June 8 Monday 2026

ഗുരു-ചിന്തനം: ഒരാമുഖവും മണ്ഡനമിശ്രന്റെ വീട്ടിലെ കിളികളും

J-RAGU

‘സ്വയം മായ്ച്ചു കളയുന്ന ഒരു ഗ്രന്ഥകര്‍ത്താവിന്റെ പുസ്തകമെന്ന വിശേഷണത്തോടെയാണ്, ‘ഗുരു-ചിന്തനം: ഒരാമുഖം’ (ഡി.സി. ബുക്‌സ്) എന്ന കൃതിയെ അവതരിപ്പിക്കുന്നത് ‘എഴുതിയ ആള്‍ കൂടുതല്‍ കൂടുതല്‍ പ്രമാണിയായിമാറുന്ന’ ക്ഷേത്രത്തെ ഉത്തരവാദിത്വത്തോടും നിഷ്ഠയോടു കൂടിയും നിരസിക്കുന്ന സമീപനമെന്നാണ് ഈ മായ്ക്കലിനെ വിശേഷിപ്പിക്കുന്നത്. ‘സ്വയം മായ്ച്ചുകളയുന്ന’ ഈ ഏര്‍പ്പാടിനെ പ്രാചീന ബ്രാഹ്മണര്‍ ‘അപൗരുഷേയത്വം’ എന്നാണ് നാമകരണം ചെയ്തത്. ഒരു സാധാരണ ഗ്രന്ഥകര്‍ത്താവിനും കൃതിക്കും ലഭിക്കുന്ന അംഗീകാരത്തിനും ആധികാരികതയ്ക്കും മനുഷ്യസാധാരണമായ ഒരു പരിധിയുണ്ട്. എന്നാല്‍, വേദങ്ങള്‍ സൃഷ്ടിച്ച ബ്രാഹ്മണര്‍ ആഗ്രഹിച്ചത് ലോകസാധാരണമായ അംഗീകാരമായിരുന്നില്ല, മറിച്ച്, ലോകത്തെ കവിയുന്ന അധികാരവും പ്രാമാണികതയുമായിരുന്നു. തങ്ങള്‍ സൃഷ്ടിച്ച ശ്ലോകങ്ങള്‍ സാധാരണ ശ്ലോകങ്ങളെപ്പോലെ ഉച്ചരിക്കപ്പെടാനല്ല, ഈ ബ്രാഹ്മണര്‍ അഭിലഷിച്ചത്, അവ ‘വെളിപാടുകളായി’ വെള്ളിടി പോലെ ആഞ്ഞുപതിക്കണം. കേള്‍ക്കുന്നവരും കേട്ടുച്ചരിക്കുന്നവരും ഈ വെളിപാടുകള്‍ക്കുമുന്നില്‍ മുട്ടുകുത്തി പ്രാര്‍ത്ഥിക്കണം. ‘വെളിപാടു’കളിലെ ‘നിഗൂഢതകളും പ്രഹേളിക’യും തേടി ഗുരുമുഖത്ത് എത്തണം. ഓരോ നിഗൂഢതയ്ക്കുപിന്നിലും മറ്റൊരു നിഗൂഢതയുണ്ടെന്ന ‘അതിനിഗൂഢ’ വ്യവഹാരം കൊണ്ട് ഒരു വേദമൂലതത്ത്വ വ്യവഹാരം സൃഷ്ടിക്കണം. ഇതൊന്നും ഒരു ലോക സാധാരണ ഗ്രന്ഥകര്‍തൃത്വം കൊണ്ട് നേടാവുന്നതല്ല. ചില വ്യക്തികളോ ഒരു കൂട്ടം വ്യക്തികളോ സൃഷ്ടിക്കുന്ന മതഗ്രന്ഥങ്ങള്‍, ‘വിശുദ്ധഗ്രന്ഥ’ത്തിന്റെ, ‘വെളിപാടി’ന്റെ പ്രാമാണികത ആര്‍ജ്ജിക്കുന്നത് ഇങ്ങനെ ‘ഗ്രന്ഥകര്‍തൃത്വത്തെ മായ്ച്ചുകളയുന്നതി’ലൂടെയാണ്. ഈ ‘മായ്ച്ചുകളയല്‍’ അഥവാ ‘അപൗരുഷേയത്വം’ ചരിത്രത്തിലിന്നേവരെ സൃഷ്ടിച്ചത് പല നിറങ്ങളുള്ള പലതരം ‘അന്ധവിശ്വാസ-കൂട്ട’ങ്ങളെ മാത്രമാണ്. ‘ഗുരു-ചിന്തനം’ എന്ന ഈ അപൗരുഷേയകൃതി, കേരളത്തില്‍ അങ്ങനെയൊരു കൂട്ടം, ‘ഭക്തര്‍’ക്ക് ജന്മം നല്‍കുമോ എന്ന ആശങ്ക ന്യായമാണ്. എന്തായാലും മായ്ച്ചാലും, മായ്ച്ചാലും മായാതെ നില്‍ക്കുന്ന ഒരു മുദ്രയുണ്ട്; ഈ മായ്ച്ചുകളയലിന് പിന്നില്‍; ‘ദുരധികാര വാസന’ യുടെ ചീഞ്ഞ മുദ്ര.

