” ഇരു കൂട്ടർക്കും പ്രയോജനം ലഭിക്കുന്ന രണ്ട് ബില്യൺ ജനങ്ങളെ ഉൾകൊള്ളുന്ന ഒരു സ്വതന്ത്ര വ്യാപാര മേഖല നാം സൃഷ്ടിച്ചിരിക്കുന്നു.കൂടുതൽ ശക്തരാകാൻ നാം നമ്മുടെ നയതന്ത്ര ബന്ധത്തെ വളർത്തുക തന്നെ ചെയ്യും. ”
ഇന്ത്യ – യൂറോപ്യൻ യൂണിയൻ വ്യാപാര കരാറിന് അന്തിമരൂപം നൽകിയതിന് ശേഷം യൂറോപ്പ്യൻ കമ്മീഷൻ പ്രസിഡന്റ് ഉർസു ല വോൺ ദെയർ തന്റെ എക്സിൽ കുറിച്ച വരികളാണിത്.
രണ്ട് പതിറ്റാണ്ടു നീണ്ടുനിന്ന ചർച്ചകൾക്കൊടുവിൽ ഇന്ത്യ യൂറോപ്യൻ യൂണിയൻ വ്യാപാര കരാറിന് അന്തിമരൂപം കൈ വന്നിരിക്കുന്നു. ചൊവ്വാഴ്ച രാജ്യ തലസ്ഥാനത്ത് ഹൈദരാബാദ് ഹൗസിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയും യൂറോപ്യൻ കമ്മീഷൻ പ്രസിഡന്റ് ഉർസു ല വോൺ ദെയർ ലെയനും യൂറോപ്പ്യൻ കൗൺസിൽ പ്രസിഡന്റ് അന്റോണിയ കോസ്റ്റയും നടത്തിയ ചർച്ചയിലാണ് കരാറിന് അന്തിമരൂപമായത്.എല്ലാ കരാറുകളുടെയും മാതാവ് എന്നാണ് കരാറിനെ നിരീക്ഷകർ വിശേഷിപ്പിക്കുന്നത്.
രാജ്യം ഒപ്പിട്ട കരാറുകളിൽ ഏറെ പ്രാധാന്യവും ഏറെ വലിയതുമായ കരാർ ചരക്കുകൾ സേവനങ്ങൾ യൂറോപ്പ്യൻ രാജ്യങ്ങളിലെ ഇന്ത്യയുടെ നിക്ഷേപം എന്നിവയെയെല്ലാം സമഗ്രമായി ഉൾക്കൊള്ളുന്നതാണ്. ടെക്സ്റ്റൈൽസ്, ഫാർമസ്യൂട്ടിക്കൽസ്,യന്ത്ര നിർമ്മാണം ഉഴുക്ക്,പെട്രോളിയം ഉൽപ്പന്നങ്ങൾ എന്നീ മേഖലകളിൽ ഇന്ത്യയ്ക്ക് ഏറെ ഗുണകരമാണ് കരാർ.
രണ്ട് ബില്യൺ ഡോളറാണ് ഇരുപക്ഷത്തു നിന്നും കരാർ പ്രകാരം താരിഫ് ഇനത്തിൽ എടുത്തു കളയുമെന്ന് പ്രതീക്ഷിക്കുന്നത്.കരാർ പ്രകാരം യൂറോപ്യൻ യൂണിയന്റെ കയറ്റുമതിയിൽ 97 ശതമാനം താരിഫ് ഇളവ് ഇന്ത്യ നടപ്പാക്കും. യൂറോപ്പ്യൻ യൂണിയൻ രാജ്യങ്ങളിൽ നിന്നും ഇറക്കുമതി ചെയ്യുന്ന കാറുകൾക്ക് ഇന്ത്യയിൽ ഘട്ടം ഘട്ടമായി 10 ശതമാനത്തിലേക്ക് താരിഫ് നില കുറച്ചു കൊണ്ടുവരും. ഇന്ത്യൻ ചരക്കുകളുടെ 99.5% താരിഫുകളും യൂറോപ്പ്യൻ യൂണിയൻ ഒഴിവാക്കും.യൂറോപ്പ്യൻ കമ്പനികൾക്ക് നാല് ബില്യൺ യൂറോ ലാഭമാണ് കരാറു വഴി ലഭ്യമാകുന്നത്.കരാർ വിപുലമായതും സുരക്ഷിതവുമായ ഇന്ത്യൻ വിപണി യൂറോപ്പ്യൻ കമ്പനികൾക്ക് തുറന്നുകൊടുക്കുന്നു. രണ്ടു പതിറ്റാണ്ട് വൈകിയാണ് ചുവപ്പുനാടയിൽ കിടന്ന കരാർ യാഥാർത്ഥ്യമാകുന്നത്. 2032 ഓടുകൂടി ഇന്ത്യയിലേക്കുള്ള യൂറോപ്യൻ യൂണിയന്റെ കയറ്റുമതി ഇരട്ടിയാക്കുവാൻ കരാർ ലക്ഷ്യം വെക്കുന്നു. 2007 മുതൽ ആരംഭിച്ച ചർച്ചകളാണ് ഇതോടെ യാഥാർത്ഥ്യമായിരിക്കുന്നത്.
