പരിസ്ഥിതിയും വികസനവും എന്നത് വര്‍ഷങ്ങള്‍ക്കു മുമ്പ് 1972 ലൊക്കെ ചര്‍ച്ചചെയ്യപ്പെട്ട വിഷയമാണ്. പരിസ്ഥിതിയും വികസനവും രണ്ടും ശത്രുക്കളായി നില്‍ക്കുന്നു എന്ന ചിന്തയില്‍ നിന്ന് മാറി പരിസ്ഥിതിയും വികസനവും വേണം എന്ന ചിന്തയിലേക്ക് വരുന്ന ഒരു സമയമുണ്ടായിരുന്നു. അക്കാലത്ത് അധികം ആളുകളും ചര്‍ച്ച ചെയ്തു കൊണ്ടിരുന്നത് പരിസ്ഥിതിയും വികസനവും സുസ്ഥിര വികസനവുമെല്ലാമാണ്. പക്ഷെ, എവിടയോ എന്തോ പാളിച്ച പറ്റി. എനിക്ക് ഓര്‍മ വരുന്നത്, സൈലന്റ് വാലി സംരക്ഷിക്കാന്‍ ഒക്കെ ഒരു സമരം നടന്നിരുന്നു. അന്ന് പൂര്‍ണമായ തീരുമാനമെടുക്കാന്‍ കഴിവുള്ള ഒരു സ്ത്രീ പ്രധാനമന്ത്രിയായിരുന്നത് കൊണ്ടാണ് രക്ഷപ്പട്ടതെന്ന് ഞാന്‍ ഇപ്പോളും വിശ്വസിക്കുകയാണ്. അല്ലെങ്കില്‍ എത്ര സമരം ചെയ്തിട്ടും കാര്യമുണ്ടാകില്ലായിരുന്നു. പണ്ട് സുകുമാര്‍ അഴീക്കോട് സെക്രട്ടേറിയറ്റിനു മുന്നില്‍ സത്യാഗ്രഹമിരിക്കുന്ന ആളുകളോട് പറഞ്ഞു; നിരാഹാരംമിരുന്നിട്ട് ഒരു കാര്യമില്ല, പണ്ട് ഗാന്ധിജി ഇരിക്കുമ്പോള്‍ അത് കേള്‍ക്കാന്‍ നല്ലൊരു ബ്രിട്ടീഷ് ഭരണമുണ്ടായിരുന്നു, ഇപ്പോഴാണേല്‍ നിങ്ങള്‍ വെറുതെ പട്ടിണി കിടക്കുകയൊള്ളൂ വേറൊന്നും നടക്കില്ല. അത്തരം സ്ഥിതിയാണ്. വാസ്തവത്തില്‍ നമുക്ക് സുസ്ഥിരത എന്നതിനെക്കുറിച്ച് പറയുമ്പോള്‍, നമുക്ക് വികസനം എന്താണെന്ന് പോലും ശരിക്ക് നിര്‍വചിക്കാന്‍ പറ്റിയിട്ടില്ല. എല്ലാവരും ഇവിടെ വികസനമില്ല അവിടെ വികസനമില്ലെന്നൊക്കെ ഭയങ്കര രാഷ്ട്രീയ പ്രസംഗങ്ങളിലൊക്കെ ഭീകരമായി വികസനത്തെക്കുറിച്ച് സംസാരിക്കും. ആരെങ്കിലും എഴുന്നേറ്റ് നിന്ന് എന്താണ് താങ്കള്‍ ഉദ്ദേശിച്ച വികസനം എന്ന് ചോദിച്ചാല്‍ പെട്ടു. റോഡിന്റെ നീളമാണോ ? റോഡിന്റെ വീതിയാണോ? അതോ വേഗത്തില്‍ കാസര്‍കോട് നിന്ന് തിരുവനന്തപുരത്ത് എത്തുന്നതാണോ? അല്ലെങ്കില്‍ കായല്‍ നികത്തുന്നതാണോ? അതുമല്ലെങ്കില്‍ പാടം നികത്തുന്നതാണോ? അല്ലെങ്കില്‍ തണ്ണീര്‍ത്തടങ്ങള്‍ നികത്തി ധാരാളം മാളുകള്‍ വരുന്നതാണോ? പണ്ട് ഒരു മന്ത്രി അസംബ്ലിയിലൊരു പ്രസംഗം നടത്തിയിരുന്നു, തൃശൂരിന്റെ വികസനത്തിന് ഞങ്ങള്‍ കുറച്ച് പദ്ധതികളൊക്കെ പ്ലാന്‍ ചെയ്യുന്നുണ്ട്, അതില്‍ രണ്ട് മാളുകള്‍ തിയറ്ററുകള്‍ ഒക്കെ പ്ലാന്‍ ചെയ്യുന്നുണ്ടെന്ന് പറഞ്ഞു. അന്നത്തെ ഒരു എം.എല്‍.എ (ഇന്നത്തെ ഒരു പ്രതിപക്ഷനേതാവ്), അദ്ദേഹം എഴുന്നേറ്റിട്ട് ‘അത്യാവശ്യം കുറച്ച് കംഫര്‍ട്ട് സ്റ്റേഷന്‍സ്, പ്രാഥമികാവശ്യങ്ങള്‍ നിര്‍വഹിക്കാനുള്ള സൗകര്യമുണ്ടാക്കി കൊടുത്താല്‍ വികസനമായി അല്ലാതെ മാളും തിയറ്റുമല്ല വികസനമെന്ന്’ പറഞ്ഞിരുന്നു. ഇന്ന് അദ്ദേഹം അത് മറന്നുവെന്ന് തോന്നുന്നു.
അപ്പോള്‍ എവിടെയാണ്, എന്താണ് വികസനം എന്നതിനെപ്പറ്റി ഒരു ധാരണയില്ല. ആ വികസനം എന്തിന്റെ ചിലവിലാണ്, Devolepment at the cost of environment, അതായത് വികസനം ഇവിടുത്തെ പരിസ്ഥിതിയുടെ ചിലവിലാകണോ എന്നുള്ളതിനെപ്പറ്റി ചിന്തകളുണ്ട്, ധാരാളം ചര്‍ച്ചകള്‍ നടന്നിട്ടുണ്ട്, ധാരാളം പ്രസിദ്ധീകരണങ്ങളുണ്ട് അതിനെക്കുറിച്ചൊക്കെ. ഇതിലൊക്കെ വരുന്ന പ്രശ്‌നങ്ങള്‍ ഇതൊന്നും പ്രശ്‌നമല്ല എന്നുള്ള രീതിയിലാണ്. കാരണം വികസപ്പിക്കണം, ബലൂണ്‍ പോലെ വികസിപ്പിക്കണം. EIA എന്ന് പറഞ്ഞൊരു സംവിധാനമുണ്ട്, Environmental Impact Assesment. ഇപ്പോ ദേശീയതലത്തില്‍ ഒരുപാട് ഇന്‍സ്റ്റിറ്റിയൂഷന്‍സ്, അതായത് വളരെ പ്രസിദ്ധമായ സര്‍ക്കാരിന്റെ തന്നെ പാര്‍ലമെന്റ് പാസാക്കിയ നിയമത്തിന്റെ അടിസ്ഥാനത്തില്‍ പാസാക്കിയ പല ഇന്‍സ്റ്റിറ്റിയൂഷന്‍സിനു പോലും നില്‍ക്കക്കള്ളിയില്ല. ശമ്പളം കൊടുക്കുന്നതിനുള്ള പൈസ തരാം ബാക്കിയുള്ളതൊക്കെ സ്വന്തമായിട്ട് പ്രോജക്ടുകളിലൂടെ ഗവേഷണ പദ്ധതികള്‍ സമര്‍പ്പിച്ച് അതിലൂടെ ഉണ്ടാക്കണമെന്ന് സര്‍ക്കാര്‍ പറഞ്ഞു. ഇപ്പോ അവരെന്താ ചെയ്യുന്നത് എന്നു വെച്ചാല്‍ ഇ.ഐ.എ എടുക്കുകയാണ്.