സംസാര ജീവിതത്തിന്റെ ആധാരം അജ്ഞത മൂലം മനുഷ്യര്‍ വികസിപ്പിക്കുന്ന സംസ്‌കാരമാണെന്ന് നാഗാര്‍ജ്ജുനയെ ഉദ്ദേശിച്ചുകൊണ്ട് പ്രസ്താവിക്കുന്നു. ഇങ്ങനെയൊരു പ്രസ്താവന നടത്തുന്നതിനുള്ള ‘ഭാഷ’ നാഗാര്‍ജ്ജുനയ്ക്കും അപൗരുഷേയനും ലഭിച്ചത് എവിടെ നിന്ന്? മനുഷ്യ സംസ്‌കാരത്തിന്റെ അവിഭാജ്യാംശമായ ഭാഷ, ‘അജ്ഞതമൂലം’ വികസിച്ചതാണെങ്കില്‍ അജ്ഞതയുടെ സൃഷ്ടിയും അജ്ഞതയാകാനേ സാധ്യതയുള്ളൂ. അജ്ഞതയുടെ സൃഷ്ടിയായ ഭാഷയെ ഉപയോഗിക്കുന്ന ആള്‍ ‘അജ്ഞാനി’ ആകാതെ പറ്റില്ല. മനുഷ്യ സംസ്‌കാരത്തെക്കുറിച്ചുള്ള തന്റെ അഭിപ്രായം പ്രചരിപ്പിക്കുവാന്‍, നാഗാര്‍ജ്ജുനയ്ക്ക് അജ്ഞതയുടെ സൃഷ്ടിയല്ലാത്ത ഒരു ഉപാധിയോ മാര്‍ഗ്ഗമോ കണ്ടെത്താന്‍ കഴിയാഞ്ഞത് എന്തു കൊണ്ട്? ‘നിയോട്ടനി’ (Neoteny) എന്ന ജൈവപ്രതിഭാസമില്ലാതിരുന്നുവെങ്കില്‍, ഒരു പക്ഷേ, മനുഷ്യന്‍ എന്ന സ്പീഷീസിന്, സംസ്‌കാരത്തിന്റെ ആവശ്യം ഉണ്ടാകുമായിരുന്നില്ല. പൂര്‍ണ്ണമായ അതിജീവനശേഷി ആര്‍ജ്ജിക്കുംമുമ്പ് ജനിക്കുന്ന പ്രതിഭാസമാണ് ‘നിയോട്ടനി’. മനുഷ്യശിശുവിന്, ദീര്‍ഘകാലത്തെ പരിചരണവും ശ്രദ്ധയും ആവശ്യമാണ്. മറ്റെല്ലാ സ്പീഷീസുകളും അതിജീവനശേഷിയോടുകൂടിയാണ് ജനിക്കുന്നത്. അതിനാല്‍ അവയ്ക്ക് ‘സംസ്‌കാരം’ ആവശ്യമില്ല. പ്രകൃതി നിഷേധിച്ച അതിജീവനശേഷി മനുഷ്യന്‍ ആര്‍ജ്ജിച്ചത് സംസ്‌കാരത്തിന്റെ നിര്‍മ്മിതിയിലൂടെയാണ്. സംസ്‌കാരത്തിന്റെ നിര്‍മ്മിതി, പ്രകൃതിയില്‍ നിന്നുള്ള പുറത്താകല്‍ കൂടിയാണ്. ഇങ്ങനെ പ്രകൃതിയില്‍ നിന്നു ബോധപൂര്‍വ്വം പുറത്തുകടക്കുകയും തന്റെ അസ്തിത്വത്തെ ചരിത്രത്തില്‍ സ്ഥാപിക്കുകയും ചെയ്ത പ്രക്രിയ ക്ലേശകരമായിരുന്നു. പ്രകൃതിദത്ത അസ്തിത്വം ഇതര സ്പീഷീസുകള്‍ക്ക് മുമ്പില്‍ അസ്തിത്വപരമായ സമസ്യകളൊന്നും സൃഷ്ടിക്കുന്നില്ല. അവയെല്ലാം, പ്രകൃതി നല്‍കിയ അതിജീവിതോപാധികളുടെ പിന്‍ബലത്തില്‍ ‘പ്രകൃതിക്കൊത്ത്’ ജീവിക്കുന്നു. ‘താവോ’ എന്നത് ജന്തു ജീവിതത്തിന്റെ നൈസര്‍ഗ്ഗികതയെയാണ് വിവക്ഷിക്കുന്നത്. അതിനാല്‍ ലാവോസുവിനും താവോയിസത്തിനും മനുഷ്യസംസ്‌കാരത്തിന്റേയോ അവന്റെ ധൈഷണിക ചിന്താ പാരമ്പര്യത്തിന്റേയോ ഭാഗമായി ഗണിക്കപ്പെടാനുള്ള യോഗ്യതയില്ല.

