August 11 Tuesday 2026

വികസന സംവാദവും ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ആന്തരിക ദൗര്‍ബല്യങ്ങളും

മണ്‍ചുറ്റിക കൊണ്ട് തകര്‍ക്കാനാവുമോ ഇരുമ്പു കൂടത്തെ? – മുന്‍ റിസര്‍വ്വ് ബാങ്ക് ഗവര്‍ണര്‍ രഘുറാം രാജനും സാമ്പത്തിക വിദഗ്ദ്ധന്‍ രോഹിത് ലാംബയും ചേര്‍ന്നെഴുതിയ Breaking the Mould: Reimagining India’s Economic Future എന്ന പുസ്തകത്തിന്റെ വായന.

Breaking the Mould: Reimagining India’s Economic Future എന്ന പുസ്തകം വായിച്ചു തീര്‍ന്നപ്പോള്‍ ആദ്യം മനസ്സിലേക്കെത്തിയത് 1951-ല്‍ അലക്‌സാണ്ടര്‍ മാകെന്‍ഡ്രിക് നിര്‍മ്മിച്ച The Man in the White Suit എന്ന ആക്ഷേപഹാസ്യ സിനിമയായിരുന്നു. ഇന്ത്യയുടെ സാമ്പത്തിക ഭാവിയെ ശരിയായ പാതയിലേക്ക് നയിക്കുന്നതിനായി നിലവിലുള്ള ചട്ടക്കൂടുകള്‍ പൊളിച്ചുപണിയേണ്ടതുണ്ടെന്ന് രാജ്യത്തെ രണ്ട് പ്രമുഖ സാമ്പത്തിക വിദഗ്ദ്ധര്‍ കാര്യകാരണ സഹിതം ചൂണ്ടിക്കാട്ടുമ്പോള്‍ മേല്‍പ്പറഞ്ഞ ആക്ഷേപഹാസ്യ സിനിമയെക്കുറിച്ച് ഓര്‍ക്കുക എന്നത് അല്‍പ്പം കടന്നകയ്യാണെന്നറിയാം. പക്ഷേ, ഒരു നൂറ്റാണ്ടിലധികം കാലമായി നിരന്തരമായ ഉത്പാദനത്തെ അടിസ്ഥാനമാക്കിയുള്ള വളര്‍ച്ചാ മാതൃകകളുടെ കുറ്റിയില്‍ കറങ്ങിക്കൊണ്ടിരിക്കുന്ന സാമ്പത്തിക സിദ്ധാന്തങ്ങളുടെ പരിമിതികള്‍ തിരിച്ചറിയാനോ അവയുടെ ചട്ടക്കൂടുകളില്‍ കൈവെക്കാനോ സാധിക്കാത്തവിധം അവര്‍ എത്തിപ്പെട്ടിരിക്കുന്ന വിഷമവൃത്തത്തെത്തന്നെയാണ് ഈ പുസ്തകം ഓര്‍മ്മപ്പെടുത്തിയതെന്ന് പറയാതെ വയ്യ.

‘ദ മാന്‍ ഇന്‍ ദ വൈറ്റ് സ്യൂട്ട്’ എന്ന സിനിമയിലെ പ്രധാന കഥാപാത്രം സിഡ്‌നി സ്ട്രാറ്റണ്‍ എന്ന യുവ ശാസ്ത്രജ്ഞനാണ്. ഒരു തുണിമില്ലിലെ ഗവേഷകനായ സ്ട്രാറ്റണ്‍ തന്റെ ദീര്‍ഘകാലത്തെ അന്വേഷണത്തിന്റെ ഫലമായി ഒരിക്കലും അഴുക്കുപുരളാത്തതും പൊട്ടിപ്പോകാത്തതുമായ നൂല്‍ ഉത്പാദിപ്പിക്കാനുള്ള സൂത്രം കണ്ടെത്തുന്നു. സ്ട്രാറ്റന്റെ കണ്ടെത്തലിന്റെ പ്രത്യാഘാതം തിരിച്ചറിയാതെ കമ്പനി മാനേജ്‌മെന്റ് ആദ്യഘട്ടത്തില്‍ ആ ഗവേഷണത്തെ പ്രോത്സാഹിപ്പിക്കുന്നുണ്ടെങ്കിലും പിന്നീട് അത് കമ്പനിയുടെ തന്നെ നിലനില്‍പ്പിന് ഭീഷണിയാകുമെന്ന് തിരിച്ചറിയുന്നതോടെ അദ്ദേഹത്തിന് എതിരായി തിരിയുന്നു. കമ്പനി മാനേജ്‌മെന്റ് മാത്രമല്ല തൊഴിലാളി യൂണിയനുകള്‍ അടക്കം സ്ട്രാറ്റന്റെ ഗവേഷണഫലത്തിനെതിരായി മാറുന്നതും അയാള്‍ തെരുവില്‍ കൈകാര്യം ചെയ്യപ്പെടുന്നതും ഒക്കെ രസകരമായ രീതിയില്‍ ചിത്രത്തില്‍ അവതരിപ്പിക്കുന്നുണ്ട്.