ഒരു 10 വര്‍ഷം മുമ്പ് ഡല്‍ഹിയിലുള്ള ഒരു വക്കീല്‍, ഋതിക് ദത്ത എന്നാണ് അദ്ദേഹത്തിന്റെ പേര് (അദ്ദേഹം എന്‍വയണ്‍മെന്റ് ലോയറാണ്) പഠനം നടത്തയിട്ട് ഒരു റിപ്പോര്‍ട്ടുണ്ടാക്കി, ഈ രാജ്യത്ത് നടത്തിയ പരിസ്ഥിതി ആഘാത പഠനങ്ങളുടെ ആകെത്തുക എന്താണെന്നുള്ളത് ഓരോന്ന് ഉദാഹരണം വച്ചിട്ട് അദ്ദേഹം പറഞ്ഞു. പ്രത്യേകിച്ച് നോര്‍ത്ത് ഈസ്റ്റില്‍ അസം, അരുണാചല്‍, മേഘാലയ ഭാഗങ്ങളില്‍ ധാരാളം ചെറുകിട അണക്കെട്ടുകള്‍ വരുന്നതുമായി ബന്ധപ്പെട്ടും അല്ലാതെയും പലയിടത്തും നടന്നിട്ടുള്ള പഠന റിപ്പോര്‍ട്ട് വായിച്ചാല്‍ മനസ്സിലാകും ഒരു ഇ.ഐ.എയുമില്ല. ഇ.ഐ.എ എന്ന് പറഞ്ഞിട്ട് വെറുതെ എന്തെങ്കിലും തട്ടിക്കൂട്ടി കൊടുക്കുകയാണ്. പണം ഉണ്ടാക്കാനാണെന്ന് പറയുമ്പോള്‍ തന്നെ മനസ്സിലായല്ലോ എന്താണ് ഉദ്ദേശിക്കണതെന്ന്. ഝാര്‍ഖണ്ഡില്‍ വെസ്റ്റ് സിങ്ഭൂം എന്ന ജില്ലയുണ്ട്. വലിയ ജില്ലയാണ്. ആ ജില്ലയില്‍ ഇരുമ്പ് ഖനനമാണ് പ്രധാനം. ആ പ്രദേശം കണ്ടു കഴിഞ്ഞാല്‍ സങ്കടം തോന്നും. അപ്പോള്‍ ഇപ്പുറത്ത് ഇരുമ്പ് വേണ്ടേ എന്നൊരു ചോദ്യം വരും, അനുബന്ധമായി നിരവധി ചോദ്യങ്ങള്‍ വേറെയുമുണ്ട്. ഇവിടത്തെ എവയണ്‍മെന്റല്‍ ഇംപാക്ട് അസസ്‌മെന്റ് നടത്താനും ഏത് രീതിയിലാണ് വെസ്റ്റ് സിങ്ഭൂം ജില്ലയിലുള്ള വന്യജീവികളെ സംരക്ഷിക്കാനുള്ളൊരു പദ്ധതിയുണ്ടാക്കണമെന്ന് പറഞ്ഞിട്ട് ഞങ്ങളെ മൂന്ന് പേരെ ഒരു എക്‌സ്‌പേര്‍ട്ട് കമ്മിറ്റിയായിട്ട് ഝാര്‍ഖണ്ഡ് ഗവണ്‍മെന്റ് തീരുമാനിച്ചു. ഞങ്ങളവിടെ പോയി രണ്ട് വര്‍ഷം നടന്ന് മാവോയസ്റ്റുകളുടെയും നക്‌സലേറ്റുകളുടെയും ഇടയിലൂടെയൊക്കെ നടന്ന് (അവര്‍ ചീത്ത പറഞ്ഞ് അടിച്ച് ഓടിക്കും) റിപ്പോര്‍ട്ട് കൊടുത്തു. പക്ഷെ, ഒന്നും സംഭവിച്ചില്ല. ആ റിപ്പോര്‍ട്ട് എവിടെയോ കിടന്ന് ഉറങ്ങുന്നുണ്ട്. നടക്കില്ല, കാരണം അങ്ങനെയൊരു റിപ്പോര്‍ട്ടല്ല അവര്‍ പ്രതീക്ഷിച്ചത്. പ്രതീക്ഷിച്ചത് കൂടുതല്‍ തലോടലുള്ളതാണ്, തല്ലല്‍ അവര്‍ ഒരിക്കലും പ്രതീക്ഷിക്കാത്ത റിപ്പോര്‍ട്ടാണ്. ഈ ഇ.ഐ.എയില്‍ തന്നെ ഭയങ്കര തമാശകളാണ്. ഇപ്പോള്‍ എല്ലാം അതിവേഗമാണ്, റാപിഡ് അസസ്‌മെന്റാണ്. ഒരു മാസത്തിനുള്ളില്‍ പഠനം നടത്തി ഇപ്പോത്തന്നെ റിപ്പോര്‍ട്ട് വേണം. സാധാരണ ഗതിയില്‍ ഒരു പരിസ്ഥിതി ആഘാത പഠനമെന്ന് പറഞ്ഞാല്‍ മൂന്ന് സീസണെങ്കിലും വേണം. മഴയുള്ള സമയവും മഴക്കു ശേഷവും വേനല്‍ക്കാലവും അങ്ങനെ മൂന്ന് സീസണെങ്കിലും ഉണ്ടെങ്കില്‍ മാത്രമേ പരിസ്ഥിതി ആഘാത പഠനം നടത്താന്‍ കഴിയുകയുള്ളു. അതിന് നല്ലൊരു ഉദാഹരണം പറഞ്ഞു തരാം. ഗുജറാത്തില്‍ ലിറ്റില്‍ റാണ്‍ ഓഫ് കച്ച് എന്ന് പറയുന്ന ഒരു സ്ഥലമുണ്ട്. അവിടെ കഴുതകളുണ്ട് (ആ നാട്ടിലുള്ളവര്‍ സ്‌നേഹത്തോടെ ഗുഡ്ഖര്‍ എന്നാണ് വിളിക്കുന്നത്). ആ സ്ഥലം വേനലില്‍ പോയിക്കഴിഞ്ഞാല്‍ മരുഭൂമിയാണ്. 40-42 ഡിഗ്രിയൊക്കെയാണ് ടെമ്പറേച്ചര്‍. ആ സമയത്ത് ഉപ്പ് കൃഷിയാണ് അവര്‍ ചെയ്യുക. അത് കുറച്ചാളുകള്‍ വന്നിട്ട് ഉപ്പ് കളത്തില്‍നിന്ന് വെള്ളം പുറത്തേക്ക് പമ്പ് ചെയ്തിട്ട് അതില്‍ നിന്ന് ഉപ്പുണ്ടാക്കും. പക്ഷെ. മഴ പെയ്യുന്നതോടുകൂടി ഈ സ്ഥലം മുഴുവന്‍ വെള്ളത്തിലാവും. കായലാകും. ആ സമയത്ത് ചുറ്റു പാടിലുള്ളവരൊക്കെ ചെറിയ വഞ്ചികളും വലകളുമായൊക്കെ വന്ന് മീന്‍ പിടിക്കും, ചെമ്മീന്‍ പിടിക്കും, ധാരാളം പക്ഷികള്‍ വരും, പക്ഷികളെക്കാണാന്‍ ധാരാളം ടൂറിസ്റ്റുകള്‍ വരും. ഏറ്റവും കൂടുതല്‍ ഫ്‌ലെമിന്‍ഗോസ് വരുന്ന സമയമാണത്. അപ്പോ ധാരാളം ആളുകള്‍ വരും. ഇവിടെ പരിസ്ഥിതി ആഘാത പഠനം നടത്താന്‍ പറഞ്ഞ് ഒരു സീസണ്‍ നല്‍കിക്കഴിഞ്ഞാല്‍ എന്താ പറയുക? വേനല്‍ കാലത്ത് ചെന്നാല്‍ ഇവിടെ മരുഭൂമിയാന്ന് പറഞ്ഞ് പോരും. മഴക്കാലത്ത് പോയാല്‍ വേറെയാണ് ചിത്രം. അപ്പോള്‍ ത്വരിത വേഗരീതിയില്‍ ഒരു പഠനം നടത്തിയിട്ട് ഒരു കാര്യമില്ല.
ഇത് കൂടാതെ ഈ ഗോവയിലെ ഖനനവുമായി ബന്ധപ്പെട്ട് നടത്തിയ ചില പഠനങ്ങളിലൂടെ വേറൊരു കാര്യംകൂടി പറഞ്ഞിരുന്നു. സോഷ്യല്‍ ഇംപാക്ട് അസസ്‌മെന്റും കൂടി വേണം (എസ്.ഐ.എ). ഇ.ഐ.എ മാത്രം പോര, എസ്.ഐ.എയും കൂടി വേണം. സാമൂഹിക ആഘാത പഠനം നടത്തണം. ഒരു സ്ഥലത്ത് ഒരു സംഭവം നടന്നു കഴിഞ്ഞാല്‍ പരിസ്ഥിതിയെ മാത്രമല്ല ബാധിക്കുക, അവിടെയുള്ള ജനങ്ങളുടെ സാമൂഹിക ജീവിതത്തെത്തന്നെ ബാധിക്കും. എനിക്കേറ്റവും സങ്കടം തോന്നിയിട്ടുള്ള ഒരു സംഭവം, ഉത്തരാഖണ്ഡിലെ രാജാജി നാഷണല്‍ പാര്‍ക്കിലെ ആനത്താരകളില്‍ കുറേ ആളുകള്‍ വന്ന് താമസിക്കുന്നുണ്ട്. ഗുജര്‍ എന്ന് പറുന്ന ഒരു കമ്മ്യൂണിറ്റിയാണ്. ഈ ഗുജറിനെ മാറ്റണം എന്ന് പറഞ്ഞ് ഡല്‍ഹിയില്‍ ഭയങ്കര പ്രശ്‌നമാണ്. ഞങ്ങള്‍ രണ്ട് മൂന്ന് പേര് ഇതൊന്ന് അന്വേഷിക്കാന്‍ വേണ്ടിപ്പോയി. എന്നിട്ട് ഇവരോട് ചോദിച്ചു ‘നിങ്ങളിവിടെ നിന്ന് മാറാന്‍ തയ്യാറാണോ?’. അവര്‍ അത്യാവശ്യം കൃഷി ചെയ്യുന്ന കന്നുകാലികളെ മേയ്ക്കുന്ന ആളുകളാണ്. അവരു പറഞ്ഞു ‘മാറാം, എന്ത് ചെയ്യാനാണ് വേറെ, ഞങ്ങള്‍ മാറണമെങ്കില്‍ മാറാം. ഞങ്ങളിവിടെ വന്നത് തേരിയില്‍ അണക്കെട്ട് വന്നപ്പോള്‍ അവിടെനിന്ന് പറിച്ച് ഇവിടെ കൊണ്ട് വന്നതാ. ഞങ്ങളുടെ ബന്ധുക്കളെവിടെയാണെന്ന് അറിയില്ല ഇപ്പോള്‍, അന്നുണ്ടായിരുന്ന ബന്ധുക്കള്‍ പലതും ചിതറിപ്പോയി. ഇനി ഇവിടെ നിന്ന് പോകണോ, ഇവിടെ നിന്നും പോകാം’. ഈ സാമൂഹിക ആഘാതം അത് ആരും പഠിക്കുന്നില്ല. അതുംകൂടി പഠിച്ചാല്‍ മാത്രമേ ഈ പറഞ്ഞ പാരിസ്ഥിതിക ആഘാതത്തിലൂടെ കാര്യമുള്ളൂ. ഞാന്‍ പറഞ്ഞു വന്നത് സുസ്ഥിര വികസനമെന്നതും സുസ്ഥിര ഉപയോഗമെന്നതും പറയാന്‍ ഭംഗിയുള്ള വാക്കുകളാണ്. എന്നാല്‍, ഇത് സാമ്പത്തിക ശാസ്ത്രത്തില്‍ ഉറങ്ങിക്കിടക്കുന്ന ഒരു കണ്‍സെപ്റ്റ് മാത്രമായിട്ട് മാറിയിരിക്കുകയാണ്. സാധാരണക്കാര്‍ ഇതുകേള്‍ക്കുമ്പോള്‍ ഞെട്ടിപ്പോകും. ജാര്‍ഗന്‍സ് ഇല്ലാതെ സാധാരണക്കാരുമായി സംവദിച്ച് എന്താണ് ഈ സംഭവമെന്ന് പറയാന്‍ കഴിവുള്ള ഒരു തരത്തിലേക്ക് വന്നാല്‍ മാത്രമേ നമ്മളീ പറഞ്ഞ വികസനം കൊണ്ട് കാര്യമുള്ളു. ജനങ്ങള്‍ക്ക് സ്വീകാര്യമല്ലാത്ത, ജനങ്ങള്‍ക്ക് സന്തോഷം തരാത്ത ഒരു വികസനവും വികസനമല്ല. അതാണ് പ്രധാനമായിട്ടും വാസ്തവത്തില്‍ ഇവിടത്തെ ആളുകള്‍ അറിയേണ്ടത്.