നാഗാര്‍ജ്ജുനയുടെ നിരുത്തരവാദിത്വം
അസ്തിത്വ സമസ്യകളെ മനുഷ്യന്‍ നിര്‍ദ്ധാരണം ചെയ്തത് പ്രകൃതിയെ അതിലംഘിച്ചു കൊണ്ടാണ്. ‘പ്രകൃതിക്കു മേലുള്ള യജമാനത്വം’ എന്നതിന്റെ വിവക്ഷ ഇതുമാത്രമാണ്. ‘ജഡവസ്തുക്കളുടെ ഒരു ക്രമം’ മാത്രമായ പ്രകൃതിയെ പൂജിക്കുന്നതിനുപകരം, മെരുക്കുന്ന പ്രക്രിയയാണ് മനുഷ്യാസ്തിത്വത്തെ സാധ്യമാക്കിയത്. നാഗരികതകളുടെ ആവിര്‍ഭാവത്തോടെ, പ്രകൃതിയെ അതിലംഘിക്കല്‍ എന്ന പ്രക്രിയ കൂടുതല്‍ ബോധപൂര്‍വ്വവും സംഘടിതവും ആസൂത്രിതവുമായിത്തീര്‍ന്നു. നാഗരികതാ പൂര്‍വ്വ സ്വാസ്ഥ്യങ്ങളില്‍ അഭിരമിച്ചിരുന്ന ചില ജനവിഭാഗങ്ങള്‍ക്കും വ്യക്തികള്‍ക്കും ഈ മാറ്റങ്ങള്‍ താങ്ങാനാവാതെ വന്നു. വലിയ സംഘര്‍ഷങ്ങളിലേയ്ക്കും അനിശ്ചിതത്വങ്ങളിലേയ്ക്കും പതിച്ച മനുഷ്യരുടെ മാനസികവും, സാമൂഹികവുമായ ‘പാലായന’ത്തിന്റെ സൃഷ്ടിയാണ് ഉപനിഷത്തുക്കളും ബുദ്ധിസം പോലെയുള്ള ശ്രമണ പ്രസ്ഥാനങ്ങളും. തങ്ങളുടെ സ്വാസ്ഥ്യം തകര്‍ത്ത സമൂഹത്തെ ഇവര്‍ ദുഃഖമായി വ്യാഖ്യാനിക്കുകയും ദുഃഖത്തില്‍ നിന്നുള്ള ശാശ്വത മോചനമാര്‍ഗ്ഗങ്ങളും വിദ്യകളും ആവിഷ്‌കരിക്കുകയും ചെയ്തു. അതിനെ സംബന്ധിച്ച ആഖ്യാന വ്യവഹാരങ്ങളും അവര്‍ സൃഷ്ടിച്ചു. പ്രകൃതിയില്‍ നിന്ന് ചരിത്രത്തിലേക്കും നാഗരികതയിലേക്കുമുള്ള സംഘര്‍ഷഭരിതവും ക്ലേശകരവുമായ സഞ്ചാരപഥങ്ങളില്‍ കാലിടറി വീണ മനുഷ്യര്‍ ക്രമേണ സമൂഹപരാങ്മുഖരും, ജീവിത നിഷേധികളും, സമൂഹ നിര്‍ബ്ബാധിതരും, നിര്‍മ്മമരും, സ്ഥിതപ്രജ്ഞരും, ‘തത്ത്വ ദര്‍ശി’കളും ‘നിരുത്തരവാദികളുമായി മാറുകയാണ് ഉണ്ടായത്. അങ്ങനെയൊരാളാണ് നാഗാര്‍ജ്ജുന. തന്റെ സമകാലിക സമൂഹത്തില്‍നിന്ന് ഭാഷയുള്‍പ്പെടെ എടുക്കാവുന്നതെല്ലാം എടുക്കുകയും അത് നല്‍കിയ മനുഷ്യരെ അജ്ഞാനികള്‍ എന്നു പുച്ഛിക്കുകയും ചെയ്യുന്നത് നാഗാര്‍ജ്ജുന എന്ന വ്യക്തിയുടെ കുറ്റകരവും രോഗാതുരവുമായ നിരുത്തരവാദിത്വത്തെ മാത്രമേ സൂചിപ്പിക്കുന്നുള്ളൂ.