മൊത്തം 27 ട്രില്യൺ ഡോളറിന്റെ വിപണിയാണ് കരാറിലൂടെ സാധ്യമാകുന്നത്. മൊത്തം ആഗോള ആഭ്യന്തര ഉൽപാദനത്തിന്റെ 25 ശതമാനവും കേന്ദ്രീകരിക്കപ്പെടുക ഈ കരാറിന്റെ കീഴിലായിരിക്കും.
ഇന്ത്യ തങ്ങളുടെ ഓട്ടോമൊബൈൽ മേഖല തുറന്നു കൊടുക്കാതിരുന്നതിനാലാണ് 2013 ൽ യൂറോപ്യൻ യൂണിയനുമായുള്ള വ്യാപാര ചർച്ച പരാജയപ്പെട്ടു പോയത്. നിലവിൽ വിദേശനിർമ്മിത വാഹനങ്ങൾക്ക് 110 ശതമാനം താരിഫ് ആണ് ഇന്ത്യ ഈടാക്കുന്നത്. ടെസ്ല കാറുകളുടെ ഉടമസ്ഥനായ ഇലോൺ മസ്കിനു മുന്നിലും ഇന്ത്യ പ്രസ്തുത നിലപാട് തിരുത്തിയിരുന്നില്ല. എന്നാൽ പുതിയ കരാർ പ്രകാരം രാജ്യത്തെ ആഭ്യന്തര വാഹന വിപണി യൂറോപ്യൻ യൂണിയന്റെ ഇറക്കുമതിക്കായി താരിഫ് ഇളവുകളുടെ തുറന്നു കൊടുത്തിരിക്കുന്നു. യൂറോപ്യൻ മേഖലയിൽ നിന്നുള്ള കാറുകളുടെ താരിഫ് 30-35% എന്ന നിലയിലേക്ക് നിശ്ചയിക്കപ്പെട്ടിട്ടുണ്ട്. പിന്നീട് പല വർഷങ്ങളിലായി ഘട്ടം ഘട്ടമായി ഇത് 10 ശതമാനത്തിലേക്ക് എത്തിക്കും.ബി എം ഡബ്ലിയു, മെഴ്സെഡസ് ബെൻസ്, ലംബോർഗിനി മുതലായ ആഡംബര കാറുകൾക്ക് ഇന്ത്യയിൽ വില കുറയും. ഫ്രാൻസ് , ഇറ്റലി സ്പെയിൻ മുതലായ രാഷ്ട്രങ്ങളിൽ നിന്ന് ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്ന മദ്യത്തിന്റെ വിലയിലും കുറവുണ്ടാകും. 150 ശതമാനം തീരുവയാണ് നിലവിൽ മദ്യത്തിന് ഇന്ത്യ ചുമത്തുന്ന തീരുവ. പുതിയ കരാർ പ്രകാരം അത് ഇരുപത് ശതമാനത്തിലേക്ക് ഇടിയും. ഇന്ത്യൻ നിർമ്മിത മരുന്നുകൾക്ക് ഇരുപത്തിയേഴ് യൂറോപ്യൻ രാഷ്ട്രങ്ങളിൽ കരാർ പ്രകാരം വിപണി തുറന്നു കിട്ടും.