എല്ലാവും ആശ്രയിക്കുന്നത് പ്രകൃതി വിഭവങ്ങളെയണ്, നമ്മള്‍ നേരത്തേ പറഞ്ഞ കായലാണെങ്കിലും തോടുകളാണെങ്കിലും എല്ലാം പ്രകൃതി വിഭവങ്ങള്‍ തന്നെയാണ്. ഈ പ്രകൃതി വിഭവങ്ങളെ ആശ്രയിച്ചു തന്നെയാണ് മനുഷ്യനും പണ്ട് വളര്‍ന്നു വന്നത്. നനവുള്ള സ്ഥലങ്ങളില്‍, വെള്ളം ലഭ്യമായ സ്ഥലങ്ങളില്‍ പോയി കൃഷി ചെയ്താണ് മനുഷ്യന്‍ മുന്നോട്ട് വന്നത്. അതേ സ്ഥലത്തു തന്നെയാണ് വന്യജീവികളും വരുന്നത്. കാരണം, അവിടെയാണ് കൂടുതല്‍ ഭക്ഷണ ലഭ്യതയുള്ളത്. ആ പ്രദേശങ്ങളാണ് അധികം പുല്ലുള്ളത്. അപ്പോള്‍ ഈ പുല്ല് തിന്ന് ജീവിക്കുന്ന ജീവികളും അതിനെത്തിന്ന് ജീവിക്കുന്ന മറ്റു മാംസ ബുക്കുകളും ഒക്കെ കൂടിയുള്ള ആവാസവ്യവസ്ഥ അവിടെയുണ്ടാവുകയാണ്. ഈ ആവാസവ്യവസ്ഥ മനുഷ്യരുടേത് മാത്രമല്ലായിരുന്നു. അവിടെ മനുഷ്യരുമുണ്ടായിരന്നു, വന്യജീവികളുമുണ്ടായിരുന്നു. ആ ഒരു ആവാസ വ്യവസ്ഥയും ആ ഒരു ബന്ധവും പിന്നീട് വഷളാവുകയാണ് ചെയതത്. കാരണമെന്താ, ഈ പ്രകൃതി വിഭവത്തിനെയാണ് മുഴുവന്‍ ആശ്രയിച്ചു കൊണ്ടിരുന്നത്. ഇതേ പ്രകൃതി വിഭവത്തിനെ വന്യജീവകളും ആശ്രയിക്കുമ്പോള്‍ വന്യജീവികളുടെ സ്ഥലത്തേക്ക് മനുഷ്യന്‍ കടന്നുകയറ്റം കൂടി നടത്തുമ്പോള്‍ ഈ പറഞ്ഞ പ്രകൃതി വിഭവങ്ങളുടെ ലഭ്യത വളരെ കുറയും. പ്രകൃതി വിഭവങ്ങള്‍ കുറഞ്ഞുവരികയും അതിനുള്ള മത്സരം കൂടുകയും ചെയ്യുമ്പോള്‍ അതൊരു സംഘര്‍ഷമായിട്ട് മാറുന്നു. വന്യജീവി സംഘര്‍ഷം എന്ന വാക്ക് തന്നെ പണ്ട് ഇല്ലായിരുന്നു. മനുഷ്യനും വന്യജീവികളും തമ്മിലുള്ള ബന്ധമെന്നാണ് പണ്ട് പറയുന്നത്. മനുഷ്യനോ വന്യജീവികള്‍ക്കോ ഏതെങ്കിലും തരത്തില്‍ ബുദ്ധിമുട്ടുണ്ടാകുന്നുണ്ടെങ്കില്‍ അതിനെ കോണ്‍ഫ്‌ളിക്ട് (സംഘര്‍ഷം) എന്ന് പറയുകയായിരുന്നു ഉണ്ടായിരുന്നത്.
1972 ലൊക്കെ എന്തുകൊണ്ട് പരിസ്ഥിതി സംരക്ഷിക്കണമെന്ന് ആരും ചോദിച്ചില്ല, കുറച്ച് പേര് ചോദിച്ചു. 1977കളില്‍ സൈലന്റ് വാലിയുടെ കാലത്തും എന്തുകൊണ്ട് സംരക്ഷിക്കണമെന്ന് ആരും ചോദിച്ചില്ല, പക്ഷെ ചില പ്രശ്‌നങ്ങളൊക്കെ വന്നിരന്നു. അന്ന് കുറേ തെറ്റുകളൊക്കെ പ്രകൃതിക്കാരുടെ ഇടയിലും പറ്റിയിട്ടുണ്ട്. കാരണം, സിംഹവാലന്‍ കുരങ്ങ് അവിടെ മാത്രമൊള്ളുവെന്ന് നുണയൊക്കെ പറഞ്ഞിട്ടുണ്ട്. അന്ന് പറഞ്ഞ ഒരു ശാസ്ത്രജ്ഞനോട് ഇത് നുണയല്ലേ എന്ന് ചോദിച്ചപ്പോള്‍ പ്രകൃതിയെ രക്ഷിക്കാന്‍ വേണ്ടി നുണപറയാം എന്നാണ് പ്രതികരിച്ചത്. സൈലന്റ് വാലിയുടെ കാലഘട്ടത്തില്‍ നമ്മള്‍ കുറേക്കൂടി ബോധവാന്മാരായി എന്ന് നമ്മള്‍ അഹങ്കരിച്ചിരുന്നു. കാരണം, ജനങ്ങളോടൊക്കെ നമ്മളിത് പറഞ്ഞ് മനസ്സിലാക്കി. കേരളം മുഴുവന്‍ സാഹിത്യകാരന്മാരും ചിത്രകാരന്മാരും പ്രാസംഗികരും ശാസ്ത്രജ്ഞരും എല്ലാവരും കൂടി നടന്നു. അന്ന് മരണം വന്നാലും ഇത് നടപ്പാക്കുമെന്ന് പറഞ്ഞ ഒരു രാഷ്ട്രീയക്കാരന്‍ ഇന്ന് ഏറ്റവും വലിയ പ്രകൃതി സ്‌നേഹിയാണ്. അത്രമാത്രം ബോധം അന്നുണ്ടായിരുന്നു നമുക്ക്. അന്ന് നമ്മള്‍ പറഞ്ഞു, മലയാളിക്ക് പ്രകൃതി സംരക്ഷണത്തില്‍ നല്ല ബോധമുണ്ടെന്ന്. പക്ഷെ, വന്ന് വന്ന് ഇപ്പോ ചോദ്യം തുടങ്ങി ‘എന്തിനാ ഇപ്പോ പ്രകൃതി സംരക്ഷിക്കുന്നത്? ആര്‍ക്കു വേണ്ടിയാണ് സംരക്ഷിക്കുന്നത്? ഇവിടെ മനുഷ്യന്‍ മാത്രം പോരെ? ഇവിടെ വനം ആവശ്യമുണ്ടോ? ഇവിട ആനയെ ആവശ്യമുണ്ടോ? ഇവിടെ കടുവയെ ആവശ്യമുണ്ടോ?’ വളരെ അടിസ്ഥാനപരമായ ചോദ്യങ്ങളാണ്, അതിന് ഉത്തരം പറയാന്‍ ഇതുമായി ബന്ധപ്പെട്ടവര്‍ ബാധ്യസ്ഥരുമാണ്. പക്ഷെ, ഞാന്‍ പറയുന്നത് ഇത് എത്ര കഷ്ടമായിപ്പോയി എന്നാണ്. അത്രയും നാള്‍ നടത്തിയ പ്രചരണവും ആ പഠനവുമൊക്കെ വെറുതെയായിപ്പോയി. എന്തുകൊണ്ട് സംരക്ഷിക്കണമെന്ന ചോദ്യത്തിനാണ് പ്രാഥമികമായി ഉത്തരം പറയേണ്ടത്. അതിന് പെട്ടന്ന് ഒരുത്തരം എന്ന നിലക്ക് നിങ്ങളെന്തിനാണ് മൂന്നാര്‍ പോകുന്നത്, നിങ്ങളെന്തിനാണ് അതിരപ്പിള്ളിയില്‍ പോകുന്നത്, നിങ്ങളെന്തിനാ വയനാട് പോകുന്നത് എന്നാണ് ഞാന്‍ ചോദിക്കുക. എന്തോ ഒരു പ്രത്യേകതയുണ്ട്. ആരും ഇവിടെ സന്തോഷിക്കാനായിട്ട്, അല്ലെങ്കില്‍ ഒരു സുഖത്തിനു വേണ്ടി എറണാകുളം നഗരത്തിലൂടെ ആ പുകയൊക്കെ ശ്വസിച്ചോണ്ട് നടക്കാം എന്ന് വിചാരിക്കുമോ? ഇല്ല. മൂന്നാറിലെ ഏസ്തറ്റിക് ബ്യൂട്ടി എന്ന് പറയുന്ന ഒരു സംഭവമുണ്ട്. പ്രകൃതി ഭംഗിയുടെ ഒരു പ്രത്യേകതയുണ്ട്. പ്രധാന മൂല്യം അതുതന്നെയാണ്. സംരക്ഷിക്കുന്ന ഓരോ സ്ഥലത്തിന് നമ്മള്‍ ധാരാളം മൂല്യങ്ങള്‍ കൊടുക്കും, അതില്‍ ഒന്ന് ഈ പറഞ്ഞ ഭംഗിയാണ്. അതിനു ശേഷമാണ് വെള്ളമായാലും ശുദ്ധവായുവായാലും അല്ലെങ്കില്‍ അവിടെ നിന്ന് കിട്ടുന്ന ഔഷധ സസ്യങ്ങളുടെ കണക്കുകളായാലും ഭക്ഷണമായാലും ഒക്കെ.
മദ്രാസില്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാത്തമാറ്റിക്‌സില്‍ ഒരാള്‍ പി.എച്ച്.ഡിക്ക് പഠിച്ച ഒരു വിഷയമുണ്ട്. മദ്രാസില്‍ ചൈന്നൈക്ക് ചുറ്റുമുള്ള മൂന്ന് കുന്നെടുത്തിട്ട് ഈ കുന്നുകളുടെ മൂല്യം എന്താണ്? എത്ര പേര്‍ അവിടെ ആശ്രയിക്കുന്നുണ്ട്? എത്ര മാത്രം ജലലഭ്യത ഉണ്ട്? എത്ര പേര്‍ അവിടത്തെ ഔഷധ സസ്യങ്ങള്‍ക്കു വേണ്ടി ആശ്രയിക്കുന്നുണ്ട്? ഇങ്ങനെയുള്ള ഒരുപാട് ചോദ്യങ്ങള്‍ ചോദിച്ചു കൊണ്ടാണ് അദ്ദേഹം പി.എച്ച്.ഡി ചെയ്തത്. കണ്ണൂര്‍ ജില്ലയിലുള്ള മാടായിപ്പാറ നിന്ന് വരുന്ന വെള്ളത്തിന്റെ കണക്കെടുത്തു അവിടെയുള്ള പ്രകൃതി സ്‌നേഹികള്‍. പഴയങ്ങാടിയിലെ ആളുകള്‍ക്ക് കുടിക്കാനുള്ള വെള്ളം മുഴുവന്‍ അവിടെ നിന്ന് വരുന്നുണ്ട്. പക്ഷെ, മറ്റുള്ളവര്‍ കണ്ടതെന്താണ് ഇവിടെ ഖനനം ചെയ്താല്‍ നല്ല സംഭവമായിരിക്കും. അവര്‍ വെള്ളത്തെ കണ്ടില്ല, അവര്‍ അവിടെ മാത്രം കാണുന്ന സസ്യത്തെ കണ്ടില്ല. അവിടെ ഇതു മാത്രം കാണാന്‍ വരുന്ന ജനങ്ങളെ കണ്ടില്ല, അവരുടെ സന്തോഷത്തെ കണ്ടില്ല. അവര്‍ കണ്ടതെന്താ അവിടെ ഖനനം ചെയ്താല്‍ കിട്ടുന്ന മണ്ണ്, അതില്‍ നിന്ന് കിട്ടുന്ന ചില ധാതുക്കള്‍ അതൊക്കെയാണ് അവരുടെ ശ്രദ്ധയിലേക്ക് പോയത്. അപ്പോ എന്തുകൊണ്ട് സംരക്ഷിക്കണം എന്നതിനെക്കുറിച്ച് കൃത്യമായി ഒരു ചര്‍ച്ച നടത്തേണ്ടതുണ്ട്. ഇന്നിപ്പോ നമ്മുടെ ചര്‍ച്ചയിലത് വരുന്നില്ല പക്ഷെ, അടിസ്ഥാന തത്വം അതുതന്നെയാണ്.