നിരന്തര വളര്‍ച്ച ആവശ്യപ്പെടുന്ന ഒരു സാമ്പത്തിക സിദ്ധാന്തത്തില്‍ മനുഷ്യന്റെ ആവശ്യങ്ങളെയോ, പ്രകൃതി വിഭവങ്ങളുടെ ലഭ്യതയെയോ സംബന്ധിച്ച ചോദ്യങ്ങള്‍ പരിഗണിക്കപ്പെടുകയില്ലെന്നത് സാമാന്യ നിയമമാണ്. വിപണിയുടെ ചലനാത്മകത സ്ഥായിയായി നിര്‍ത്തുക എന്നത് മാത്രമാണ് അതിന്റെ ലക്ഷ്യം. അതിന് ഒരിക്കലും നിലക്കാത്ത ഉത്പാദനം ആവശ്യമാണ്. വിപണിക്ക് അനുസൃതമായ രീതിയില്‍ വ്യക്തികളുടെ ആവശ്യങ്ങളെ ക്രമപ്പെടുത്തുക എന്നതാണ് അതിന്റെ രീതി. വിപണി സൃഷ്ടിക്കുന്ന ‘ബാഹ്യഘടകങ്ങളെ’ (externalities) പരിഗണിക്കാന്‍ അവ തയ്യാറാവുകയില്ല തന്നെ. അതുകൊണ്ടുതന്നെ ഒരിക്കലും അഴുക്കുപുരളാത്തതും മങ്ങിപ്പോകാത്തതും പൊട്ടിപ്പോകാത്തതുമായ തുണിത്തരങ്ങളുടെ കണ്ടുപിടുത്തതിന് പകരം എളുപ്പം പിഞ്ഞിപ്പോകുന്നതും നിറംമങ്ങുന്നതുമായ വസ്ത്രങ്ങള്‍ വളര്‍ച്ചാ സിദ്ധാന്തക്കാര്‍ക്ക് പ്രിയങ്കരമാകുന്നത്. ‘ബോധപൂര്‍വ്വം കാലഹരണപ്പെടല്‍’ (planned obsolescence) എന്നത് ഒരു വളര്‍ച്ചാ സിദ്ധാന്തങ്ങളുടെ സൂത്രവാക്യമായി മാറുന്നതും അതുകൊണ്ടുതന്നെ. ‘ബോധപൂര്‍വ്വം കാലഹരണപ്പെടല്‍’ അല്ലെങ്കില്‍ planned obsolescence എന്ന സൂത്രം സാമ്പത്തിക വളര്‍ച്ചാ സിദ്ധാന്തത്തിലേക്ക് തിരുകിക്കയറ്റിയത് ഏതെങ്കിലും സാമ്പത്തിക ശാസ്ത്രജ്ഞനായിരുന്നില്ലെന്നും ബെര്‍നാര്‍ഡ് ലണ്ടന്‍ എന്ന റിയല്‍ എസ്റ്റേറ്റ് വ്യാപാരിയായിരുന്നുവെന്നും ആനുഷംഗികമായി ഓര്‍മ്മപ്പെടുത്തട്ടെ. 1930കളിലെ ആഗോള മാന്ദ്യത്തില്‍ നിന്നും കരകയറാന്‍ ബെര്‍നാര്‍ഡ് ലണ്ടന്‍ തയ്യാറാക്കിയ ending the depression through planned obsolescence എന്ന പ്രബന്ധത്തിലാണ് ഈയൊരു കുറിപ്പടി ആദ്യമായി മുന്നോട്ടുവെക്കുന്നത്. രസകരമായ സംഗതി, ഏതാണ്ട് ഒരു നൂറ്റാണ്ടുകാലത്തിന് ശേഷവും ബെര്‍നാര്‍ഡ് ലണ്ടന്റെ കുറിപ്പടികളില്‍ നിന്ന് ഒരിഞ്ചുപോലും മുന്നോട്ടുപോകാന്‍ സാമ്പത്തിക നയ രൂപീകരണ വിദഗ്ദ്ധര്‍ക്ക് സാധിച്ചിട്ടില്ലെന്നതാണ്.

