോ അവിടെ ഫെമിനിസത്തിന് പ്രസക്തിയുണ്ട്.
എന്നാല്‍ അടുത്ത കാലത്തായി, നിയമപരമായും അല്ലാതെയും സ്ത്രീകള്‍ക്ക് ലഭിക്കുന്ന പരിഗണന മറ്റുള്ളവര്‍ക്കെതിരെ ശത്രുതാപരമായ ആയുധമായി മാറുന്ന പ്രവണത ആശങ്കപ്പെടുത്തുന്ന ഒന്നാണ്. സോഷ്യല്‍ മീഡിയയില്‍ അരങ്ങേറുന്ന ചില സംഭവങ്ങളും, കുടുംബ കോടതികളില്‍ കെട്ടിച്ചമച്ച ആരോപണങ്ങള്‍ ചേര്‍ത്ത് മുന്നോട്ടുപോകുന്ന നിലവിലെ ചില കേസുകളും നിരാശയും സങ്കടവും സൃഷ്ടിക്കുന്ന യാഥാര്‍ഥ്യങ്ങളാണ്. ‘ഫെമിനിസ്റ്റുകള്‍’ എന്ന ലേബലില്‍ ഇത്തരം പ്രവര്‍ത്തികള്‍ക്ക് കുടപിടിക്കുന്നവര്‍ മനസ്സിലാക്കേണ്ടത് ഇതാണ്; ഇതുവഴി യഥാര്‍ഥ ഫെമിനിസത്തിന്റെ ലക്ഷ്യം കൈവരിക്കാന്‍ കഴിയില്ല. കപടമായ ആരോപണങ്ങളിലൂടെയും സോഷ്യല്‍ മീഡിയ ആക്രമണങ്ങളിലൂടെയും ഫെമിനിസത്തെ വ്യാഖ്യാനിക്കുന്നവര്‍ യഥാര്‍ഥത്തില്‍ ആ ആശയത്തിന്റെ കടക്കല്‍ കത്തി വെക്കുകയാണ് ചെയ്യുന്നത്.