ഈ വിഷയത്തിലെ യാഥാര്‍ഥ്യത്തെക്കുറിച്ച് പറയുകയാണെങ്കില്‍ ഒറ്റ യാഥാര്‍ഥ്യമേ ഉള്ളൂ. ഇവിടെ കുറേ വന്യജീവികളുണ്ട്, കുറേ മനുഷ്യന്മാരുണ്ട്, ധാരാളം ബുദ്ധിമുട്ടുകളുമുണ്ട്. ഇതാണ് അതിന്റെ യാഥാര്‍ഥ്യം. കാരണങ്ങളെന്തായാലും ജനങ്ങള്‍ക്ക് ബദ്ധിമുട്ടുണ്ട്. ഇത് മറന്നുകൊണ്ട് ഇവിടെ ഒരു പ്രകൃതി സംരക്ഷണവും നടക്കില്ല. ജനങ്ങളുടെ പിന്തുണയില്ലാത്ത, ജനങ്ങള്‍ക്ക് വേണ്ടാത്ത, അവരുടെ ഭാവിതലമുറക്ക് ആവശ്യമില്ലെന്ന് തീരുമാനിക്കുന്ന, അവരുടെ നിലനല്‍പിന് വേണ്ട എന്ന് തീരുമാനിക്കുന്ന ഒരു പ്രകൃതി സംരക്ഷണം, വേണ്ടെങ്കില്‍ വേണ്ട എന്നു തന്നെ തീരുമാനിക്കേണ്ടി വരും. കാരണം, അവരെ നയിക്കേണ്ട നേതാക്കളും ചോദിക്കുന്നു, എന്തിനാ സംരക്ഷിക്കുന്നതെന്ന്. ജനങ്ങളെ നേരായ ദിശയിലൂടെ കൊണ്ടുപോകാന്‍ ഒരു നേതൃത്വമില്ല. അതുതന്നെയാണ് ഏറ്റവും വലിയ ശാപം. അവിടെയാണ് ഏറ്റവും വലിയ പ്രശ്‌നവും. യാഥാര്‍ഥ്യമിതാണ് കുറെ മനുഷ്യനും കുറച്ച് വന്യജീവികളും ദുരന്തമനുഭവിക്കുന്നു. നേരത്തെ പറഞ്ഞ സംഘര്‍ഷത്തിന്റെ നിര്‍വചനം അവിടെയാണ്.
മത്സരത്തിന്റെ കാര്യം പറഞ്ഞു. പൊതുവേ എല്ലായിടത്തും പ്രകൃതി വിഭവം വളരെ കുറഞ്ഞ് കുറഞ്ഞ് വരികയാണ്. ധാരാളം കാരണങ്ങള്‍ അതിനുണ്ട്. അമിതമായിട്ടുള്ള ചൂഷണം നടക്കുന്നുണ്ട്, അശാസ്ത്രീയമായ പരിപാലന രീതികളാണുള്ളത്. ഇതെല്ലാം കൊണ്ട് തന്നെ ഇവിടെ പ്രശ്‌നങ്ങള്‍ ധാരാളമായുണ്ട്. ഇതില്‍ ഏറ്റവും പ്രധാന പ്രശ്‌നം ഭൂവിനിയോഗത്തില്‍ വന്ന മാറ്റമാണ്. ഏത് സ്ഥലത്ത് പോയാലും ആ സ്ഥലത്തിന്റെ പഴയ ചിത്രവും ഇപ്പോഴത്തെ ചിത്രവും നമ്മള്‍ താരതമ്യപ്പെടുത്തിക്കഴിഞ്ഞാല്‍ മനസ്സിലാകും ഭൂവിനിയോഗത്തില്‍ ധാരാളം മാറ്റം വന്നിട്ടുണ്ടെന്ന്. കോള്‍ പാടത്തിന്റെ ഭൂവിനിയോഗം ഓരോ പത്തു വര്‍ഷം ഇടവേളയില്‍ മൂന്ന് തവണയായി വ്യത്യസ്ത സമയങ്ങളിലുള്ള അതിന്റെ ഭൂപടം തയ്യാറാക്കി. പാടങ്ങള്‍ ഇങ്ങനെ ചുരുങ്ങി വരുകയാണ്. ഇതൊക്കെ സത്യമാണ്, നമുക്കറിയാം. എത്രയെത്ര കെട്ടിടങ്ങളാണ് ഉയര്‍ന്നു വരുന്നത്. എത്രയെത്ര പാട ശേഖരങ്ങളാണ് നികത്തിപ്പോകുന്നത്. ഇത്തരം മാറ്റങ്ങള്‍ എല്ലായിടത്തും നടക്കുന്നുണ്ട്. ഏറ്റവും പ്രധാനപ്പെട്ട പ്രശ്‌നം ഭൂവിനിയോഗത്തില്‍ വന്ന മാറ്റമാണ്. ലോകം മുഴുവന്‍ എവിടെയൊക്കെ വന്യജീവി സംഘര്‍ഷങ്ങളെക്കുറിച്ച് പഠനം നടത്തിയിട്ടുണ്ടോ, അവര്‍ പ്രധാനമായി പറഞ്ഞിരിക്കുന്ന സംഭവം ഭൂവിനിയോഗത്തില്‍ വന്ന മാറ്റമാണ്. ചിന്നക്കനാലില്‍ എന്താണ് സംഭവിക്കുന്നത്? കഴിഞ്ഞ മൂന്ന് പിരീയഡിലെ പഴയചിത്രങ്ങള്‍ നോക്കിക്കഴിഞ്ഞാല്‍ പണ്ടുണ്ടായിരുന്ന കാടും പ്രകൃതിയാല്‍ ഉണ്ടായിരുന്ന ആവാസ വ്യവസ്ഥ ചുരുങ്ങി ചുരുങ്ങി ഇപ്പോ അവിടിവിടൊക്കെയായി കുറേ കാടുകളാണ്. ഇപ്പോള്‍ കൂടുതലുള്ളത് റിസോര്‍ട്ടുകളാണ്. കൂടുതലായി കണ്ടു വരുന്നത് തേയിലത്തോട്ടങ്ങളോ ഏലത്തോട്ടങ്ങളോ ആണ്. ഇന്നവിടെയുള്ളതു മുഴുവന്‍ ടൂറിസം സെന്ററുകളാണ്. എന്നിട്ട് നമ്മള്‍ പറയുന്നു ചിന്നക്കനാലില്‍ പ്രശ്‌നം ആണെന്ന്, ഉണ്ടല്ലോ. ചിന്നക്കനാലില്‍ നിന്ന് മൂന്നാറിലേക്ക് ആനക്ക് പോകാന്‍ പറ്റുന്നില്ല. അപ്പോള്‍ ആന ആ പ്രദേശങ്ങളില്‍ കിടന്ന് കറങ്ങി പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു. അവിടെ മഹീന്ദ്രയുടെ റിസോര്‍ട്ടും മറ്റു റിസോര്‍ട്ടുകളും വന്നിട്ടുണ്ട്. ആ വഴിയില്‍ സ്‌കൂള്‍ വന്നിട്ടുണ്ട്. മൂന്നാറിലേക്ക് പോകാന്‍ വിസ്തൃതിയുള്ള ഒരു ഭാഗവുമായി ബന്ധപ്പെട്ട ചിന്നക്കനാല്‍ അഥവാ ആനയിറങ്കല്‍ ആ പ്രദേശത്ത് ഇന്ന് കുറച്ച് ആനകള്‍ കിടന്ന് കളിക്കുകയാണ്. ആ ആനകള്‍ അവിടെത്തന്നെ നിന്ന് മരിക്കണമെന്ന് കുറച്ചാളുകള്‍ ആഗ്രഹിക്കുന്നു. അവരത് നടപ്പിലാക്കികൊണ്ടിരിക്കുന്നു. കാരണം, നമുക്കറിയാം ചെറിയ എണ്ണമേ ഉള്ളുവെങ്കില്‍ അത് അവിടെത്തന്നെ ജനിച്ച് അവിടെത്തന്നെ മരിച്ച് അങ്ങനേ പൊക്കോളും. ആ പ്രദേശത്ത് local extinction എന്ന രീതിയില്‍ സംഭവിച്ചോളും. ചിന്നക്കനാല്‍ നല്ലൊരു ഉദാഹരണമാണ്. വയനാട് എന്താ സ്ഥിതി? വയനാടിന്റെ പഴയചിത്രവും ഇപ്പോഴത്തെ ചിത്രവും ഭൂപടമെടുത്ത് നോക്കുക. എത്രമാത്രം മാറ്റം വന്നിട്ടുണ്ടെന്ന് നോക്കുക. ആളുകളെപ്പോഴും വയനാടിന്റെ കാര്യം പറയുമ്പോള്‍ അവിടെ മുഴുവന്‍ വന്യജീവികളാണെന്ന് പറയാറുണ്ട്. എവിടെ വന്യജീവികള്‍?