നിയോക്ലാസ്സിക്കല്‍ സാമ്പത്തിക മാതൃകകളുടെ മൂശയില്‍ നിന്നുകൊണ്ടാണ് ‘ബ്രേക്കിംഗ് ദ മോള്‍ഡ്’ എന്ന് രഘുറാം രാജനും രോഹിത് ലാംബയും പറയുന്നത്. ഇന്ത്യയുടെ വര്‍ത്തമാന സാഹചര്യത്തില്‍ അതിന് പ്രാധാന്യമേറെയുണ്ടെന്നും അവ ചര്‍ച്ച ചെയ്യേപ്പെടേണ്ടതുണ്ടെന്നും തന്നെയാണ് ഞാന്‍ വിശ്വസിക്കുന്നത്. അതേസമയം നാം സ്വീകരിച്ചുകൊണ്ടിക്കുന്ന വാര്‍പ്പുമാതൃകകള്‍ സൃഷ്ടിക്കുന്ന സാമൂഹികാസമത്വങ്ങളുടെയും പാരിസ്ഥിതിക തകര്‍ച്ചകളുടെയും വിഭവ ദൗര്‍ലഭ്യത്തിന്റെയും പ്രശ്‌നങ്ങള്‍ തിരിച്ചറിയാതെയുള്ള പരിഹാരങ്ങള്‍ കൂടുതല്‍ പ്രതിസന്ധികളിലേക്ക് നമ്മെ കൊണ്ടുചെന്നെത്തിക്കും എന്നത് തിരിച്ചറിയാതെ പോകരുത്.

രഘുറാം രാജന്റെയും രോഹിത് ലാംബയുടെയും പുസ്തകത്തെക്കുറിച്ച് ആമുഖമായി ഇത്രയും കാര്യം സൂചിപ്പിച്ചുകൊണ്ട് പുസ്തകത്തിന്റെ പ്രധാന ഉള്ളടക്കത്തിലേക്ക് കടക്കാം.

വികസന സംവാദങ്ങളിലെ മാര്‍ജിനിലെ കുറിപ്പുകളായെങ്കിലും പ്രത്യക്ഷമാകുമോ ജനാധിപത്യവും സാമൂഹിക നീതിയും?

സാമ്പത്തിക വളര്‍ച്ച അടിസ്ഥാന കാഴ്ചപ്പാടായി നിലനിര്‍ത്തിക്കൊണ്ട് ഇന്ത്യയുടെ സാമ്പത്തിക പുരോഗതി വിശകലനം ചെയ്യാന്‍ ശ്രമിക്കുമ്പോള്‍ രഘുറാം രാജനും രോഹിത് ലാംബയും മുന്നോട്ടുവെക്കുന്ന നിര്‍ദ്ദേശങ്ങള്‍ ഗൗരവമായ പരിഗണന അര്‍ഹിക്കുന്നുണ്ട്. ലോകത്തിലെ വന്‍ സാമ്പത്തിക ശക്തിയായി വളരാനുള്ള ഇന്ത്യയുടെ ആഗ്രഹത്തോടൊപ്പം തന്നെ അതിന് ഒരു ജനാധിപത്യ രാജ്യമായി നിലനില്‍ക്കാന്‍ സാധിക്കുമോ എന്നതാണ് പ്രധാന ചോദ്യം.