”തന്റെ ചുറ്റുപാടുകളോടും സാമൂഹിക സാഹചര്യങ്ങളോടും താന്‍ ജീവിച്ചിരുന്ന കാലത്തെ മൂല്യബോധത്തോടും നാരായണ ഗുരുവിന്റെ മനോഭാവം ഏറ്റവും വിശാലമായ അര്‍ത്ഥത്തില്‍ ഉപേക്ഷയുടേതായിരുന്നു” എന്ന് ഗുരുചിന്തനം പറയുന്നു (p.32). സമൂഹത്തില്‍ നിന്നു ‘തനിക്ക് എടുക്കാനൊന്നുമില്ല അവിടേയ്ക്ക് കൊടുക്കാനുമില്ല’ എന്ന് ഈ മനോഭാവത്തെ വിശേഷിപ്പിക്കുന്നു. എല്ലാക്കാലത്തും മനുഷ്യര്‍ അവരുടെ ശാരീരികവും മാനസികവുമായ ആവശ്യങ്ങള്‍ നിര്‍വ്വഹിക്കുന്നത് കായികവും ബൗദ്ധികവുമായ അധ്വാനത്തിലൂടെയാണ്. സന്യാസം സ്വീകരിച്ചതിനു ശേഷം നാരായണ ഗുരുവിന് ഭക്ഷണവും വസ്ത്രവും പാര്‍പ്പിടവും യാത്രാസൗകര്യവും നല്‍കിയത് മറ്റു മനുഷ്യരായിരുന്നു. ഈ വസ്തുക്കളോടും സൗകര്യങ്ങളോടും ‘ഉപേക്ഷാ’മനോഭാവം പുലര്‍ത്തിയിരുന്നെങ്കില്‍ അദ്ദേഹത്തിന് പൂര്‍ണ്ണനഗ്‌നനായി ഉപവസിക്കേണ്ടി വരുമായിരുന്നു. നാരായണഗുരുവിന്റെ ജീവിതത്തില്‍ അങ്ങനെയൊന്നും സംഭവിച്ചിട്ടില്ല. ഈ ഉപേക്ഷാ മനോഭാവം തനിക്കാവിശ്യമായ വസ്തുക്കളും സൗകര്യങ്ങളും നല്‍കിയ മനുഷ്യരോടായിരുന്നു എന്നാണോ വിവക്ഷിക്കുന്നത്? എങ്കില്‍ ആ ‘ഉപേക്ഷ’ ഒട്ടും ശ്ലാഘിക്കപ്പെടേണ്ടതല്ല. ‘സമൂഹത്തില്‍ നിന്ന് ഒന്നും എടുക്കാനില്ല’ എന്ന പ്രസ്താവന സാധൂകരിക്കപ്പെടണമെങ്കില്‍, അങ്ങനെ തിരിച്ചറിഞ്ഞ നിമിഷം മുതല്‍ നാരായണ ഗുരു സംസാരിക്കാനോ എഴുതാനോ പാടില്ലായിരുന്നു. കാരണം, മറ്റു മനുഷ്യര്‍ സൃഷ്ടിച്ച ഭാഷ കൊണ്ടാണ് നാരായണഗുരു സംസാരിക്കുകയും എഴുതുകയും ചെയ്തത്. ഭാഷയില്‍ നിന്ന് വാക്കും വ്യാകരണവും എടുക്കുക മാത്രമല്ല, അത് കൂടുതല്‍ പൊലിപ്പിച്ച് തിരിച്ച് കൊടുക്കുകയും ചെയ്തു. ഇത് നാരായണ ഗുരുവിന്റെ കാര്യത്തില്‍ മാത്രമല്ല, ഏതൊരു മനുഷ്യന്റേയും കാര്യത്തില്‍ ബാധകമായ ലളിതസത്യമാണ്. അപ്പോള്‍ തനിക്ക് ‘എടുക്കാനൊന്നുമില്ല അവിടേക്ക് കൊടുക്കാനുമില്ല’ എന്ന പ്രസ്താവനയിലൂടെ ഗുരുചിന്തനയുടെ കര്‍ത്താവ് പുതിയതായി ഒന്നും പറയുന്നില്ലെന്നു മാത്രമല്ല, ലോകസാധാരണമായ ലളിത നിയമങ്ങള്‍ക്കുമുന്നില്‍ ‘അജ്ഞത’ നടിച്ച് മഹത്വപ്പെടാനാഗ്രഹിക്കുകയും ചെയ്യുന്നു.

നിര്‍ബ്ബാധ്യതയും ഫാസിസവും
ഉപേക്ഷ കഴിഞ്ഞാല്‍ നാരായണഗുരുവിന്റെ അസ്തിത്വപരമായ എടുപ്പില്‍ കയറ്റി വയ്ക്കുന്ന രണ്ടാമത്തെ ഗുണം ‘നിര്‍ബ്ബാധ്യത’യാണ്. വൈരാഗ്യം, നിര്‍മ്മമത, സ്ഥിതപ്രജ്ഞത തുടങ്ങി അനേകം സംജ്ഞകളുണ്ട്, സന്യാസത്തിന്റെ പദാവലിയില്‍. അത് ആവര്‍ത്തിച്ചാല്‍ ‘മൗലികത’യുടേയും ‘നിസ്തുലത’യുടേയും പ്രതീതി സൃഷ്ടിക്കാനാവില്ലല്ലോ. ”ലോകം എങ്ങനെയോ ആയിക്കൊള്ളട്ടെ തനിക്കൊരു പ്രശ്‌നവുമില്ല എന്ന മനോഭാവമാണ്”, നിര്‍ബ്ബാധ്യതയെന്ന നിര്‍വചനവുമുണ്ട്. 