.
സി.കെ ജാനുവിൻ്റെയും ജനാധിപത്യ രാഷ്ട്രീയ പാർട്ടി ജെ ആർ എസ്സിന്റെയും യു ഡി എഫ് പ്രവേശനം കേരളത്തിൻ്റെ മുന്നണി രാഷ്ട്രീയം ഇന്നേവരെ ഉൾകൊള്ളാതെ പുറത്തു നിർത്തിയ ദലിത് ആദിവാസി സമൂഹത്തെക്കൂടി ഉൾച്ചേർത്തു കൊണ്ട് ജനാധിപത്യവത്കരിക്കപ്പെടുന്നതിൻ്റെ തുടക്കമാണ്.ഹിന്ദുത്വ ഫാസിസ്റ്റ് മുന്നണി വിട്ട് മതേതര രാഷ്ടിയ പക്ഷത്തേക്കു വന്ന സി കെ ജാനുവിൻ്റെ നിലപാട് ശ്ലാഘനീയമാണ്.
ദലിത് ആദിവാസി വിഭാഗങ്ങൾ കഴിഞ്ഞ അഞ്ചു പതിറ്റാണ്ടുകളായി ഭൂമി, വിഭവം, വികസനം, അധികാര പങ്കാളിത്തം തുടങ്ങിയ പ്രശ്നങ്ങളും ഇടത് വലത് മുന്നണികളുടെ ഭരണനടപടികൾ ദലിതരുടെ വികസന സാധ്യതകളെ അട്ടിമറിച്ചതും പ്രശ്നവത്കരിച്ചു കൊണ്ടാണ് കേരളത്തിൽ പ്രവർത്തിക്കുന്നത്. ഇരുമുന്നണികളുടെ മുമ്പിലും ദലിത് സംഘടനകളും ആക്ടിവിസ്റ്റുകളും ഈ പ്രശ്നങ്ങൾ ഉന്നയിച്ചിട്ടുണ്ടെങ്കിലും മുന്നണി നേതൃത്വങ്ങളുടെ സവർണ സമ്പന്ന താല്പര്യങ്ങളാൽ അവഗണിക്കപ്പെടുകയാണുണ്ടായത്.
ഇന്ന് കേരളത്തിലെ ദലിത് സമൂഹത്തിൽ നിന്നും രാഷ്ട്രീയ നേതാക്കളും സാമൂഹിക സാംസ്കാരിക പ്രവർത്തകരും എഴുത്തുകാരും അക്കാദമിഷ്യൻമാരും ഉണ്ടെങ്കിലും രാഷ്ട്രീയ പാർട്ടികൾ അധികാര പങ്കാളിത്തത്തിൽ ഒട്ടും പരിഗണിക്കുന്നില്ല.
മറ്റ് സംസ്ഥാനങ്ങളിൽ അധികാര സ്ഥാനത്തും ഉദ്യോഗ പദവികളിലും ദലിതർ വലിയ പ്രാതിനിധ്യം നേടുമ്പോൾ / പുരോഗമന സാക്ഷര കേരളം അവരെ അകറ്റി നിർത്തുന്നതിലാണ് ശ്രദ്ധിക്കുന്നത്. അധികാര പങ്കാളിത്തം തന്നെയാണ് ദലിത് പ്രശ്നങ്ങൾക്ക് പരിഹാരം.ഇന്ത്യൻ രാഷ്ട്രിയം ഫാസിസ്റ്റ് സമഗ്രാധിപത്യത്തിൻ്റെ അപകട സന്ധിയിലൂടെ കടന്നു പോവുകയും അതേ പ്രവണതകൾ ഫെഡറൽ പൊളിറ്റിക്സിനെയും സ്വധീനിക്കുന്ന പ്രതിസന്ധി ഘട്ടത്തിൽ ഇന്ത്യയിലാകെ ശക്തിപ്പെട്ടുവരുന്ന അംബേദ്ക്കറൈറ്റ്- ഭരണഘടനാ രാഷ്ടിയത്തിൻ്റെ ശകതമായ സ്വാധീനം സി കെ ജാനുവിൻ്റെ രാഷ്ടിയ സ്വീകാര്യതക്ക് കാരണമായിട്ടുണ്ടെന്നത് പോസിറ്റീവായ ഘടകമാണ്.