ട്രംപിന്റെ ഗ്രീൻലാൻഡ് അവകാശവാദത്തെ എതിർത്തതിന്റെ പേരിൽ എട്ട് യൂറോപ്പിന്റെ രാജ്യങ്ങൾക്കെതിരെയാണ് ഈ വർഷം ആദ്യം തന്നെ അമേരിക്ക താരിഫ് നിരക്ക് കുത്തനെ കൂട്ടിയത്. അമേരിക്കയ്ക്ക് അപ്പുറമുള്ള വിപണി സാധ്യതകളിലേക്ക് പ്രവേശിക്കുവാനും അമേരിക്കൻ ആശ്രയത്വം ഒഴിവാക്കുവാനും കരാറിലൂടെ ഇന്ത്യയ്ക്ക് പരിമിതമായെങ്കിലും സാധിക്കും. യൂറോപ്യൻ യൂണിയന്റെയും ഇന്ത്യയുടെയും അമേരിക്കയുമായുള്ള ബന്ധത്തിന് ഏറ്റ വിള്ളലുകളിൽ നിന്നും പുറത്തു കടക്കുവാൻ ഇന്ത്യയും യൂറോപ്യൻ യൂണിയനും ആഗ്രഹിക്കുന്നു. ചൈനയുടെ തലസ്ഥാനമായ ബെയ്ജിങ്ങിൽ നടന്ന യു കെ ചൈന ബിസിനസ് ഫോറത്തിന്റെ യോഗത്തിൽ ബ്രിട്ടനും ചൈനയും തമ്മിലുള്ള വ്യവസായ നിക്ഷേപം വർധിപ്പിക്കുന്ന കരാറുകളെ കുറിച്ച് പ്രധാനമന്ത്രി കെയർ സ്റ്റാമർ പ്രസ്താവിച്ചിരുന്നു. ചൈനയുമായുള്ള ബ്രിട്ടന്റെ ഈ ബന്ധം അപകടം വിളിച്ചു വരുത്തുമെന്നാണ് ട്രമ്പ് ഇതിനോട് പ്രതികരിച്ചത്. ട്രംപിന്റെ കാഴ്ചപ്പാട് തെറ്റാണെന്നും ചൈനയെ അവഗണിക്കുന്നത് ബ്രിട്ടനെ ബുദ്ധിമുട്ടിലാക്കും എന്നുമാണ് ബ്രിട്ടീഷ് വ്യാപാരമന്ത്രി ക്രിസ് ബ്രയന്റ് ട്രംപിന്റെ വാദത്തോട് പ്രതികരിച്ചത്.ചൈനയുമായി വ്യാപാര കരാറിൽ ഏർപ്പെട്ടാൽ കാനഡയിൽ നിന്നുള്ള ഇറക്കുമതിക്ക് 100% താരിഫ് ഏർപ്പെടുത്തും എന്ന് കാനഡയെ ഭീഷണിപ്പെടുത്തിയിരിക്കുകയാണ് ട്രംപ്.
ബ്രിക്സ് രാജ്യങ്ങൾ വിനിമയങ്ങൾക്ക് ഡോളർ ഇതര കറൻസികൾ ഉപയോഗിക്കുമോ എന്ന ചെറുതല്ലാത്ത ഭയം അമേരിക്കയ്ക്ക് ഇതിനോടകം ഉണ്ട്. ഭീഷണിയോടെയാണ് ട്രംപ് ഇതിനെ നേരിട്ടതും. ഇങ്ങനെ പേടിപ്പിച്ചും കണ്ണുരുട്ടിയും ലോകവ്യാപാരത്തെ നിയന്ത്രിക്കുന്ന അമേരിക്കയ്ക്ക് ബദലായി ലോകവ്യാപാര രംഗത്ത് പുതിയ വ്യാപാര വ്യവഹാരങ്ങൾ തുറക്കപ്പെടേണ്ടതുണ്ട്. യൂറോപ്യൻ യൂണിനുമായി ചേർന്ന് ഇന്ത്യൻ രൂപപ്പെടുത്തിയ പുതിയ കരാർ അത്തരത്തിൽ ഒരു ബദൽ സാധ്യതയെ തേടുന്നുമുണ്ട്.