വയനാട് വന്യജീവി സംരക്ഷണ കേന്ദത്തിന്റെ അകത്ത് 110 സെറ്റില്‍മെന്റുകളുണ്ട്. എവിടെയെങ്കിലുമൊന്ന് തട്ടിമുട്ടി പോകാതിരിക്കാന്‍ കഴിയില്ല മൃഗങ്ങള്‍ക്ക്. എവിടെയെങ്കിലും മൃഗങ്ങളെ തട്ടാതെ പോകാന്‍ മനുഷ്യനും പറ്റില്ല. ധാരാളം പുതിയ റോഡുകള്‍ വന്നു. ഇത്തരം വികസമെന്ന് പറയപ്പെടുന്ന ധാരാളം നിര്‍മിതികള്‍ വന്നതോടുകൂടി ആ പ്രദേശത്ത് പ്രശ്‌നമായി. ഈ പ്രശ്‌നം ആരും പറഞ്ഞാല്‍ മനസ്സിലാക്കില്ല. വയനാട് പിന്നെന്താ ചെയ്യുക എന്ന് എല്ലാവരും ചോദിക്കും. ഒന്നും ചെയ്യാനില്ല, ആളുകള്‍ മാറുക, എന്നാല്‍ മാത്രമേ ഇത് ശാശ്വതമായി പരിഹരിക്കാനാവുകയുള്ളു. ഇതൊരു സത്യമാണ്. ഇത് ജനങ്ങളെ ഓടിക്കുവാന്‍ വേണ്ടിയുള്ള ഒരു പദ്ധതിയുടെ ഗൂഢ ലക്ഷ്യങ്ങളാണിതിന്‍െയൊക്കെ പിന്നിലെന്ന് വാചകമൊക്കെയടിക്കും. ശരിയാണ്, പ്രശ്‌നം മാറണമെങ്കില്‍ അതേ ഒരു പരിഹാരമൊള്ളു. കുറേപേരെ മാറ്റിയിട്ടുണ്ട്. അത് മാറ്റിയവരുടെ കാര്യം വലിയ തമാശയാണ്. നാലു സെറ്റില്‍മെന്റുകളില്‍ നിന്ന് ആളുകളെ മാറ്റിയിട്ടുണ്ട്. ഞാന്‍ അവിടെയുള്ള എന്റെയൊരു സുഹൃത്തുമായി അവരെപ്പോയിക്കണ്ടു. അതില്‍ ഒരാള്‍ എന്നെ സര്‍ക്കാര്‍ പറ്റിച്ചുവെന്നു പറഞ്ഞു. അതു വലിയ തമാശയായിരുന്നു. ഞാന്‍ ചോദിച്ചു നിങ്ങള്‍ക്ക് പറഞ്ഞ പൈസ കിട്ടിയില്ലേ. ഒരു കുടുബത്തില്‍, 18 വയസ്സിന് മുകളിലുള്ള എല്ലാവരെയും ഒരു കുടുംബമായാണ് കണക്കാക്കുന്നത്. അതായത്, ഒരു കുടുംബത്തില്‍ നാലു പേരുണ്ടെങ്കില്‍ അതില്‍ 18 വയസ്സിനു മുകളിലുള്ള ഒരോരുത്തിരും ഒരു കുടുംബമാണ്, അപ്പോള്‍ നാലു കുടുംബമായി. 15 ലക്ഷം രൂപ വീതം ഓരോ ആളുകള്‍ക്കും കൊടുക്കും. 15 ലക്ഷം ഒന്നുമല്ലെന്ന് അറിയാം. പക്ഷെ അതായിരുന്നു പാക്കേജ്, അത് കൊടുക്കും. അങ്ങനെ ആയാള്‍ പറഞ്ഞു; ഞങ്ങളെ സര്‍ക്കാര്‍ പറ്റിച്ചു, പണ്ട് സര്‍ക്കാര്‍ ഞങ്ങളോട് ഒന്നോ രണ്ടോ കുട്ടികള്‍ മതിയെന്ന് പറഞ്ഞു. ഇപ്പോ രണ്ടു കുട്ടികളുള്ള എനിക്ക് 30 ലക്ഷമേ കിട്ടിയുള്ളു, അപ്പുറത്ത് അഞ്ചും ആറും കുട്ടികളുണ്ട് അവന് കൂടുതല്‍ കാശ് കിട്ടി. അതൊരു തമാശ. വേറൊരാള്‍ പറഞ്ഞു കാടിന്റെ അകത്ത് ഞങ്ങള്‍ കൃഷി ചെയ്ത് ജീവിച്ചിരുന്നപ്പോള്‍ ഞങ്ങള്‍ പുറത്തേക്ക് വന്നപ്പോള്‍ വലിയ സങ്കടമായി കാരണം, ഇപ്പോ ഭക്ഷണം മുഴുവന്‍ പുറത്തുനിന്ന് വാങ്ങുന്ന സാധനങ്ങള്‍ കൊണ്ടാണ്, ഇപ്പോള്‍ ആശുപത്രിയില്‍ പോകാനേ നേരമുള്ളു എന്ന് പറഞ്ഞ്. വേറൊരാള്‍ ആവശ്യപ്പെട്ടത്, ഞാന്‍ താമസിച്ചിരുന്ന എന്റെ മാനുകളും മൃഗങ്ങളുമൊക്കെ സന്തോഷത്തോടുകൂടി ഇരിക്കുന്നുണ്ടോ എന്ന് എനിക്കൊന്ന് കാണണമെന്നാണ്. അതിനെനിക്കൊരു അവസരമുണ്ടാക്കിത്തരണെന്ന് പറഞ്ഞു. പല രീതിയിലാണ് ആളുകള്‍ പ്രതികരിക്കുന്നത് അനുഭവങ്ങള്‍ പറയുന്നത്. ഇതിനെ Voluntary relocation എന്നാണ് പറയുന്നത്. voluntary എന്ന് പറയുമ്പോള്‍ നമുക്കറിയാം, എങ്കിലും നമ്മള്‍ കുറച്ച് പ്രേരിപ്പിച്ചതു കൊണ്ടാണ് അവരീ Voluntary relocation ന് തയ്യാറാകുന്നത്. ഇത്രയധികം സെറ്റില്‍മെന്റുകള്‍ ഇത്രയധികം റോഡുകളൊക്കെ വരുമ്പോള്‍ എന്താ സംഭവിക്കുക? അവിടെ fragmentation സംഭവിക്കുന്നു കഷ്ണങ്ങളായിപ്പോകുന്നു. ഈ കഷ്ണങ്ങളുടെ ഇടയിലൂടെ, കൃഷികള്‍ക്കിടയിലൂടെ, ഈ മനുഷ്യര്‍ക്കിടയിലൂടെയാണ് ഈ ആനയും മാനും കാട്ടുപോത്തുമൊക്കെ നടക്കുന്നത്. അപ്പോള്‍ അതിന്റേതായ പ്രശ്‌നങ്ങളാണ് അവിടെയുള്ളത്. ഇത് പറഞ്ഞാല്‍ അത്ര സുഖമുള്ള വാക്കുകളല്ല. പക്ഷെ യാഥാര്‍ഥ്യം അതാണ്. ആസത്യം മനസ്സിലാക്കാതെ പറ്റില്ല. ഇതു മാത്രമോ, ഇതോടൊപ്പം തന്നെ ഈ ആളുകള്‍ അവിടെ ഉള്ളതുകൊണ്ടുതന്നെ ധാരാളം degradation സംഭവിക്കുന്നു. കാടിന്റെ തനിമ നഷ്ടപ്പെടുന്നു. അതിനെക്കുറിച്ച് ഞങ്ങളൊരു ചെറിയ പഠനം നടത്തിയിരുന്നു. എന്റെ ഒരു സ്റ്റുഡന്‍്, ആള് എം.എസ്.സി ഡെസര്‍ട്ടേഷനു വന്നതാണ്. ഞാന്‍ അയാളോട് വയനാട് മനന്തവാടിക്കടുത്തുള്ള തോല്‍പ്പെട്ടിയിലെ മൂന്ന് ട്രൈബല്‍ സെറ്റില്‍മെന്റുകള്‍ എടുത്ത്, അവരുടെ ആളുകള്‍ അവരുടെ ആവശ്യങ്ങള്‍ക്ക് എത്ര ദൂരം വരെ പോകുന്നുണ്ടെന്ന് നോക്കാന്‍ പറഞ്ഞു. അതായത് കന്നുകാലികളെ മേയ്ക്കാനും വിറകു ശേഖരിക്കാനും മറ്റുമായി വനത്തെ ആശ്രയിക്കാന്‍ ഇവര്‍ എത്ര ദൂരം പോകുന്നുണ്ടെന്ന് നിരീക്ഷിക്കാന്‍ പറഞ്ഞു. അതുപോലെ വന്യജീവികള്‍ ഇവരുടെ സെറ്റില്‍മെന്റിന്റെ എത്ര അടുത്തേക്ക് വരുന്നെണ്ടെന്ന് നോക്കാന്‍ പറഞ്ഞു. ഇതു നോക്കുമ്പോള്‍ ഓവര്‍ലാപ്പിങ് വരുന്ന ഒരു സ്ഥലമുണ്ടല്ലോ. അവിടെ എല്ലായിടത്തും പ്രശ്‌നമാണ്. മനുഷ്യനും വന്യജീവികളും ഏതാണ്ട് ഒരേ സ്ഥലത്തേക്കാണ് വരുന്നത്. ഇതൊരു വലിയ പ്രശ്‌നമാണ്. ഈയൊരു പ്രശ്‌നത്തിലൂടെയാണ് degradationലേക്ക് വരുന്നത്, ശോഷിത വനങ്ങള്‍ എന്നൊക്കെ പറയും. ഇപ്പോള്‍ വനംവകുപ്പ് പറയുന്നു, പ്രശ്‌നം അതൊന്നുമല്ല, ധാരാളം കളകള്‍ ഉണ്ട്, മഞ്ഞക്കൊന്നയാണ് ഇപ്പോഴത്തെ പ്രശ്‌നമെന്ന് പറയുന്നത്, അതുകൊണ്ടാണ് വന്യജീവികള്‍ പുറത്തേക്ക് വരുന്നതെന്ന്.