ദലിത് – ആദിവാസി ജനതയുടെ രാഷ്ട്രീയ വിഭവ ശേഷിയെ ക്രിയാത്മകമായി വിനിയോഗിക്കാതെ കേരളത്തിൻ്റെ ജനാധിപത്യ രാഷ്ട്രീയത്തിന് ഇനി മുന്നോട്ട് പോവുക സാധ്യമല്ല. പ്രാതിനിധ്യം ഒരു അലങ്കാരവും നാട്യവുമാവുന്നതിനപ്പുറം അടിസ്ഥാന ജനതയുടെ സമ്പന്നമായ സാസ്കാരികവും ഭൗതികവുമായ മൂല്യങ്ങളെ സ്വീകരിക്കുകയാണു വേണ്ടത്. മനുഷ്യൻ മണ്ണ്, പ്രകൃതി , സാമൂഹ്യ സാമ്പത്തിക ജീവിതം എന്നിവയേക്കുറിച്ചെല്ലാമുള്ള ജൈവ രാഷ്ട്രീയത്തെ
ഉൾക്കൊള്ളുന്നതിലൂടെ മാത്രമേ നവോത്ഥാനന്തര കേരളത്തെ ഗ്രസിച്ച് കൊണ്ടിരിക്കുന്ന ജാതി വർഗീയ ധ്രുവീകരണത്തിന്റെയും കോർപ്പറേറ്റ് വത്ക്കരണത്തിന്റെയും അപകടങ്ങളിൽ നിന്ന് കേരളത്തിൻറെ രാഷ്ട്രീയത്തെ വീണ്ടെടുക്കുവാൻ സാധിക്കുകയുള്ളൂ.
കേരള രാഷ്ട്രീയം പിന്തുടരുന്ന യാഥാസ്ഥിതികമായ നയങ്ങളും പരിപാടികളും കാലാനുസൃതമായി തിരുത്താനും നവ ജനാധിപത്യ വീക്ഷണങ്ങളെ ഉൾകൊള്ളുകയും അംബേദ്കറേറ്റ് രാഷ്ട്രീയം ഉയർത്തുന്ന സാമൂഹിക ജനാധിപത്യത്തിന്റെയും സാമ്പത്തികമായ നവീകരണത്തിന്റെയും നയങ്ങളെയും നിലപാടുകളെയും പാർട്ടി പരിപാടികളുടെ അജണ്ടകളായി മാറ്റുവാനും അധികാരത്തിന്റെ ഉയർന്ന തലങ്ങളിൽ അഥവാ ഭരണ നിർവഹണ തലങ്ങളിൽ ജനാധിപത്യപരമായ പങ്കാളിത്തം ഉറപ്പുവരുത്തുന്ന അഴിച്ചു പണിക്കും ഇനിയും വൈകരുതെന്നുമുള്ള കാലഘട്ടത്തിൻ്റെ രാഷ്ട്രീയത്തെ കേരളീയ പൊതു സമൂഹം പിന്തുണക്കുകയാണ് വേണ്ടത്.
ജെ ആർ എസ്സിന്റെ പ്രവേശനത്തിലൂടെ സമാനമായ രാഷ്ട്രീയ മുന്നേറ്റങ്ങളെയും പരിവർത്തനോന്മുഖമായ ആശയധാരകളെയും കൂടുതൽ ഉൾക്കൊണ്ടുകൊണ്ട് മുന്നോട്ടുപോകാൻ കേരളത്തിനു കഴിയും എന്ന പ്രതീക്ഷയാണ് നൽകുന്നത്.
( കടപ്പാട് – കെ അബുജാക്ഷന്റെ ഫേസ്ബുക്ക് പോസ്റ്റ് )
