October 14 Wednesday 2026

മോദിയുടെ വിദേശ യാത്രയും നാടുകടക്കുന്ന വിദേശ മൂലധനവും

ഇന്ത്യന്‍ പ്രധാനമന്ത്രി കഴിഞ്ഞ ഒമ്പത് വര്‍ഷക്കാലയളവില്‍ 73 രാജ്യങ്ങള്‍ സന്ദര്‍ശിച്ചുവെന്ന് ഔദ്യോഗിക രേഖകള്‍. പ്രധാനമന്ത്രി നരേന്ദ്ര മോദി സന്ദര്‍ശിച്ച രാജ്യങ്ങളെല്ലാം അദ്ദേഹത്തിന് ഔദ്യോഗിക ബഹുമതികളും ആദരവും നല്‍കിയെന്ന് ഗോദി മീഡിയകള്‍.

ഇന്ത്യ ലോകത്തിലെ നാലാമത്തെ സാമ്പത്തിക ശക്തിയായി മാറിക്കഴിഞ്ഞുവെന്നും ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച ദ്രുതഗതിയിലുള്ളതാണെന്നും സംഘി അര്‍ത്ഥശാസ്ത്രികള്‍. നയ സ്ഥിരത, കറന്‍സി നിയന്ത്രണം എന്നിവയിലും രാജ്യം മുന്‍കാലത്തേക്കാള്‍ മെച്ചപ്പെട്ട അവസ്ഥ കൈവരിച്ചുവെന്നും അവര്‍ ഘോഷിച്ചു. ഇന്ത്യയില്‍ നിക്ഷേപം നടത്താന്‍ വിദേശ കമ്പനികള്‍ ക്യൂവിലാണെന്ന് പറയാന്‍ പോലും അവര്‍ക്ക് മടിയുണ്ടായില്ല.

രാജ്യത്തെ റിസര്‍വ്വ് ബാങ്ക് പുറത്തുവിടുന്ന കണക്കുകള്‍ പക്ഷേ ഗോദി മീഡിയയും സംഘപരിവാര്‍ അര്‍ത്ഥശാസ്ത്രികളും പറയുന്നതില്‍ നിന്നും തികച്ചും ഭിന്നമായ ചില വസ്തുതകളാണ് ചൂണ്ടിക്കാണിക്കുന്നത്. അതില്‍ ഏറ്റവും പ്രധാനം വിദേശ മൂലധനം രാജ്യത്തിനകത്തേക്കല്ല, മറിച്ച് പുറത്തേക്കാണ് ഒഴുകിക്കൊണ്ടിരിക്കുന്നത് എന്നതാണ്.

ഇതോടൊപ്പം കൊടുത്തിരിക്കുന്ന ചാര്‍ട്ട് ശ്രദ്ധിക്കുക. 2000 മുതല്‍ 2025 വരെയുള്ള രണ്ടരപ്പതിറ്റാണ്ട് കാലയളവിലെ വിദേശ മൂലധന ഒഴുക്ക് സംബന്ധിച്ച ചാര്‍ട്ടാണത്. അതില്‍ 2013നും 2017നും ഇടയിലുള്ള ചെറിയൊരു കാലയളവ് മാറ്റി നിര്‍ത്തിയാല്‍ വിദേശ മൂലധന ഒഴുക്കില്‍ കാര്യമായ വര്‍ധനവൊന്നും കാണാന്‍ കഴിയില്ല. എന്നുമാത്രമല്ല 2017 മുതല്‍ക്കിങ്ങോട്ട് വിദേശ മൂലധന നിക്ഷേപം സ്ഥിരതയോടെ താഴേക്ക് പതിക്കുന്നതായും കാണാന്‍ കഴിയും.

ഇന്ത്യയില്‍ ബിസിനസ് ചെയ്യാനുള്ള അന്തരീക്ഷം വര്‍ധിച്ചുവരികയാണെന്നും, മോദിയുടെ ഈസ് ഓഫ് ഡൂയിംഗ് ബിസിനസ്സ് നയം വിദേശ നിക്ഷേപകര്‍ക്ക് കൂടുതല്‍ അനുകൂല സാഹചര്യം സൃഷ്ടിച്ചുവെന്നും വീമ്പു പറയുന്നതിനിടയ്ക്കാണ് റിസര്‍വ്വ് ഡാറ്റ, ആഗോള നിക്ഷേപകര്‍ പിറകോട്ട് വലിയുകയാണെന്ന ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ നല്‍കുന്നത്.

ഇന്ത്യയിലേക്കുള്ള വിദേശ നിക്ഷേപം പതിറ്റാണ്ടുകളിലെ ഏറ്റവും താഴ്ന്ന നിലയിലേക്ക് താഴ്ന്നുവെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ‘സ്റ്റിക്കി ക്യാപിറ്റല്‍’ എന്ന് വിശേഷിപ്പക്കപ്പെടുന്ന ദീര്‍ഘകാല നേരിട്ടുള്ള വിദേശ നിക്ഷേപം പോലും രാജ്യം വിടുകയാണെന്നാണ് വാര്‍ത്തകളില്‍ നിന്ന് മനസ്സിലാക്കാന്‍ കഴിയുന്നത്. ആഗോള മൂലധന പ്രവാഹത്തില്‍ത്തന്നെ സംഭവിച്ചിരിക്കുന്ന മാന്ദ്യമാണ് ഈ പ്രതിഭാസത്തിന് കാരണമെന്നും വിദേശ മൂലധന നിക്ഷേപം പുറത്തേക്ക് ഒഴുകുന്നത് ആഭ്യന്തര മൂലധന നിക്ഷേപത്തെ ത്വരിതപ്പെടുത്തുമെന്നും ഒക്കെയുള്ള വാദമാണ് പുതുതായി ഉന്നയിക്കുന്നത്.

 

 

 

Related