1992 ലാണ് ഞാന്‍ ആദ്യമായി മനുഷ്യനും വന്യജീവികളെയും പറ്റിയുള്ള ബന്ധത്തെപ്പറ്റി പഠിക്കാന്‍ വയനാട് പോകുന്നത്. അന്നൊരു കൊന്നയുമില്ല. 1890ല്‍ ഫ്രാന്‍സിസ് എന്ന് പറയുന്നൊരു സായിപ്പ് കോഴിക്കോട് നിന്ന് നീലഗിരിയിലേക്കുള്ള യാത്രയില്‍ വയനാടിനെ വിശേഷിപ്പിച്ചിരിക്കുന്നത്, വേലികളുടെ നാടാണ്, ഏറുമാടങ്ങളുടെ നാടാണ് എന്നാണ്. അന്ന് ടൂറിസമൊന്നുമില്ല, വന്യജീവികളെ ഓടിക്കാന്‍ വേണ്ടിയാണ് ഏറുമാടങ്ങള്‍ ഉണ്ടാക്കിയിരിക്കുന്നത്. അന്നും പ്രശ്‌നങ്ങളുണ്ട്. 1818ല്‍ തിരുവിതാംകൂറില്‍ പാര്‍വതി ഭായി മഹാറാണി തിരുമനസ്സ് ഇറക്കിയ ഒരു വിളംഭരമുണ്ട്. അതില്‍ പറയുന്നത് വന്യജീവികളുടെ പ്രശ്‌നങ്ങളുണ്ടെങ്കില്‍ ആ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ വേണ്ട ആയുധങ്ങള്‍, വെടിക്കോപ്പകളെല്ലാം ഏതോ ഒരു ഹജൂര്‍ കച്ചേരിയില്‍നിന്ന് വാങ്ങേണ്ടതാണ് എന്ന് പറയുന്നു. മാത്രമല്ല, കൃഷി ചെയ്യാതെ ഇട്ടുപോരുന്നവര്‍ക്കുള്ള ശിക്ഷ വേറെയും ഉണ്ട്. കാരണം, അന്ന് ഭക്ഷണമാണ് പ്രശ്‌നം. അപ്പോ 1818 ലുമുണ്ട് ഈ പ്രശ്‌നം. ചിലര്‍ പറയും ഈ പ്രശ്‌നം ഇന്നലെ ഉണ്ടായതാണെന്ന്, ചരിത്രം അറിയില്ല. ഒന്നില്ലെങ്കിലും സ്വന്തം മാതാവിനോടോ പിതാവിനോടോ ഒക്കെ ചോദിക്കണ്ടേ എന്താണ് അവിടെ സംഭവിച്ചിരന്നതെന്ന്. ഇന്ന് അത് കൂടുതലായി വന്നു എന്നേ ഒള്ളൂ. കൂടുതലായതിന്റെ കാരണം ഞാന്‍ പറയാം. ഒരു പ്രധാന പ്രശ്‌നം നമുക്ക് സഹിഷ്ണുത കറഞ്ഞു എന്നതാണ്. ഞാനും എന്റെ ഭാര്യയും തട്ടാനും മാത്രമുള്ള ജീവിതം മതിയെനിക്ക്. അതിന്റെ അടുത്ത് വേറെയാരും വേണ്ട. ജീവികള്‍ക്ക് സഹവസിക്കാനാകാതെയായി. പറമ്പില്‍ പാമ്പിനെക്കണ്ടാല്‍ അപ്പോ വനംവകുപ്പിനെ വിളിക്കുന്ന സ്ഥിതിയാണ്. ഏത് ജീവി എന്തുചെയ്താലും ഇപ്പോള്‍ സര്‍ക്കാര്‍ നഷ്ടപരിഹാരം കൊടുക്കുന്ന സ്ഥിതിയാണ്. ഇതെല്ലാം വോട്ടാണ്. കണ്ണന്‍ ദേവന്‍ ഹില്‍ പ്രൊഡ്യൂസിന്റെ പഴയ റെക്കോര്‍ഡുണ്ട്, ഓരോ എസ്റ്റേറ്റിലും വരുന്ന മൃഗങ്ങളുടെ കണക്കൊക്കെ അവര്‍ എഴുതിവച്ചിട്ടുണ്ട്. ഞാനത് കണ്ടിട്ടുമുണ്ട്. അന്നും ഇതുപോലെ മൃഗങ്ങള്‍ വരാറുണ്ട്. ഇന്ന് അവിടെയും കുറച്ച് മാറ്റങ്ങള്‍ വന്നു. ലയങ്ങളില്‍ പച്ചക്കറി കൃഷി ചെയ്യാനുള്ള അധികാരവും ഭൂമിയും വിട്ടുകൊടുത്തു. അപ്പോ അവിടെയും പ്രശ്‌നമുണ്ടായി. മറ്റൊരു പ്രശ്‌നമുണ്ടായത്, ലൈവ്‌സ്റ്റോക്ക് ഡെവലപ്‌മെന്റ് ബോര്‍ഡിന്റെ മാടപ്പെട്ടിയില്‍ കന്നുകാലികളെ വളര്‍ത്തുന്ന ഒരു സംവിധാനമുണ്ട്. അവരുടെ പച്ചപ്പുല്ല് ആന തിന്നുന്നു എന്ന് പറഞ്ഞ് അവിടെ സോളാറിന്റെ വേലി വെച്ചു. അതോടെ ആന വേറെ വഴിക്കു പോകാന്‍ തുടങ്ങി. ലക്ഷ്മി എസ്റ്റേറ്റില്‍ ആന കേറി, അവിടെ പ്രശ്‌നുണ്ടായി, പുതിയ സ്ഥലങ്ങളാണ് അവിടെ അപ്രതീക്ഷിതമായി വരുമ്പോള്‍ ധാരാളം പ്രശ്‌നങ്ങള്‍ അവിടെയുണ്ടായി. ഇതേപോലെ സംഭവങ്ങള്‍ ധാരാളമായി പലയിടത്ത് ഉണ്ടായിട്ടുണ്ട്. മറ്റു സംസ്ഥാനങ്ങളിലും നിരവധി പ്രശ്‌നങ്ങളുണ്ട്.
നമ്മുക്ക് സഹിഷ്ണുത കുറഞ്ഞു. എല്ലാത്തിനോടുമുള്ള Attitude മാറി. എല്ലാത്തിനോടും ഒരു പുച്ഛമാണ്. ഇപ്പോള്‍ ആളുകള്‍ എന്തിനാണ് ശുദ്ധവായു, എന്തിനാണ് ശുദ്ധജലം എന്ന് ചോദിക്കും. ഇപ്പോഴത്തെ കുട്ടികള്‍ക്ക് വെള്ളത്തെക്കുറിച്ച് ആകെ അറിയാവുന്നത്, മഴ പെയ്യുമ്പോള്‍ പത്രത്തില്‍ വരുന്ന വാര്‍ത്തയാണ്. ഇത്രമാത്രം മെഗാവാട്ട് വൈദ്യുതിക്കുള്ള വെള്ളം കിട്ടി, ഈ വെള്ളമെന്ന് പറഞ്ഞാല്‍ വൈദ്യുതി ഉത്പാദിപ്പിക്കുവാനുള്ള ഒരു അസംസ്‌കൃത വസ്തുവാണ്. അതിനപ്പുറത്തേക്ക് നമ്മള്‍ ചിന്തിക്കുന്നില്ല. ഇത് കൃഷിക്കാവശ്യമുള്ളതാണ്, ധാരാളം ജീവജാലങ്ങള്‍ വെള്ളത്തെ ആശ്രയിക്കുന്നുണ്ട്. അവിടെയുള്ള മത്സ്യങ്ങള്‍ ധാരാളം ആളുകള്‍ക്ക് ഉപജീവന മാര്‍ഗമാണ്. ഇതൊന്നും പ്രശ്‌നമല്ല. ആകെ നമുക്കറിയാവുന്നത് ഇതാണ്. നേരത്തെ പറഞ്ഞ സുസ്ഥിര വികസനത്തിന്റെ ഭാഗമായിട്ട് സുസ്ഥിരമല്ലാത്ത വികസനമാണല്ലോ നമുക്കാവശ്യം.
വേറെ ഒന്ന് പോളിസി ഡിസിഷന്‍സ് ആണ്. അത് സര്‍ക്കാരുമായും നയരൂപീകരണമായും ബന്ധപ്പെട്ടതാണ്. നേരത്തെ ചിന്നക്കനാലിനെക്കുറിച്ചു പറഞ്ഞു ആനയിറങ്കലിലെ പ്രശ്‌നം. 301 കോളനി എന്ന് പറഞ്ഞൊരു കോളനി വന്നിട്ടുണ്ട്. 301 കോളനി മാത്രമല്ല, അഞ്ച് ട്രൈബല്‍ സെറ്റില്‍മെന്റുകളെ പുറത്തുനിന്ന് കൊണ്ടുവന്ന് താമസിപ്പിച്ചു. അവരോട് കൃഷി ചെയ്തുകൊള്ളാന്‍ ആവശ്യപ്പെട്ടു. അവര്‍ എവിടെ കൃഷി ചെയ്യാനാണ്. ആന വന്നിട്ട് ആ പാവങ്ങള്‍ക്കവിടെ നില്‍ക്കാന്‍ വയ്യ. ഇപ്പോള്‍ പറഞ്ഞാലും അവര്‍ ഇറങ്ങാന്‍ തയ്യാറാണ്. സ്ഥലവും കാഷും കൊടുക്കുകയാണെങ്കില്‍ അവര്‍ പോകാന്‍ തയ്യാറാണ്. അന്ന് വനംവകുപ്പിന്റെ ഒരു ഡി.എഫ്.ഒ കത്തെഴുതി. ചെയ്യല്ലേ, പുലിവാലാണ്, ഇത് പ്രശ്‌നങ്ങളിലേക്കേ പോകൊള്ളൂ. ചെവിക്കണ്ടില്ല, അന്ന് തീരുമാനമെടുത്തത് രാഷ്ട്രീയ നേതൃത്വങ്ങളാണ്. അന്ന് തീരുമാനമെടുത്തവര്‍ ഇന്നെന്തെങ്കിലും പറയുന്നുണ്ടോ. കഴിഞ്ഞ ദിവസം ആറളം വന്യജീവി സങ്കേതത്തില്‍ രണ്ടുപേരെ ആന കൊന്നില്ലേ. ആറളം പുനരധിവാസ കേന്ദ്രത്തിനടുത്തുവെച്ചാണ് ഒരു ഭാര്യയേയും ഭര്‍ത്താവിനെയും ആന കൊന്നത്. ആ ആദിവാസികള്‍ അവിടത്തുകാരല്ല. അവിടേക്ക് ആദിവാസികളെ കൊണ്ട് നടയിരുത്തുമ്പോള്‍ അന്നും ഡി.എഫ്.ഒ ഒരു കത്തെഴുതി. ‘ ഇവിടെ വെക്കല്ലേ, ഇതു പ്രശ്‌നമാകും, ഇത് വന്യജീവി സംരക്ഷണ കേന്ദ്രത്തിനടുത്താണ്. പകരം സ്ഥലം കൊടുക്കണമെന്നുണ്ടെങ്കില്‍ ആറളം ഫാമും കഴിഞ്ഞ് അപ്പുറത്തെ സ്ഥലത്ത് കൊടുത്തോളൂ’ എന്നു പറഞ്ഞു പക്ഷെ കേട്ടില്ല. വീണ്ടും കത്തെഴുതി, മൂന്നു കത്തുകള്‍ ഇപ്പോഴും എന്റെ കയ്യിലുണ്ട്. എന്നിട്ടിപ്പോ എന്താണ് കേള്‍ക്കുന്നത്, ആളെക്കൊല്ലുന്നു. അന്ന് തീരുമാനമെടുത്ത രാഷ്ട്രീയ നേതൃത്വം ഇന്നുത്തരം പറയുമോ? ഇപ്പോള്‍ ഉത്തരം പറയേണ്ടി വരുന്നത് വനംവകുപ്പുകാരാണ്.
