August 9 Sunday 2026

എഥനോൾ: ഒരു സാങ്കേതിക പ്രശ്നമല്ല; രാജ്യത്തിൻ്റെ ഭക്ഷ്യ സുരക്ഷയുമായി ബന്ധപ്പെട്ട പ്രശ്നം കൂടിയാണ്

എഥനോള് കലര്ത്തിയ പെട്രോള് -E20- സംബന്ധിച്ച പ്രശ്‌നം വാഹനങ്ങളുടെ എഞ്ചിന്റെ ആയുസ്സുമായി ബന്ധപ്പെട്ട സാങ്കേതിക പ്രശ്‌നം എന്ന നിലയിലാണ് രാജ്യത്തെ പ്രതിപക്ഷ രാഷ്ട്രീയ പാര്ട്ടികളും മറ്റ് സംഘടനകളും മാധ്യമങ്ങളും അവതരിപ്പിച്ചുകൊണ്ടിരിക്കുന്നത്.
അതിന് പിന്നിലെ പ്രധാന കാരണം, അത് രാജ്യത്തെ മധ്യവര്ഗ്ഗ വിഭാഗങ്ങളുമായി നേരിട്ട് ബന്ധപ്പെടുന്ന പ്രശ്‌നമാണ് എന്നതാണ്.
അതേസമയം, എഥനോള് ഉത്പാദനത്തിന്റെ ദീര്ഘകാല സാമൂഹിക ചെലവുകളെക്കുറിച്ചോ അത് സൃഷ്ടിക്കാനിരിക്കുന്ന പാരിസ്ഥിതിക പ്രശ്‌നങ്ങളെക്കുറിച്ചോ ചര്ച്ച ചെയ്യാന് അധികമാരും ശ്ര്ദ്ധിക്കുന്നില്ലെന്നതാണ് സത്യം.
ഇന്നലെ ഹിന്ദുസ്ഥാന് ടൈംസില് വന്ന ഈ വാര്ത്ത കാണുക.
എഥനോള് ഉത്പാദനത്തിനായി സ്വകാര്യ കമ്പനികള്ക്ക് ഫുഡ് കോര്പ്പറേഷന് ഓഫ് ഇന്ത്യ അരി വിറ്റത് 40 ശതമാനം വിലക്കുറവിലാണ് എന്നാണ് രാജ്യസഭയിലെ ചോദ്യത്തിനുള്ള മറുപടിയായി എഴുതി നല്കിയിരിക്കുന്നത്. ക്വിന്റലിന് ശരാശരി വില 3720-3889 രൂപ വിലയുള്ള അരിയാണ് 2,250-2,320 രൂപയ്ക്ക് വിറ്റതെന്നാണ് മന്ത്രി സമ്മതിച്ചിരിക്കുന്നത്.
ഈ വിലയ്ക്ക്, കഴിഞ്ഞ ഒരു വര്ഷത്തിനുള്ളില് 6 ദശലക്ഷം ടണ് അരിയാണ് ഇന്ത്യയുടെ ഭക്ഷ്യധാന്യ കോര്പ്പറേഷന് സ്വകാര്യ കമ്പനികള്ക്ക് വിറ്റിരിക്കുന്നത്. ഗഡ്കരീ പുത്രന്റേതടക്കമുള്ള സ്വകാര്യ കമ്പനികളാണ് ഇതിന്റെ ഗുണഭോക്താക്കള് എന്നത് മറ്റൊരു സത്യം. ഇന്ധന മിശ്രിതം കേവലം 20ശതമാനം മാത്രമായി നിലനിര്ത്തിയിരിക്കുന്ന അവസരത്തിലാണ് ഇത് എന്നുകൂടി ഓര്ക്കണം. 85 ശതമാനം എഥനോള് മിശ്രിത ഇന്ധനം (E85) ഉത്പാദിപ്പിക്കുക എന്നതാണ് സര്ക്കാരിന്റെ ലക്ഷ്യം എന്നുകൂടി പറയുന്നു.
രാജ്യത്തെ എഥനോള് ഉത്പാദനം ക്രമാതീതമായി വര്ധിക്കുമ്പോള് നിര്ബന്ധമായും സംഭവിക്കാവുന്ന സാമൂഹിക ചെലവുകളെ (social cost) സംബന്ധിച്ച് കാര്യമായ പഠനങ്ങളൊന്നും തന്നെ നടന്നിട്ടില്ല എന്നത് ഗൗരവമായ കാര്യമാണ്. ഇന്ത്യ പോലുള്ള വന്തോതില് ജലക്ഷാമമുള്ള ഒരു രാജ്യത്ത് നെല്ല്, കരിമ്പ് തുടങ്ങിയ വെള്ളം കുടിക്കുന്ന വിളകളുടെ ഉത്പാദനം പ്രോത്സാഹിപ്പിക്കുന്നതിന്റെ സാമൂഹിക ചെലവും വിലയിരുത്തപ്പെട്ടിട്ടില്ല. എന്നുമാത്രമല്ല, എഥനോള് ഉല്പാദനത്തിനായി ഭക്ഷ്യധാന്യങ്ങള് തിരിച്ചുവിടുന്നത് ഭക്ഷ്യസുരക്ഷയെ അപകടത്തിലാക്കുകയും ഭക്ഷ്യവസ്തുക്കളുടെ വില വര്ദ്ധിപ്പിക്കുകയും ഇതിനകം പിന്നാക്കം നില്ക്കുന്നവരെ പ്രതികൂലമായി ബാധിക്കുകയും ചെയ്യും എന്നതും സുപ്രധാനമായ സംഗതിയാണ്.
2050 ആകുമ്പോഴേക്കും ഇന്ത്യയുടെ ജനസംഖ്യ ഏകദേശം 1.7 ബില്യണ് ആയി ഉയരുമെന്ന് പ്രതീക്ഷിക്കുന്നത്. ലോകത്തിലെ ഏറ്റവും വലിയ ജനസംഖ്യയുടെ ഭക്ഷ്യ ആവശ്യങ്ങള് നിറവേറ്റുന്നതിന്, ഇന്ത്യ ഭക്ഷ്യ ഉല്പാദനം പല മടങ്ങ് വര്ദ്ധിപ്പിക്കേണ്ടതുണ്ട് – 2024-25-ല് 354 ദശലക്ഷം ടണ്ണില് നിന്ന് 2050 ആകുമ്പോഴേക്കും ഏകദേശം 480 ദശലക്ഷം ടണ്ണായി മാറുമെന്നാണ് കണക്കാക്കപ്പെടുന്നത്. എഥനോള് ഉത്പാദനം നിലനിര്ത്താന് ഭാവിയില് ഇന്ത്യയില് മിച്ച ഭക്ഷ്യധാന്യങ്ങള് ലഭ്യമാകുമോ എന്നതാണ് ചോദ്യം.
നിലവില് ഇന്ത്യയിലെ മധ്യവര്ഗ്ഗ വിഭാഗത്തിന്റെ താല്പ്പര്യത്തെ ഹനിക്കുന്നവയല്ല ഈ വിഷയങ്ങളെന്നതുകൊണ്ടുതന്നെ ആ ചോദ്യങ്ങള് ഉയര്ത്താന് പ്രതിപക്ഷ രാഷ്ട്രീയ പാര്ട്ടികളും തയ്യാറല്ല എന്നാണ് തോന്നുന്നത്.

See less

Related