2002-ലെ ഗുജറാത്തില്‍, ഒരു മുസ്ലീം ഗര്‍ഭിണിയുടെ വയറ് കുത്തിക്കീറി, ഗര്‍ഭസ്ഥശിശുവിനെ ത്രിശൂലത്തില്‍ കുത്തിനിര്‍ത്തിയ സംഭവം വാര്‍ത്തയായും ദൃശ്യമായും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. ഈ സംഭവത്താല്‍ ബാധിക്കപ്പെടാനാവാത്ത അവസ്ഥയിലെത്തുന്ന ഒരാള്‍, ഈ അപൗരുഷേയ കൃതിയുടെ കാഴ്ച്ചപ്പാടില്‍, വല്ലപ്പോഴും മാത്രം ഭൂമിയില്‍ ജനിക്കുന്ന മഹാജന്മമായിരിക്കും. ഈ സംഭവത്താല്‍ ബാധിക്കപ്പെടാതിരിക്കുന്നത്, അസ്വസ്ഥമാകാതിരിക്കുന്നത്, രോഷാകുലമാകാതിരിക്കുന്നത്, ഒരാളുടെ മാനവികതയുടെ ചോര്‍ച്ചയാണ്. ഈ മഹാപാതകം ചെയ്ത ഹിന്ദു ഫാസിസ്റ്റിനോടു കാണിക്കുന്ന ‘ഉപേക്ഷയും’ ‘നിര്‍ബ്ബാധ്യത’യും ഫാസിസ്റ്റ് മനോഭാവം തന്നെയാണ്. 2002-ല്‍ നാരായണഗുരു ജീവിച്ചിരുന്നുവെങ്കില്‍, അദ്ദേഹം ഒരു ഫാസിസ്റ്റായി പെരുമാറും എന്നാണ് ഈ ‘ഉപേക്ഷ-നിര്‍ബ്ബാധ്യത’ സിദ്ധാന്തം സ്ഥാപിക്കാന്‍ ശ്രമിക്കുന്നത്. നാരായണഗുരു എന്ന മനുഷ്യനോട് ഇതില്‍പ്പരമൊരു അനീതി ചെയ്യാനില്ല. യാജ്ഞവല്‍ക്യനും ഉദ്ദാലകനും മുതല്‍ നാഗാര്‍ജ്ജുനയും ഗൗഡപാദരും ശങ്കരാചാര്യരും രാമാനുജനും വരെയുള്ള തത്ത്വജ്ഞാനികള്‍ അവര്‍ക്ക് സമകാലികമായിരുന്ന ജാതി-വംശീയതയുടെ കൊടുംപാതകങ്ങള്‍ക്കു നടുവില്‍, ‘നിര്‍ബ്ബാധ്യത’യോടെയാണ് ജീവിച്ചത്. എന്നാല്‍ തന്റെ കാലത്തെ ജാതീയ അനീതികള്‍ നാരായണ ഗുരുവിനെ ബാധിക്കുന്നതേ ചെയ്തു. ‘എനിക്കൊരു പ്രശ്‌നവുമില്ല’ എന്ന മട്ടില്‍ തത്ത്വജ്ഞാനിയാകാന്‍ അദ്ദേഹം ശ്രമിച്ചിട്ടില്ല, മറിച്ച്, അതിനെതിരെ ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്തു. മനുഷ്യസഹജമായ വിഷാദഭാരത്താല്‍, ഗാണ്ഡീവം താഴെവീണ്, ‘രാജ്യവും വേണ്ട, അധികാരവും വേണ്ട’ എന്നു പറഞ്ഞ് യുദ്ധത്തില്‍ നിന്ന് പിന്മാറാനൊരുങ്ങിയ അര്‍ജ്ജുനനെ കൃഷ്ണന്‍ ഉപദേശിച്ചത്, ‘നിര്‍ബ്ബാധിതനായി’ ബന്ധുമിത്രാദികളെ എയ്തുവീഴ്ത്താനാണ്. ‘നിര്‍ബ്ബാധ്യത’ എങ്ങനെ ആര്‍ജ്ജിക്കും എന്ന ചോദ്യത്തിന് ‘ഫലം ഇച്ഛിക്കാതെ’ കൊല ചെയ്യുക എന്നതായിരുന്നു, കൃഷ്ണന്റെ മറുപടി. ‘നിര്‍ബ്ബാധ്യത’യുടെ ആദ്യസൈദ്ധാന്തികന്‍ കൃഷ്ണനാണെന്നു പറയാം. കുരുക്ഷേത്രയുദ്ധ ഭൂമിയില്‍ എത്ര തലകള്‍ തെറിച്ചാലും, എത്ര നിലവിളികള്‍ ഉയര്‍ന്നാലും, എത്ര കബന്ധങ്ങള്‍ ഉരുണ്ടാലും, എത്ര ചോര ഒഴുകിയാലും എനിക്കൊരു പ്രശ്‌നവുമില്ല എന്ന ഭാവത്തോടെ കര്‍മ്മം ചെയ്യാനാണ് അര്‍ജ്ജുനനെ കൃഷ്ണന്‍ ഉപദേശിച്ചത്. ഹിറ്റ്‌ലറുടെ വലംകൈയ്യായിരുന്ന ഹിംലര്‍ക്കും മോദിക്കും ഭഗവദ്ഗീത പ്രിയപ്പെട്ടതാകുന്നത്, അത് നിര്‍ബ്ബാധ്യതയുടെ സാരോപദേശമായതുകൊണ്ടാണ്. പക്ഷേ, നാരായണഗുരു ‘ഭഗവദ്ഗീത’യെ അംഗീകരിച്ചിട്ടില്ലെന്നു മാത്രമല്ല പല സന്ദര്‍ഭങ്ങളില്‍ അതിനെ പുച്ഛിച്ചിട്ടുമുണ്ട്.