2021 ല്‍ ഹൈക്കോടതി പറഞ്ഞിട്ട് ചീഫ് സെക്രടറി ഒരു കമ്മിറ്റിയുണ്ടാക്കി. രണ്ട് ചീഫ് എഞ്ചിനീയര്‍മാരും ട്രൈബല്‍ ഡെവലപ്‌മെന്റിന്റെ ഒരാളും ഞാനും കൂടെയുള്ള ഒരു വിദഗ്ധ സമിതി. ഞങ്ങള്‍ ചെന്നപ്പോള്‍ തന്നെ നിവേദനവുമായി ആളുകള്‍ വന്നു. ഇവിടെ ഊരാളുങ്കല്‍ മതിലു മതി എന്ന് പറഞ്ഞു. അങ്ങനെ ഒരു മതിലുണ്ടോ? എനിക്ക് കാര്യം മനസ്സിലായെങ്കിലും അറിയാന്‍ വേണ്ടി ചോദിച്ചു. അങ്ങനെയൊര ബ്രാന്‍ഡഡ് മതിലു കേട്ടിട്ടില്ലല്ലോ? അതാണിവിടത്തെ ജനങ്ങളുടെ ആവശ്യമെന്ന് അവര്‍ പറഞ്ഞു. ഞങ്ങള്‍ പറഞ്ഞു ഞങ്ങള്‍ അതിനു വന്നതല്ല, വിഷയം പഠിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ഹൈക്കോടതി പറഞ്ഞ് ചീഫ് സെക്രടറി രൂപം നല്‍കിയ കമ്മിറ്റിയാണ്, ഞങ്ങള്‍ അതിനനുസരിച്ചുള്ള റിപ്പോര്‍ട്ട് തരും. അവിടെ മുമ്പും മതിലു നിര്‍മിച്ചിട്ടുണ്ട്. അവിടെ കോടിക്കണക്കിന് രൂപ പല തവണയായി ചിലവഴിച്ചിട്ടുണ്ട്. അവിടെ സോളാര്‍ ഫെന്‍സ് ഇട്ടിട്ടുണ്ട്, ഇരുമ്പിന്റെ മുള്ളുകൊണ്ടുള്ള ഫെന്‍സിട്ടിട്ടുണ്ട്, മതിലു കെട്ടിയിട്ടുണ്ട്, മതിലിന്റെ മുകളിലിരന്ന് ആന ഡാന്‍സ് ചെയ്ത് പോകുന്നുണ്ട്. അവിടെയുള്ള മതിലുകള്‍ ശക്തിപ്പെടുത്തിക്കൊണ്ട് പണം കിട്ടുകയാണെങ്കില്‍ പരമാവധി ഒമ്പത് മാസത്തിനുള്ളില്‍ ആ പ്രശ്‌നം പരിഹരിക്കാവുന്ന തരത്തിലുള്ള പദ്ധതികള്‍ ഓരോ സ്ഥലത്തിന്റെയും പ്രത്യേകതയനുസരിച്ച് എഴുതി റിപ്പോര്‍ട്ടാക്കി. ഉടനെ ഫോണ്‍ കോള്‍ വന്നു, ഇങ്ങിനെയൊരു റിപ്പോര്‍ട്ട് കൊടുത്താല്‍ ശരിയാവില്ല, ഞാന്‍ പറഞ്ഞു ഇത് ഞങ്ങളുടെ റിപ്പോര്‍ട്ട് ആണെന്ന്. ഹൈക്കോടതി ചോദിച്ചാല്‍ ഞങ്ങളാണ് ഉത്തരം പറയേണ്ടി വരുക. കഴിഞ്ഞ ദിവസം ആ റിപ്പോര്‍ട്ട് ഞാനൊന്ന് മറിച്ച് നോക്കി. 2021 ഒക്ടോബറില്‍ കൊടുത്ത റിപ്പോര്‍ട്ടാണ്, ഇപ്പോള്‍ പറയുന്നു സോളാര്‍ ഫെന്‍സ് വേഗം ചെയ്യാം. അന്നും പറഞ്ഞിരുന്നു, മതിലു ചെയ്യുന്നത് വിഢ്ഡിത്തമാണ്. ഒരു കിലോമീറ്റര്‍ മതിലുണ്ടാക്കണമെങ്കില്‍ ഒന്നരക്കോടി രൂപ വേണം. സോളാര്‍ ഫെന്‍സ് ആണെങ്കിലും ഹാങ്ങിങ് ഫെന്‍സ് ആണെങ്കിലും പരമാവധി 15 ലക്ഷം രൂപ മതിയാകും. ഒന്ന് സംരക്ഷിക്കേണ്ടി വരും. ഇടക്ക് അടിക്കാട് വെട്ടിക്കൊടുക്കുകയും അതിലേക്ക് വള്ളികള്‍ പടരാതിരിക്കാന്‍ ശ്രദ്ധിക്കുകയും വേണം. എന്നാല്‍, ഗുണഭോക്താക്കള്‍ ഇതിനൊന്നും തയ്യാറല്ല. മറുവശത്തുള്ളവര്‍ കാഷ് അധികം ചെലവാക്കേണ്ടത് ഏതാണോ അതാണ് ആഗ്രഹിക്കുന്നത്. മതില്‍ കെട്ടുമ്പോള്‍ മറ്റൊരു ഗുണം കൂടിയുണ്ട്, എവിടെയെങ്കിലും ക്വാറി പൊട്ടിക്കണം, അതൊരു മെച്ചമാണ്. സുസ്ഥിര വികസനത്തിന്റെ ഭാഗമായിട്ട് അവിടെ ക്വാറി വെട്ടുക, ആ ക്വാറിയില്‍ നിന്ന് കല്ലുകള്‍ ഇങ്ങോട്ട് ട്രാന്‍സ്‌പോര്‍ട്ട് ചെയ്യുക, കൂടാതെ മതില്‍ കെട്ടണമെങ്കില്‍ കുറേ മരം വെട്ടുക, ഇങ്ങനെ ഒരുപാട് കാര്യങ്ങള്‍ നടക്കും. പക്ഷെ നടന്നില്ല. ഇപ്പോള്‍ പറയുന്നു, അവിടെ ഉടന്‍ സോളാര്‍ ഫെന്‍സ് വെക്കണം മതിലു കെട്ടാന്‍ വര്‍ഷങ്ങളെടുക്കും. റിപ്പോര്‍ട്ട് തള്ളിക്കൊണ്ട് മൂന്ന് മന്ത്രിമാര്‍ വന്നിരുന്നാണ് മതിലുകെട്ടാന്‍ തീരുമാനിച്ചത്. ഇവരാരും ഇപ്പോള്‍ ഉത്തരവാദിത്വം പറയാനില്ല.
അടുത്ത വിഷയം വന്യമൃഗങ്ങളുടെ എണ്ണം കൂടിയതാണ്. ആനയുടെയും കടുവയുടെയും കാട്ടുപോത്തിന്റെയുമൊക്കെ എണ്ണം കൂടിയത് പറയാന്‍ ഒരു കണക്കുമില്ല. അത് നമ്മുടെയും കൂടി പരാജയമാണ്. എന്തെന്നാല്‍ വയനാട്ടില്‍ ആനയുടെ എണ്ണം കൂടിയാല്‍ പ്രശ്‌നമാണ്, കാരണം വയനാടിന്റേതായൊരു ആനയില്ല. ആ ആന കര്‍ണാടകയില്‍ പോയി കന്നടയും പറയും തമിഴ് നാട്ടില്‍ പോയി തമിഴും പറയും. സര്‍വ വ്യാപിയായിരിക്കും. ഈ വിഷയത്തില്‍ ഡാറ്റ വെച്ചൊരു വിശകലനം നടത്താന്‍ ഒരുപാട് വര്‍ഷങ്ങളായി പറയുന്നു. പക്ഷെ, ഒന്നും ചെയ്യുന്നില്ല.
2017ല്‍ ഉള്ള റിപ്പോര്‍ട്ടില്‍ ഞാനും കൂടി ഓതറാണ്. അന്നും ഞാന്‍ പറഞ്ഞു കര്‍ണാടകയിലെയും തമിഴ്‌നാട്ടിലെയും കൂടെ കണക്കുകള്‍ കിട്ടുകയാണെങ്കില്‍ മുന്നോട്ടു പോകാമായിരുന്നുവെന്ന്. ആനയുടെ എണ്ണം കൂടുന്നതിനെക്കുറിച്ച് പണ്ടേ പറയുന്നതാണ്. ബോണ്ടി ലോണ്‍ എന്ന് പേരുള്ള ഒരു സായിപ്പിന്റെ പഴയ പുസ്തകമുണ്ട്. പണ്ടൊക്കെ സായിപ്പുമാര്‍ ഗസറ്റ് നോട്ടിഫിക്കേഷന്‍ പോലെ തത്സമയം കഥകളെഴുതി വെക്കുമായിരുന്നു. അന്ന് മൂന്നാറിനെ കുറിച്ച് പറഞ്ഞപ്പോള്‍ പറയുകയുണ്ടായി തൊടുപുഴയിലെ (അന്ന് തൊടപുറയെന്നാണ് പറയുക) ആളുകള്‍ ഇവിടെ വന്ന് കൃഷി ചെയ്യുന്നുണ്ട്, കൃഷി ചെയ്യുന്ന സ്ഥലം മുഴുവന്‍ ആന പോകുന്ന സ്ഥലമാണ്, പക്ഷെ അവര്‍ പറയുന്നു ആനകളുടെ എണ്ണം കൂടിയതുകൊണ്ടാണ് ഇവിടെ കൃഷി നശിച്ചതെന്ന് അവര്‍ പറയുന്നു. ഇത് തെറ്റാണ് എന്ന് സായിപ്പ് അന്ന് പറഞ്ഞിട്ടുണ്ട്. ഇത് തന്നെയാണ് ഇപ്പോഴും പറയാനുള്ളത്, പലയിടത്തുമുള്ള പ്രശ്‌നം അതാണ്. ഇവിടെ എല്ലാം കണക്കിലെടുത്തു കൊണ്ടുള്ള സംഭവങ്ങളില്ല. ഇവിടെ ഒന്നില്ലെങ്കില്‍ ഒരു ജീവിയെ അല്ലെങ്കില്‍ മനുഷ്യനെ തനിച്ച് കണ്ടാണ് കാര്യങ്ങള്‍ തീരുമാനിക്കുന്നത്. ഈയൊരു ആവാസ വ്യവസ്ഥയെക്കൂടി കണക്കിലെടുക്കണം.