നിലവില്‍ ലോകത്തിലെ അഞ്ചാമത്തെ സാമ്പത്തിക ശക്തിയായി, യുണൈറ്റഡ് കിംഗ്ഡത്തെയും മറികടന്നുകൊണ്ട്, ഇന്ത്യ മാറിക്കഴിഞ്ഞിരിക്കുന്നുവെന്നത് വസ്തുതയാണ്. എന്നാല്‍ രാജ്യത്തിലെ ജനസംഖ്യയില്‍ വലിയൊരു വിഭാഗം ഇപ്പോഴും കടുത്ത ദാരിദ്ര്യത്തിന്റെയും തൊഴിലില്ലായ്മയുടെയും പിടിയിലാണെന്നതും അത്രതന്നെ യാഥാര്‍ത്ഥ്യമാണ്. 145 കോടി ജനസംഖ്യയുള്ള രാജ്യത്തില്‍ 80 കോടിയോളം പേര്‍ക്ക് സൗജന്യറേഷന്‍ പ്രഖ്യാപിക്കേണ്ടി വരുന്നതിന്റെ യുക്തി പരിശോധിക്കപ്പെടേണ്ടത് പ്രധാനമാണ്.

സാമ്പത്തിക വളര്‍ച്ചയുടെ കാര്യത്തില്‍ നാം എപ്പോഴും താരതമ്യ വിശകലനത്തിന് മുതിരുന്നത് അയല്‍രാജ്യമായ ചൈനയുമായിട്ടാണെന്നത് സ്വാഭാവികമാണ്. അഞ്ച് പതിറ്റാണ്ടുകള്‍ക്ക് മുമ്പ് ആഭ്യന്തര മൊത്തോല്‍പ്പാദനത്തിന്റെ കാര്യത്തില്‍ ഇന്ത്യയെക്കാളും താഴെയായിരുന്ന ചൈന ഇന്ന് ആഗോള സാമ്പത്തിക ശക്തിയായി മാറിയിരിക്കുന്നു. ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയുടെ വലുപ്പം ചൈനയെക്കാളും അഞ്ചിരട്ടി താഴെയാണിന്ന്. എവിടെയാണ് ചൈനീസ് നേതൃത്വത്തിന് വിജയിക്കാന്‍ കഴിഞ്ഞത്? ഇന്ത്യന്‍ ഭരണനേതൃത്വങ്ങള്‍ പരാജയപ്പെട്ടതെവിടെയാണ് എന്നതാണ് ‘ബ്രേക്കിംഗ് ദ മോള്‍ഡ്’ എന്ന പുസ്തകത്തില്‍ പരിശോധിക്കപ്പെടുന്നത്.

ഇന്ത്യയുടെ നിര്‍മ്മാണ മേഖലയ്ക്ക് സംഭവിച്ച പിഴവുകളെയാണ് ലേഖകര്‍ പ്രധാനമായും വിശകലന വിധേയമാക്കുന്നത്. ആഗോളതലത്തില്‍ നിര്‍മ്മാണ മേഖലയിലെ സാന്നിദ്ധ്യമായി ഇന്ത്യക്ക് വളരാന്‍ സാധിക്കാഞ്ഞതിന് പിന്നില്‍ രണ്ട് സുപ്രധാന കാരണങ്ങള്‍ അവര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. അതിലൊന്ന് രാജ്യത്തെ ജനങ്ങളുടെ ജിവിത നിലവാരം ഉയര്‍ത്തുന്നതില്‍ സംഭവിച്ച പരാജയവും അതോടൊപ്പം നൈപുണിയെ അടിസ്ഥാനപ്പെടുത്തിയുള്ള തൊഴില്‍ വികസനത്തിന്റെ അഭാവവുമാണെന്നാണ്. കുറഞ്ഞ വൈദഗ്ദ്ധ്യം മാത്രം ആവശ്യമുള്ള തൊഴില്‍ മേഖലയില്‍ ആഗോളതലത്തില്‍ കടുത്ത മത്സരം നിലനില്‍ക്കുന്നതോടൊപ്പം ഓട്ടോമേഷന്‍, പ്രൊട്ടക്ഷനിസം എന്നിവ ഇന്ത്യയുടെ തൊഴില്‍ വളര്‍ച്ചയ്ക്ക് വെല്ലുവിളികള്‍ ഉയര്‍ത്തുന്നുണ്ട്.