ഡോ. പല്‍പ്പുവിനെ കണ്ടെത്തപ്പെടുന്നതുവരെ നാരായണഗുരുവിന്റെ ജീവിതം പ്രായേണ അജ്ഞാതവും ദിശാരാഹിതവും അവ്യവസ്ഥിതവും ശിഥിലവുമായിരുന്നു. ‘അവധൂത’ ജീവിതവും അതിന്റെ ‘ചിട്ടവട്ടങ്ങളും’ നാരായണഗുരുവില്‍ നിക്ഷേപിച്ചിരുന്നത് ‘സമൂഹപരാങ്മുഖ’മായ സ്വത്വമായിരുന്നു. അരുവിപ്പുറം ക്ഷേത്രയോഗത്തിന്റെ പ്രാദേശികാചാരങ്ങളില്‍ നിന്നും തദ്ദേശവാസികള്‍ ചാര്‍ത്തിയ ‘സിദ്ധ’ പദവികളില്‍ നിന്നും അടര്‍ത്തിയെടുത്ത്, ഈഴവജനതയുടേയും കേരളത്തിന്റേയും രാഷ്ട്രീയ പ്രബുദ്ധതയിലേക്ക് നാരായണഗുരുവിനെ എത്തിച്ചത് ഡോ. പല്‍പ്പുവാണ്. ഈ പറിച്ചുനടല്‍, അഥവാ, സ്വന്തം ഭൂതകാലത്തില്‍ നിന്നുള്ള വിടുതല്‍, നാരായണഗുരുവിനെ മനഃശാസ്ത്രപരമായ അഗാധ സംഘര്‍ഷങ്ങള്‍ക്കു വിധേയനാക്കി. എസ്.എന്‍.ഡി.പി എന്ന ലൗകിക സംഘടനയുടെ പ്രസിഡന്റാകുന്നതോടെ, അതുവരെ നാരായണഗുരുവിന്റെ ബോധപൂര്‍വ്വവും ഇച്ഛാപൂര്‍വ്വവുമായിരുന്ന ‘സന്യാസ-അദ്വൈത സ്വത്വം’, ‘അബോധ-അനൈച്ഛിക സ്വത്വ’മായി പരിണമിക്കുകയാണുണ്ടായത്. അദ്വൈതാവിഷ്‌കാരങ്ങളെന്ന് പില്‍ക്കാലത്ത് വ്യാഖ്യാനിക്കപ്പെട്ട കൃതികള്‍, വാസ്തവത്തില്‍, നാരായണഗുരു തന്റെ പുതിയ ‘രാഷ്ട്രീയ-പ്രക്ഷോഭസ്വത്വം’ കൊണ്ട് റദ്ദാക്കിക്കൊണ്ടിരുന്ന ‘അബോധസ്വത്വ’ത്തിന്റെ മിന്നായങ്ങള്‍ മാത്രമാണ്.

സാമൂഹ്യ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കുകയും ചുറ്റുമുള്ളവരുമായി സജീവമായ സമ്പര്‍ക്കങ്ങളിലേര്‍പ്പെടുകയും ചെയ്യുമ്പോഴും, അവയോടുള്ള നാരായണഗുരുവിന്റെ മനോഭാവം, നിര്‍ബ്ബാധ്യതയുടേതായിരുന്നു എന്ന പ്രസ്താവന ശരിയായിരുന്നുവെങ്കില്‍, ഈ പങ്കാളിത്തവും സമ്പര്‍ക്കവും തികച്ചും ‘ബാഹ്യ’വും ‘യാന്ത്രി’കവുമായിരിക്കണം. അതായത്, ഒരു ‘സാമൂഹ്യസംഭവ’ത്തില്‍ പങ്കെടുക്കുന്ന നാരായണ ഗുരു, അങ്ങനെ ‘പങ്കെടുക്കുന്നതായി അഭിനയിക്കുക’ മാത്രമാണ് ചെയ്യുന്നതെങ്കില്‍, പ്രസ്തുത സംഭവത്തിലെ പങ്കാളിത്തം നാരായണഗുരുവിനെ സംബന്ധിച്ചിടത്തോളം നിര്‍ബ്ബാധിതമായിരിക്കും. പ്രസ്തുത സംഭവത്തോട് നേരത്തെതന്നെ അനുഭാവമില്ലാതിരിക്കുകയും മറ്റാരെയെങ്കിലും ബോധിപ്പിക്കുന്നതിനോ പ്രീണിപ്പിക്കുന്നതിനോ മറ്റാര്‍ക്കെങ്കിലും അപ്രിയമുണ്ടാക്കാതിരിക്കുന്നതിനോ വേണ്ടി, പങ്കാളിത്തത്തിന്റെ പ്രതിച്ഛായ സൃഷ്ടിക്കാം. സംഭവത്തില്‍ പങ്കെടുക്കുമ്പോള്‍ തന്നെ ആത്മനിഷ്ഠമായി അകന്നു നില്‍ക്കാനും കഴിയും. ആ പങ്കാളിത്തം അദ്ദേഹത്തെ ബാധിക്കുന്നില്ല. എന്നാല്‍, താന്‍ കൂടി പങ്കെടുക്കുന്ന ഒരു സംഭവത്തിന്റെ പ്രത്യാഘാതം, നാരായണഗുരു ഉള്‍പ്പെടെ അതിലെ പങ്കാളികളുടെ ഇഷ്ടാനിഷ്ടങ്ങള്‍ക്കപ്പുറത്താണ്. ‘സംഭവ’ത്തിന്റെ ഫലമായി സൃഷ്ടിക്കപ്പെടുന്ന പുതിയ സംഭവം അഥവാ പുതിയ സാമൂഹ്യസന്ദര്‍ഭത്തിന്റെ പ്രഭാവ-പ്രവാഹത്തില്‍ നിന്ന് ആര്‍ക്കും ഒഴിഞ്ഞുനില്‍ക്കാനാവില്ല. വ്യക്തിയുടെ ആത്മനിഷ്ഠമായ ഇച്ഛകള്‍ക്കും, അനൈച്ഛികതകള്‍ക്കുമിടയിലൂടെയും മുകളിലൂടെയും അത് പ്രവഹിക്കുകതന്നെ ചെയ്യും.

