രാജ്യതലസ്ഥാനത്ത് പ്രതിഷേധങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കെ, ജന്തർ മന്തറിൽ വിലക്ക് മറികടന്ന് മിന്നൽ പ്രതിഷേധവുമായി കോക്ക്റോച്ച് ജനതാ പാർട്ടി (സി.ജെ.പി). കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടും വോട്ടർപട്ടികയുടെ പ്രത്യേക തീവ്ര പരിഷ്കരണമായ എസ്.ഐ.ആറിനെതിരെയും പ്രതിഷേധിച്ച സി.ജെ.പി നേതാക്കളെ ഡൽഹി പൊലീസ് കസ്റ്റഡിയിലെടുത്തു. സൗരവ് ദാസ്, അശുതോഷ് റാങ്ക തുടങ്ങിയ നേതാക്കളാണ് പ്രതിഷേധത്തിൽ പങ്കെടുത്തത്.
ജന്തർ മന്തറിൽ പ്രതിഷേധത്തിന് അനുമതി നിഷേധിക്കപ്പെട്ട സാഹചര്യത്തിലായിരുന്നു സി.ജെ.പിയുടെ അപ്രതീക്ഷിത നീക്കം. ദേശീയ പതാകയുമായി എത്തിയ പ്രവർത്തകർ പൊലീസ് ബാരിക്കേഡുകൾ മറികടന്ന് പ്രതിഷേധം ആരംഭിക്കുകയായിരുന്നു. പ്രതിഷേധത്തിന് നേതൃത്വം നൽകിയ നേതാക്കൾക്കെതിരായ പൊലീസ് നടപടിയും സംഭവത്തിന്റെ ദൃശ്യങ്ങളും ചർച്ചയായിട്ടുണ്ട്.
വോട്ടർപട്ടികയിലെ ക്രമക്കേടുകൾ ആരോപിച്ചും തിരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രവർത്തനങ്ങളിൽ പ്രതിഷേധിച്ചുമാണ് സി.ജെ.പി സമരത്തിന് ആഹ്വാനം ചെയ്തത്. വോട്ടർമാരുടെ പേരുകൾ പട്ടികയിൽനിന്ന് ഒഴിവാക്കുന്നതിലൂടെ ജനങ്ങളുടെ ജനാധിപത്യപരമായ അവകാശങ്ങൾ നിഷേധിക്കപ്പെടുന്നുവെന്നാണ് പ്രതിഷേധക്കാരുടെ ആരോപണം. വോട്ടർപട്ടികയുടെ വിശ്വാസ്യതയും തിരഞ്ഞെടുപ്പ് പ്രക്രിയയുടെ സുതാര്യതയും ഉറപ്പാക്കണമെന്ന ആവശ്യവും അവർ മുന്നോട്ടുവെക്കുന്നു.
പ്രതിഷേധം തടയാൻ വ്യാപക സുരക്ഷാ ക്രമീകരണങ്ങൾ
സി.ജെ.പിയുടെ പ്രതിഷേധം മുന്നിൽക്കണ്ട് ഡൽഹിയിൽ വൻ സുരക്ഷാ ക്രമീകരണങ്ങളാണ് പൊലീസ് ഏർപ്പെടുത്തിയിരുന്നത്. പ്രതിഷേധത്തിന് അനുമതി നിഷേധിച്ചതിന് പിന്നാലെ പ്രവർത്തകരെ സമരവേദിയിലെത്തുന്നതിൽനിന്ന് തടയാനും ജനക്കൂട്ടം രൂപപ്പെടുന്നത് ഒഴിവാക്കാനും പൊലീസ് നടപടികൾ സ്വീകരിച്ചിരുന്നു. പ്രതിഷേധത്തിന് മുന്നോടിയായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ആയിരക്കണക്കിന് പേരെ കസ്റ്റഡിയിലെടുത്തതായും സി.ജെ.പി ആരോപിച്ചിരുന്നു. വിദ്യാർഥികൾ, കർഷക സംഘടനാ പ്രവർത്തകർ, ദലിത് സംഘടനാ പ്രവർത്തകർ, പ്രതിപക്ഷ പാർട്ടി അംഗങ്ങൾ എന്നിവരെ തടഞ്ഞുവെന്നായിരുന്നു പാർട്ടിയുടെ ആരോപണം.
പ്രതിഷേധത്തിന് നേതൃത്വം നൽകേണ്ടിയിരുന്ന സി.ജെ.പി സ്ഥാപകൻ അഭിജീത് ദീപ്കെ, വക്താവ് സൗരവ് ദാസ്, അശുതോഷ് റാങ്ക എന്നിവരെ ഡൽഹിയിലെത്തിയ വിമാനത്തിൽനിന്ന് തന്നെ പൊലീസ് കസ്റ്റഡിയിലെടുത്തതും വിവാദമായി. നേതാക്കളെ തടഞ്ഞതോടെ സമരം അവസാനിപ്പിക്കില്ലെന്നും സംഘടനയുടെ ചുമതലക്കാരനായ അജിങ്ക്യ ഷിൻഡെ പ്രതിഷേധത്തിന് നേതൃത്വം നൽകുമെന്നും അഭിജീത് ദീപ്കെ മുൻകൂട്ടി റെക്കോർഡ് ചെയ്ത വീഡിയോ സന്ദേശത്തിലൂടെ അറിയിച്ചിരുന്നു.
ജന്തർ മന്തറിൽ പ്രതിഷേധത്തിന് വിലക്ക്
ഡൽഹിയിലെ പ്രധാന പ്രതിഷേധവേദിയായിരുന്ന ജന്തർ മന്തറിനെ അംഗീകൃത സമരവേദികളുടെ പട്ടികയിൽനിന്ന് നീക്കിയതും സംഭവത്തിന്റെ പശ്ചാത്തലത്തിൽ ശ്രദ്ധേയമാണ്. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള സമിതിയുടെ ശിപാർശകളുടെ അടിസ്ഥാനത്തിലാണ് ഡൽഹി പൊലീസ് നടപടി സ്വീകരിച്ചത്. പകരം രാംലീല മൈതാനം, ബുരാരി മൈതാനം, കിഴക്കൻ ഡൽഹിയിലെ സി.ബി.ഡി മൈതാനം എന്നിവയാണ് പ്രതിഷേധങ്ങൾക്കായി നിർദേശിച്ച പുതിയ വേദികൾ. ഗതാഗതക്കുരുക്കും സുരക്ഷാ പ്രശ്നങ്ങളും ഒഴിവാക്കാനാണ് തീരുമാനമെന്നാണ് പൊലീസ് വിശദീകരണം. എന്നാൽ, പ്രതിഷേധങ്ങൾ നിയന്ത്രിക്കാനുള്ള നീക്കമാണിതെന്ന വിമർശനവും ഉയരുന്നുണ്ട്.