ഈയൊരവസരത്തില്‍ ഉയര്‍ന്ന വൈദഗ്ദ്ധ്യമുള്ള തൊഴിലവസരങ്ങള്‍ വിപുലീകരിക്കുകയും സംരംഭകത്വത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്തുകൊണ്ടായിരിക്കണം ഇന്ത്യ മുന്നേറേണ്ടതെന്ന് ലേഖകര്‍ നിര്‍ദ്ദേശിക്കുന്നു. എന്നാല്‍ അതിന് തടസ്സം സൃഷ്ടിക്കുന്ന വിധത്തില്‍ ഇന്ത്യയിലെ സാമൂഹികക്ഷേമ മേഖലയിലെ നിക്ഷേപത്തില്‍ വലിയ തോതിലുള്ള ഇടിവ് സംഭവിക്കുന്നതിനെക്കുറിച്ചും ലേഖകര്‍ ചൂണ്ടിക്കാട്ടുന്നു.

2047ല്‍ ഇന്ത്യയെ വികസിത രാജ്യങ്ങളുടെ പട്ടികയിലേക്ക് എത്തിക്കുമെന്ന് അവകാശപ്പെടുന്ന ഭരണകൂടം രാജ്യത്ത് ഇന്ന് നിലനില്‍ക്കുന്ന ദാരിദ്ര്യത്തെ മറികടക്കുന്നതിനെക്കുറിച്ച് ആലോചിക്കാതിരിക്കുന്നതിലെ മൗഢ്യത്തെക്കുറിച്ച് പുസ്തകത്തില്‍ സൂചിപ്പിക്കുന്നു. ദേശീയ കുടുംബാരോഗ്യ സര്‍വ്വേ നല്‍കുന്ന കണക്കുകള്‍ അനുസരിച്ച് രാജ്യത്ത് 5 വയസ്സിന് താഴെയുള്ള കുഞ്ഞുങ്ങളില്‍ 35% പോഷകാഹാരക്കുറവ് അനുഭവിക്കുന്നവരാണെന്നും ശരീരഭാരക്കുറവ് അനുഭവിക്കുന്നവരുടെ ശതമാനം 40ആണെന്നും വ്യക്തമാക്കുന്നു. 2047 ആകുമ്പോഴേക്കും തൊഴിലെടുക്കാന്‍ പ്രാപ്തരാകേണ്ട ഈ വിഭാഗത്തെ പരിഗണിക്കാതെ വികസിത രാഷ്ട്രത്തെക്കുറിച്ച് സങ്കല്പിക്കുന്നതിലെ വിഡ്ഢിത്തത്തെയാണ് ലേഖകര്‍ പരാമര്‍ശിക്കുന്നത്. ആരോഗ്യമില്ലാത്ത ഒരു തലമുറയ്ക്ക് രാജ്യപുരോഗതിയില്‍ കാര്യമായൊന്നും സംഭാവന ചെയ്യാനില്ലെന്നും അതുകൊണ്ടുതന്നെ ഭാവിയിലെ മനുഷ്യ മൂലധനത്തിന് മുന്തിയ പരിഗണന നല്‍കേണ്ടതുണ്ടെന്നും ലേഖര്‍ വാദിക്കുന്നു.

ഡീമോണിറ്റൈസേഷന്‍, ചരക്ക് നികുതി പരിഷ്‌കരണം തുടങ്ങിയ തെറ്റായ നയങ്ങള്‍ രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചയെ പിറകോട്ട് നയിക്കുന്നതില്‍ വലിയ പങ്ക് വഹിച്ചിട്ടുണ്ടെന്ന് ലേഖകര്‍ കുറ്റപ്പെടുത്തുന്നു. അതോടൊപ്പം ശരിയായ വികസനാസൂത്രണത്തില്‍ കൃത്യമായ സ്ഥിതിവിവരക്കണക്കുകളുടെയും ഡാറ്റകളുടെയും പങ്കിനെക്കുറിച്ച് സൂചിപ്പിക്കുകയും ചെയ്യുന്നു. സെന്‍സസ്, കുടുംബാരോഗ്യ സര്‍വ്വേ, ഗുണഭോക്തൃ ചെലവ് സര്‍വ്വേ എന്നിവ സംബന്ധിച്ച കൃത്യമായ വിവരങ്ങള്‍ ഉണ്ടായിരിക്കേണ്ടത് വ്യക്തമായ ആസൂത്രണത്തിന് അനിവാര്യമാണെന്നും എന്നാല്‍ നിലവില്‍ സ്ഥിതിവിവരക്കണക്കുകളുടെ കാര്യത്തില്‍ ഒരു ശൂന്യത നിലനില്‍ക്കുകയാണെന്നും ലേഖകര്‍ ചൂണ്ടിക്കാട്ടുന്നു.