1904-ല്‍ കൊല്ലത്തു നടന്ന എസ്.എന്‍.ഡി.പി. യുടെ രണ്ടാം വാര്‍ഷികം ഉദ്ഘാടനം ചെയ്തത് നാരായണഗുരുവായിരുന്നു. കൊല്ലത്തേയ്ക്കുള്ള യാത്ര, സമ്മേളന നഗരിയിലേക്കുള്ള സ്വീകരണം, സമ്മേളനത്തിലെ പ്രസംഗം, ഇതര പ്രസംഗങ്ങള്‍, അവിടെ നടന്ന ‘വ്യവസായ മേള’ തുടങ്ങിയ സംഭവങ്ങള്‍ നാരായണഗുരുവിനെ ആത്മനിഷ്ഠമായി ‘ബാധിച്ചില്ല’ എന്നു വാദത്തിനു വേണ്ടി സമ്മതിക്കുക. എസ്.എന്‍.ഡി.പി. നേതാക്കള്‍ നിര്‍ബന്ധിച്ചതുകൊണ്ടുമാത്രം കൊല്ലത്തു പോയി ഉദ്ഘാടനം നിര്‍വ്വഹിച്ചു എന്നു വിചാരിക്കുക. എങ്കില്‍, നിര്‍ബ്ബാധ്യതയോടെ ഉദ്ഘാടനം നിര്‍വ്വഹിച്ച്, നിര്‍ബ്ബാധ്യതയോടെ ‘വ്യവസായ മേള’ സന്ദര്‍ശിച്ച് മടങ്ങാന്‍ കഴിയുമായിരുന്നു. അങ്ങനെയൊക്കെ മറ്റുള്ളവര്‍ക്കുമുന്നില്‍, ‘അഭിനയിക്കുക’യായിരുന്നുവെങ്കില്‍, നാരായണഗുരു ഒരു വലിയ ‘കാപട്യക്കാര’നായിരുന്നുവെന്ന് പറയേണ്ടി വരും. പക്ഷേ, കൊല്ലത്തെ രണ്ടാം വാര്‍ഷിക സമ്മേളനത്തെത്തുടര്‍ന്ന് പൊട്ടിപ്പുറപ്പെട്ട ‘നായരീഴവ ലഹള’ തികച്ചും അപ്രതീക്ഷിതമായിരുന്നു. കൊല്ലത്തുതന്നെ തുടര്‍ന്നും താമസിച്ചിരുന്നുവെങ്കില്‍ നാരായണഗുരുവിനും ഒരുപക്ഷേ, അടികിട്ടുമായിരുന്നു. നായരീഴവലഹള, അതുവരെ സവര്‍ണ്ണര്‍ക്കു മുന്നില്‍ വിധേയത്വം പുലര്‍ത്തിപ്പോന്ന കൊല്ലത്തെ ഈഴവരെയാകെ മാറ്റിത്തീര്‍ത്തു. മഴയത്തുപോലും സവര്‍ണ്ണരെക്കണ്ടാല്‍ കുടമടക്കി ഓച്ഛാനിച്ചുനില്‍ക്കുമായിരുന്നു ഈഴവര്‍, സവര്‍ണ്ണന്റെ കുട ബലം പ്രയോഗിച്ച് മടക്കിച്ച് തങ്ങള്‍ക്കുമുന്നില്‍ ഓച്ഛാനിച്ച് നില്‍ക്കുന്ന രീതിയിലേയ്ക്ക് ‘ഈഴവസ്വാഭിമാനം’ വളര്‍ന്നു. ഇതൊന്നും ആരും മുന്‍കൂട്ടി ആസൂത്രണം ചെയ്തതല്ല. തികച്ചും അപ്രവചനാത്മകമായ സംഭവങ്ങളില്‍ നിന്ന് ഭ്രാന്തരല്ലാത്ത ആര്‍ക്കും ഒഴിഞ്ഞുനില്‍ക്കാനാവില്ല. നായരീഴവലഹള എങ്ങനെയൊക്കെ നാരായണഗുരുവിനെ അഗാധമായി ബാധിച്ചിരുന്നുവെന്ന് മനസ്സിലാക്കാന്‍ അതേക്കുറിച്ച് അദ്ദേഹം നടത്തിയിട്ടുള്ള അഭിപ്രായങ്ങള്‍ ശ്രദ്ധിച്ചാല്‍മതി. ഇങ്ങനെയൊക്കെയുള്ള പ്രതികരണങ്ങള്‍ക്കു നടുവിലും നിര്‍ബ്ബാധിതനായിരുന്നുവെങ്കില്‍, പ്രതികരണങ്ങള്‍ അഭിനയമായിരുന്നിരിക്കണം. തന്റെ കൂടി ‘സ്വാഭിമാന’ത്തെ ആഴത്തില്‍ ബാധിക്കുന്ന ഒരു പ്രശ്‌നത്തില്‍ നിര്‍ബ്ബാധ്യത മനോഭാവം പുലര്‍ത്തുന്നുവെങ്കില്‍ അത്തരമൊരാള്‍ ‘മിഥ്യ’യുടെ പടുകുഴിയില്‍ പതിച്ചിരിക്കണം. അത് മുഴുഭ്രാന്താണ്. 1904-ലെ വൈദ്യശാസ്ത്രനിലവെച്ചുനോക്കിയാല്‍ ചികിത്സിച്ച് ഭേദമാക്കാനാവാത്തവിധം മനോരോഗിയായിരുന്നെങ്കില്‍ മാത്രമേ, നാരായണഗുരുവിന് നിര്‍ബ്ബാധിതനായിരിക്കാന്‍ കഴിയുമായിരുന്നുള്ളൂ.