വന്യജീവി സംരക്ഷണത്തിനു വേണ്ടി, പ്രശ്‌നങ്ങളുടെ ആഘാതം കുറക്കുവാന്‍ ചില തത്വങ്ങളുണ്ട്. ഒന്ന് കഴിയുന്നത്ര ചിലവ് കുറഞ്ഞതും അതേ സമയം പ്രയോജനപ്രദവുമാകണം. രണ്ട്, അതിന്റെ ഗുണഭോക്താക്കള്‍ക്ക് സ്വീകാര്യമായിരിക്കണം. മറ്റൊന്ന് Site specific ആയിരിക്കണം. അതായത് വയനാട് വിജയിച്ചു എന്നു കരുതി മറ്റൊരു സ്ഥലത്തുകൊണ്ടു പോയാല്‍ വിജയിക്കണമെന്നില്ല. മിറ്റിഗേഷനില്‍ എഫിഷന്‍സി എന്ന ഒരു കാര്യമുണ്ട്. അത് എവിടെയും നോക്കുന്നില്ല. പിന്നൊന്ന്, ഇതൊരു വന്യജീവിയുടെ ബയോളജിസ്റ്റുകളുടെ പ്രശ്‌നം മാത്രമല്ല, ഇതൊരു സാമൂഹ്യ പ്രശ്‌നമാണ്. ഒരു സാമ്പത്തിക വശമുണ്ട്, പൊളിറ്റിക്കല്‍ ഇക്കോളജി എന്ന് പറഞ്ഞൊരു സംഭവമുണ്ട് ഇതല്ലാം കൂടിച്ചേര്‍ന്ന് ഒരു അവിയല്‍ പരുവത്തിലാണ്. നിങ്ങള്‍ എവിടെയെങ്കിലും പോയിട്ട് കൃഷിക്കാരോട് അല്ലെങ്കില്‍ ബുദ്ധിമുട്ടുള്ളവരോട് ചോദിച്ചാല്‍ അവര് പറയും ഞങ്ങള്‍ക്ക് പട്ടയം കിട്ടിയിട്ടില്ല, ഞങ്ങളെ വനംവകുപ്പ് ഉപദ്രവിക്കുന്നു, വന്യജീവികള്‍ വന്നാല്‍ കൊല്ലാന്‍ സമ്മതിക്കുന്നില്ല, കൊന്നാല്‍ തിന്നാന്‍ സമ്മതിക്കുന്നില്ല.
സര്‍ക്കാര്‍ എന്തൊക്കെ ചെയ്തു? അത് നല്ല തമാശയാണ്. ഇത്തരം കുറേ റിപ്പോര്‍ട്ടുളുണ്ട്. കേരളത്തില്‍ ഇന്ന് വരെ നടപ്പിലാക്കിയിട്ടുള്ള ഇത്തരം പ്രതിരോധ മാര്‍ഗങ്ങള്‍ എത്രത്തോളം ഫലപ്രദമാണെന്ന് പഠിക്കാന്‍ വേണ്ടി എനിക്ക് കാഷ് തന്നു. സര്‍ക്കാറല്ല വൈല്‍ഡ് ലൈഫ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ. ഈ വിഷയത്തെക്കുിച്ച് പഠിക്കുവാന്‍ പറഞ്ഞു. ഞാന്‍ കേരളത്തിലെ പല സ്ഥലങ്ങളില്‍ പോയി പഠനം നടത്തി 2010ല്‍ റിപ്പോര്‍ട്ട് നല്‍കി. പക്ഷെ ഒര കാര്യവുമില്ല, ആ റിപ്പോര്‍ട്ട് എവിടെയൊക്കെയോ കിടക്കുന്നുണ്ട്. അതില്‍ എന്തുകൊണ്ട് നന്നായില്ല എന്നും പറയുന്നുണ്ട്. പുനലൂര്‍ കാടിനകത്തുള്ള ഒരു ട്രൈബല്‍ കോളനിയില്‍ 10 വര്‍ഷമായി ഒരു സോളാര്‍ ഫെന്‍സ് വര്‍ക്ക് ചെയ്യുന്നുണ്ട്. അവിടെ ഐ.ടി.ഐ പാസായ ഒരു പയ്യനുണ്ട്, അവന്‍ അസ്സലായി മെയ്ന്റെയിന്‍ ചെയ്യും അടിക്കാടി വെട്ടും സംരക്ഷിക്കും. പക്ഷെ നമ്മുടെ നാട്ടില്‍ പറ്റില്ല.
നമ്മള്‍ ജനജാഗ്രതാ സമിതിയുണ്ടാക്കി, ഡിസ്ട്രിക്ട് ലെവല്‍ കോണ്‍ഫ്‌ലിക്റ്റ് കമ്മിറ്റിയുണ്ടാക്കി, ഹൈക്കോടതിയുടെ നേതൃത്വത്തില്‍ നമ്മള്‍ മൂന്ന് വിദഗ്ധരുള്ള ഒരു കമ്മിറ്റിയുണ്ടാക്കി. ഇതൊന്നും കൂടാതെ അന്താരാഷ്ട്ര വിദഗ്ധര്‍ ഉള്‍ക്കൊള്ളുന്ന ഒരു കമ്മിറ്റിയുണ്ടാക്കി. എന്നിട്ടെന്തായി ഒന്നും സംഭവിച്ചില്ല. ഇപ്പോള്‍ പറയുന്നു, ഓരോ വനംവകുപ്പ് ഉദ്യോഗസ്ഥന്മാര്‍ക്കും വന്യമൃഗങ്ങളെ എങ്ങനെ നേരിടണം ഏതൊക്കെ രീതിയില്‍ പെരുമാറണമെന്ന് റിപ്പോര്‍ട്ട് കൊടുക്കാന്‍ നിശ്ചിച്ചു നല്‍കിയിട്ടുണ്ട് എന്ന്. നിലവില്‍ സംഭവിച്ചു കൊണ്ടിരിക്കുന്നത് ഇങ്ങനെ കുറേ കാര്യങ്ങളാണ്.
മൂന്നാറില്‍ ആനകള്‍ വരാനുള്ള പ്രധാനപ്പെട്ട കാരണം വേസ്റ്റ് ആണ്. അവിടെ കല്ലാറെന്ന് പറയുന്ന സ്ഥലത്ത് ആന വേസ്റ്റിന്റെ നടുക്ക് നിന്ന് തിന്നുന്ന ഫോട്ടോയുണ്ട്. ആന മാത്രമല്ല പന്നിയും കുരങ്ങുമൊക്കെ വരുന്നതിന്റെ കാരണമതാണ്. വേസ്റ്റ് തിന്നുന്ന ജീവികളുടെ പ്രജനനത്തെക്കുറിച്ച് നമുക്ക് പ്രവചിക്കാന്‍ പോലും കഴിയില്ല. ധാരാളം ഓര്‍ഗാനിക് സാധനങ്ങള്‍ അടിച്ചുകയറ്റുമ്പോള്‍ നമ്മള്‍ ചിന്തിക്കുന്നതിനുമപ്പുറത്തേക്ക് പ്രജനനം നടക്കും.
മൂന്നാറിലെ മാടുപ്പെട്ടിയില്‍ പോയിക്കാണും അവിടെ എത്രയെത്ര കടകളാണുള്ളത്. അവിടെയെല്ലാം ആനക്കു വേണ്ട ഭക്ഷണമെല്ലാമുണ്ട്. എന്നിട്ടും ആനകള്‍ വരരുതെന്ന് പറയുകയാണ്. പല കടകള്‍ക്കും ലൈസന്‍സും പെര്‍മിഷനുമൊന്നുമില്ല. ഇതിനെതിരെ റിപ്പോര്‍ട്ട് കൊടുത്താല്‍ ചീത്ത പറയും. ഇപ്പോള്‍ പുതിയ ഒരു തീരമാനത്തിലാണ്. ശോഷിത വനത്തെ മുഴുവന്‍ ഉത്തേജിപ്പിക്കാന്‍ പോവുകയാണ്. കുറച്ച് വര്‍ഷങ്ങള്‍ക്കു മുമ്പ് വേള്‍ഡ് ബാങ്കിന്റെ പൈസ മുടക്കി അസിസ്റ്റഡ് നാച്ചുറല്‍ റീജെനറേഷന്‍ എന്ന് പറഞ്ഞ് കുറച്ച് ഇക്കോളജിക്കല്‍ റീസ്റ്റോറേഷന്‍ പരിപാടികള്‍ നടത്തിയിരുന്നു. അതിന്റെ കണക്കുകള്‍ എവിടെ? അതിന് എന്ത് സംഭവിച്ചു? ധാരാളം സത്യങ്ങള്‍ ഇങ്ങനെ കെട്ടിക്കിടക്കുകയാണ്. ഒന്ന് ഗവര്‍ണന്‍സിലുള്ള പ്രശ്‌നമാണ് അക്കൗണ്ടബിലിറ്റിയില്ല, ട്രാന്‍സ്പിരന്‍സിയില്ല, ചരിത്രം പരിശോധിക്കുന്നില്ല. പിന്നെ രാഷ്ടീയ നേതൃത്വത്തിന് എന്തും ചെയ്യാം, ആരും ചോദിക്കാനും പറയാനുമില്ല. ആ ഒരു രീതിയില്‍ നിന്ന് മാറിയേ പറ്റുകയുള്ളു. ഇതുപോലെ നിരവധി പ്രശ്‌നങ്ങളുണ്ടാകും. കഴിഞ്ഞ ദിവസം മരിച്ച വനംവകുപ്പ് ഉദ്യോഗസ്ഥരുടെ ഒരു കണക്ക് കണ്ടു. ധാരാളം വനംവകുപ്പ് ഉദ്യോഗസ്ഥരാണ് ഇതുമായി ബന്ധപ്പെട്ടും അല്ലാതെയും മരിച്ച് പോയിട്ടുള്ളത്. തൃശൂര്‍ക്കാരായതു കൊണ്ട് ഒരു സംശയം കൂടെ ചോദിക്കാം. ഞെറ്റിപ്പട്ടം വെച്ച ആന ആരെ കൊന്നാലും ഒരു പ്രശ്‌നമില്ലല്ലേ? ആരും സമരം ചെയ്യില്ല. മൃതദേഹവുമായി ആരും തെരുവിലിറങ്ങില്ല, നഷ്ടപരിഹാരവും ചോദിക്കില്ല. അതെന്താ രണ്ടിനോടും രണ്ട് സമീപനം. ഇതൊക്കെയാണ് പ്രശ്‌നങ്ങള്‍. ആലോചിക്കണം. ഈ വസ്തുതകള്‍ക്കൂടി മനസ്സിലാക്കിയിട്ട് വേണം നമ്മള്‍ പ്രതികരിക്കാന്‍.
(‘പരിസ്ഥിതി വികസനം -വന്യജീവി ആക്രമണം; വിദഗ്ധര്‍ക്ക് പറയാനുള്ളത്’ എന്ന തലക്കെട്ടില്‍ വെല്‍ഫെയര്‍ പാര്‍ട്ടി തൃശൂരില്‍ സംഘടിപ്പിച്ച സെമിനാറില്‍ സംസാരിച്ചത്. തയ്യാറാക്കിയത്: ബശ്‌രിയ തസ്‌നിം)