ഭാഗം-2

‘ The universe is made of stories; not of atoms’ -Muriel Rukeyser

വികസനത്തിലും സാമ്പത്തിക വളര്‍ച്ചയിലും ജനാധിപത്യത്തിനും സംവാദത്തിനും വലിയ പ്രാധാന്യമുണ്ടെന്ന് രഘുറാം രാജനും രോഹിത് ലാംബയും വാദിക്കുന്നു.

അതേസമയം വികസന സംവാദങ്ങളില്‍ മാര്‍ജിനിലെ കുറിപ്പുകളായിപ്പോലും ജനാധിപത്യവും സാമൂഹിക നീതിയും പ്രത്യക്ഷമാകാത്ത വര്‍ത്തമാനകാല രാഷ്ട്രീയ സാഹചര്യത്തെ വിശകലന വിധേയമാക്കുന്നതില്‍ ലേഖകര്‍ പരാജയപ്പെടുന്നതായും കാണാം.

ഇന്ത്യയിലെ സാമ്പത്തിക വികസന സംവാദങ്ങളുടെ ആന്തരിക ദൗര്‍ബല്യമെന്നത് അത് ജനാധിപത്യത്തെ എതിര്‍വശത്ത് നിര്‍ത്തുന്നു എന്നതാണ്. ജവാഹര്‍ലാല്‍ നെഹ്രു തൊട്ടുള്ള മുഴുവന്‍ രാഷ്ട്രീയ ഭരണ നേതൃത്വങ്ങളും സാമ്പത്തിക വളര്‍ച്ചയ്ക്ക് ജനാധിപത്യം ഒരു ബാധയാണെന്ന് വിശ്വസിച്ചിരുന്നവരാണെന്ന് സൂക്ഷ്മ വിശകലനത്തില്‍ കാണാന്‍ കഴിയും. നെഹ്രുവിയന്‍ വികസന മാതൃകകളോട് അതിന്റെ ഇരകള്‍ പ്രതികരിക്കാനാരംഭിച്ച തൊണ്ണൂറുകളില്‍ രാജ്യത്തെമ്പാടുമായി ജനകീയ മുന്നേറ്റങ്ങള്‍ ഉയര്‍ന്നുവന്നതും വികസനത്തിന്റെ ജനാധിപത്യവിരുദ്ധതയെ തുറന്നുകാട്ടാന്‍ ആരംഭിച്ചതും ഒട്ടും വിദൂരമല്ലാത്ത ചരിത്രമാണ്. ഈ പ്രതിഷേധങ്ങളോടുള്ള പ്രതികരണങ്ങള്‍ എന്ന നിലയില്‍ പുതുസഹസ്രാബ്ദത്തിന്റെ ആദ്യത്തില്‍ പല നിയമ നിര്‍മ്മാണങ്ങളും (വിവരാവകാശം, വനാവകാശം, ഭൂമി ഏറ്റെടുക്കല്‍ നിയമം എന്നിവ ഉദാഹരണങ്ങള്‍) ഉരുത്തിരിഞ്ഞുവന്നത് ശ്രദ്ധേയമാണ്.