വളരെ ബാലിശമായ ‘ന്യൂനീകരണ’മാണെന്നായിരിക്കും പ്രതിവാദം. ഒരു വ്യക്തിക്ക് ‘നിര്‍ബ്ബാധിതമായ മനോഭാവം’ പുലര്‍ത്താം എന്ന പ്രസ്താവനയെ ‘സത്യ’മെന്ന് പൂര്‍വ്വകല്‍പ്പന ചെയ്യുന്നതുകൊണ്ടാണ്, അതിനെതിരായ വിമര്‍ശനം ന്യൂനീകരണം എന്നു തോന്നുന്നത്. സമൂഹത്തില്‍ ജീവിക്കുന്ന നോര്‍മല്‍ വ്യക്തികള്‍ക്ക് ‘നിര്‍ബ്ബാധ്യത’ എന്ന മനോനിലയില്‍ ജീവിക്കാന്‍ കഴിയുമോ? ‘നിര്‍ബ്ബാധ്യത’യെ സാധ്യമാക്കുന്ന സാഹചര്യങ്ങളും ഉപാധികളും – മനഃശാസ്ത്രപരവും സാമൂഹ്യവും – എന്തൊക്കെയാണ്? ‘നിര്‍ബ്ബാധ്യത’ ആര്‍ജ്ജിക്കുന്നതിന് വ്യക്തി, സ്വയം വിധേയമാകേണ്ട പരിശീലനങ്ങള്‍ – ചിട്ടവട്ടങ്ങള്‍ – എന്തൊക്കെയാണ്? ഇത്തരം പരിശീലനപദ്ധതികള്‍ക്കു സ്വയം വിധേയനാകുമ്പോഴും വ്യക്തിക്ക് ‘നിര്‍ബ്ബാധിത’നായിരിക്കാന്‍ കഴിയുമോ? നിര്‍ബ്ബാധിതമായ അവസ്ഥയില്‍ നടത്തുന്ന പരിശീലനങ്ങള്‍ – ധ്യാനം, പ്രാര്‍ത്ഥന, പട്ടിണി, ബ്രഹ്മചര്യം, യോഗ – എങ്ങനെയൊക്കെയാണ് വ്യക്തിയുടെ ആത്മനിഷ്ഠതയെ ബാധിക്കുന്നത്? പരിശീലനങ്ങളിലൂടെ കടന്നുപോകുന്ന വ്യക്തിയുടെ ആത്മനിഷ്ഠത ഏതൊക്കെ തരത്തില്‍ പുനരനുശീലനങ്ങള്‍ക്കു വിധേയമാകുന്നു? ഇത്തരം ചോദ്യങ്ങള്‍ക്കുത്തരം കണ്ടെത്തിക്കൊണ്ടുമാത്രമേ ‘നിര്‍ബ്ബാധ്യത’ എന്ന സംജ്ഞയ്ക്ക് നിലനില്‍ക്കാന്‍ കഴിയൂ. അല്ലാത്തപക്ഷം, അത് അര്‍ത്ഥശൂന്യമായ ഒരു ‘പദം’ മാത്രമായി അവശേഷിക്കും. അതുയര്‍ത്തിയ വ്യക്തിയുടെ ശറശീ്യെിരൃമര്യയുടെ പൊള്ളത്തരത്തെ സൂചിപ്പിക്കുന്ന ഒരു പദമായിരിക്കും ‘നിര്‍ബ്ബാധ്യത’.

(തുടരും)
* സന്യാസത്തിന്റെ ആത്മീയ അധികാരം, മണ്ഡനമിശ്രന്റെ തത്ത – രണ്ടാം ഭാഗത്തില്‍

 

Related