എന്നാല്‍ ഇതേ കാലയളവില്‍, മറ്റൊരുഭാഗത്ത്, ഇന്ത്യയില്‍ വലതുപക്ഷ തീവ്ര ഹിന്ദുത്വ പ്രസ്ഥാനങ്ങളും ശക്തിയാര്‍ജ്ജിച്ചുകൊണ്ടിരുന്നുവെന്നതും വസ്തുതയാണ്. സാമ്പത്തിക വികസന സംവാദങ്ങള്‍ ജനാധിപത്യവല്‍ക്കരിക്കപ്പെടുകയും നടപ്പുവികസന മാതൃകകള്‍ ചോദ്യം ചെയ്യപ്പെടുകയും ചെയ്യുന്നതിന് തടയിടേണ്ടത് അവയുടെ ഗുണഭോക്താക്കളെ സംബന്ധിച്ചിടത്തോളം പ്രധാനമായിരുന്നു. ദേശീയത, ഉറച്ച നേതൃത്വം, സാമ്പത്തിക വളര്‍ച്ച എന്നിവ ഭൂരിപക്ഷ വര്‍ഗ്ഗീയതയുടെ മൂശയിലൂടെ കടത്തിവിട്ടാല്‍ മേല്‍പ്പറഞ്ഞ ചോദ്യങ്ങളെ നേരിടാനോ അവഗണിക്കാനോ സാധിക്കുമെന്ന് സാമ്പത്തിക വളര്‍ച്ചാവാദികള്‍ക്ക് അറിയാമായിരുന്നു. ദുര്‍ബലമായ രീതിയിലെങ്കിലും സംവാദങ്ങള്‍ക്ക് ഇടം നല്‍കിയിരുന്ന ഇന്ത്യന്‍ ജനാധിപത്യം ഏകാധിപത്യത്തിന്റെ പൂര്‍വ്വ സൂചനകള്‍ പ്രകടിപ്പിക്കാനാരംഭിച്ച കാലമായിരുന്നു അത്.
ജവാഹര്‍ലാല്‍ നെഹ്രുവില്‍ നിന്നും നരേന്ദ്ര മോദിയിലേക്ക് എത്തി നില്‍ക്കുന്ന ഇന്ത്യന്‍ ‘ജനാധിപത്യ’ത്തിന്റെ ആന്തരിക ദൗര്‍ബല്യങ്ങളെ ആഴത്തില്‍ വിശകലന വിധേയമാക്കാതെ രാജ്യത്തിന്റെ സാമ്പത്തിക ഭാവിയെക്കുറിച്ചുള്ള ആലോചനകളും സങ്കല്പനങ്ങളും നിലവിലുള്ള സാമൂഹിക അസമത്വത്തെ അതേപടി നിലനിര്‍ത്താനോ അല്ലെങ്കില്‍ അതിന്റെ ആഴം വര്‍ദ്ധിപ്പിക്കുവാനോ മാത്രമേ സഹായിക്കുകയുള്ളൂ എന്നതാണ് സത്യം.

”ജനങ്ങള്‍ക്ക് ആസ്വദിക്കാന്‍ സാധിക്കുന്ന തരത്തില്‍ യഥാര്‍ത്ഥ സ്വാതന്ത്ര്യം വികസിതമാകുന്ന പ്രക്രിയയായിരിക്കണം വികസനം” എന്ന് അമര്‍ത്യാസെന്‍ ‘ഡവലപ്പ്മെന്റ് ഈസ് ഫ്രീഡം’ (Development is Freedom) എന്ന പുസ്തകത്തില്‍ വികസനത്തെ നിര്‍വ്വചിക്കുന്നുണ്ട്. ജനങ്ങളുടെ തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യത്തെ ഹനിക്കുന്ന ഒരു പ്രവൃത്തിയെയും ‘വികസനം’ എന്ന് വിശേഷിപ്പിക്കാന്‍ സാധ്യമല്ലെന്നതാണ് സെന്‍ പറഞ്ഞുവെക്കുന്നത്. വികസനത്തെയും ജനാധിപത്യത്തെയും സംബന്ധിച്ച ഇത്തരത്തിലുള്ള എല്ലാ സങ്കല്പങ്ങളും മോദി കാലം അപ്രസക്തമാക്കുന്നുവെന്നാണ് കാണാന്‍ കഴിയുന്നത്.

കെയ്നീഷ്യന്‍ സാമ്പത്തിക സിദ്ധാന്തങ്ങളുടെ ആരാധകനായ രഘുറാം രാജന്‍ ഇന്ത്യയുടെ സാമ്പത്തിക ഭാവിയെ സംബന്ധിച്ചുള്ള സങ്കല്പനങ്ങള്‍ മുന്നോട്ടുവെക്കുമ്പോള്‍ അതില്‍ ജനാധിപത്യത്തെയും വികസനത്തെയും കുറിച്ചുള്ള സംവാദസ്ഥലികള്‍ വളരെ നേര്‍ത്തതായിരിക്കുമെന്ന് അറിയായ്കയല്ല. എന്നിരുന്നാലും മോദിണോമിക്സിനോട് കലഹിച്ച് നില്‍ക്കുകയും അവയുടെ നിരന്തര വിമര്‍ശകനായി മാറുകയും ചെയ്ത ഒരാളെന്ന നിലയില്‍ രാജ്യത്തെ സെക്യുലര്‍ സമൂഹത്തിനകത്ത് നിര്‍ണ്ണായകമായ സ്വാധീനം ചെലുത്താന്‍ രഘുറാം രാജന് സാധിച്ചിട്ടുണ്ടെന്നത് യാഥാര്‍ത്ഥ്യമാണ്. അതുകൊണ്ടുതന്നെ പുതിയ കാലത്ത് നമ്മുടെ പ്രതീക്ഷകളെ പുനഃപ്രതിഷ്ഠിക്കാനുള്ള അദ്ദേഹത്തിന്റെ ശ്രമങ്ങള്‍ക്ക് സ്വീകാര്യത ലഭ്യമാകുമെന്നത് നിസ്സംശയമാണ്.

മോദിണോമിക്സ് തകര്‍ത്തെറിഞ്ഞ ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയെ പുനഃസംഘടിപ്പിക്കാനുള്ള വഴികള്‍, പുതുസങ്കല്പനങ്ങള്‍, രഘുറാം രാജനും രോഹിത് ലാംബയും മുന്നോട്ടുവെക്കുമ്പോള്‍ ബോധപൂര്‍വ്വം തന്നെ വിട്ടുകളയുന്നതോ ശൂന്യതയില്‍ നിര്‍ത്തുന്നതോ ആയ കാര്യം തൊണ്ണൂറുകളില്‍ ഉയര്‍ന്നുവന്ന വികസന സംവാദങ്ങളാണ് എന്ന് പറയേണ്ടതുണ്ട്. ആഗോള സാമ്പത്തിക ശക്തിയായി ഇന്ത്യയെ മാറ്റിയെടുക്കാനുള്ള ഓട്ടത്തില്‍ നാം നഷ്ടപ്പെടുത്തുന്നവയെന്താണെന്ന് ഉറക്കെപ്പറയേണ്ടതുണ്ട്.

രഘുറാം രാജനും രോഹിത് ലാംബയും തങ്ങളുടെ പുസ്തകത്തില്‍ അമേരിക്കന്‍ എഴുത്തുകാരനായ സുകേതു മേഹ്തയെ ഈ രീതിയില്‍ ഉദ്ധരിക്കുന്നുണ്ട്.’a populist is, basically , a gifted storyteller; someone who can tell a false story well. And the way to fight them is by telling a true story better.”

ഒരുകാര്യം തീര്‍ച്ചയാണ്. കഥകള്‍ കൊണ്ട് നിര്‍മ്മിച്ച സാമൂഹ്യസന്ദര്‍ഭങ്ങളിലും ഭൂമിശാസ്ത്ര പരിധികളിലും ജീവിക്കാന്‍ വിധിക്കപ്പെട്ടവരാണ് നാം. കല്പിത കഥകളിലെ യാഥാര്‍ത്ഥ്യങ്ങള്‍ കണ്ടെത്തുക എന്നത് കൂടുതല്‍ കൂടുതല്‍ ശ്രമകരമായി മാറിക്കൊണ്ടിരിക്കുന്നു. വികസനയന്ത്രത്തിന്റെ വാര്‍പ്പ് മാതൃകയ്ക്ക് ഒരു പരുക്കും ഏല്‍പ്പിക്കാതിരിക്കാന്‍ ഇരുവരും നല്‍കുന്ന മായക്കാഴ്ചകള്‍ക്ക് സാധിക്കുന്നുണ്ട് എന്ന് ഉറപ്പിച്ച് പറയേണ്ടതുണ്ട്.

അമേരിക്കന്‍ പൊളിറ്റിക്കല്‍ ആക്ടിവിസ്റ്റും കവിയുമായ മ്യൂറിയല്‍ റുകേയ്‌സറിന്റെ
”കണങ്ങളാലല്ല; കഥകള്‍ കൊണ്ടാണ് പ്രപഞ്ചം നിര്‍മ്മിക്കപ്പെട്ടിരിക്കുന്നത്” (The universe is made of stories, not of atoms) എന്ന വരികള്‍ ഈ സത്യ-അസത്യ കഥകള്‍ക്കിടയിലെ നമ്മുടെ ജീവിതത്തെ ഓര്‍മ്മിപ്പിക്കുന്നു എന്നുകൂടി പറഞ്ഞുവെക്കട്ടെ.

Breaking the Mould: Reimagining India’s Economic Future
Raghuram G Rajan, Rohit Lamba
Penguin Book, 2023

 

 

Related