നിപയും കോവിഡ് വൈറസുമൊക്കെ കേരളക്കരയെ പിടിച്ചുകെട്ടിയിട്ട് ഒരുപാട് കാലമൊന്നുമായില്ല. മനുഷ്യന് കൂടെയുള്ള മനുഷ്യനെ പേടിയായിരുന്ന കാലം. അടുത്തൊരാള്‍ തുമ്മിയാലോ തൊണ്ട കനപ്പിച്ചാലോ ദൂരേക്ക് മാറി നിന്നിരുന്ന മാസ്‌കുകളുടെ കാലം. അന്ന് സ്വന്തവും ബന്ധവുമൊന്നും നോക്കാതെ എല്ലാ വീട്ടിലേക്കും വിവരങ്ങള്‍ അന്വേഷിക്കാന്‍ ഒരു മടിയും കൂടാതെ ഓടി വന്നിരുന്ന ആശമാര്‍ ഇന്ന് സെക്രടറിയേറ്റിനു മുന്നില്‍ സമരത്തിലാണ്. നിപ പ്രതിരോധത്തിനും കൊറോണയെ തുരത്തുന്നതിനും പിണറായി സര്‍ക്കാറിന് ലഭിച്ച പ്രശംസയുടെ സിംഹഭാഗവും ആശമാര്‍ക്ക് അവകാശപ്പെട്ടതായിരുന്നു. വാക്‌സിന്‍ വിതരണത്തിനും ക്വാറന്റൈനില്‍ കിടക്കുന്നവരുടെ ഭക്ഷണമുറപ്പിക്കാനും, അമ്മമാരുടെയും കുഞ്ഞുങ്ങളുടെയും ആരോഗ്യ പരിരക്ഷക്കുമെല്ലാം എല്ലാ വീട്ടിലും മാലാഖമാരെപ്പോലെ അവരെത്തി. ദുരന്ത മുഖങ്ങളിലും കെടാത്ത പ്രത്യാശയുമായി ആശമാരെത്തി. എന്നാല്‍, ജീവിതം മുന്നോട്ട് കൊണ്ടുപോകാനാകാതെ ആശമാര്‍ തെരുവിലിരിക്കുകയാണ്. സമരം ആഴ്ചകള്‍ പിന്നിട്ടിരിക്കുന്നു. ചെയ്യുന്ന ജോലിക്ക് മാന്യമായ വേതനം എല്ലാവരുടെയും അവകാശമാണ്. കുടുംബവും പ്രാരാബ്ദവുമുള്ളവര്‍ തന്നെയാണ് ആശാ വര്‍ക്കര്‍മാരായി സമൂഹത്തിലേക്കിറങ്ങുന്നത്. അടിക്കടി ഉയരുന്ന ജീവിത ചിലവുകളും വിലക്കയറ്റവും ഇവര്‍ക്ക് ലഭിക്കുന്ന തുച്ഛമായ വരുമാനം കൊണ്ട് പ്രതിരോധിക്കാനാവുന്നില്ലെന്നതാണ് സത്യം. ജീവിതമാര്‍ഗം മുന്നോട്ട് കൊണ്ടുപോകാനുള്ള സമരത്തിലാണ് ആശമാര്‍.
ആരാണ് ആശാ വര്‍ക്കര്‍മാര്‍? എന്തിനാണ് സമരം?
2005 ല്‍ ലോകബാങ്കിന്റെ സാമ്പത്തിക സഹായത്തോടെ രാജ്യത്ത് ആരംഭിച്ച പദ്ധതിയാണ് ASHA (Accredited social health activist). 2007 ല്‍ കേരളം ദേശീയ ഗ്രാമീണാരോഗ്യ ദൗത്യം അംഗീകരിച്ചതോടെ ആശാ തൊഴിലാളികളെ പ്രാഥമികരോഗ്യ സംവിധാനത്തിന്റെ ഭാഗമാക്കി ചേര്‍ത്തു. കുറഞ്ഞ ചെലവില്‍ കൃത്യമായ ആരോഗ്യ സംവിധാനങ്ങള്‍ എത്തിക്കാനായിരുന്നു പദ്ധതി. പദ്ധതിയുടെ തുടക്കത്തില്‍ 60 ശതമാന ഫണ്ട് കേന്ദ്ര സര്‍ക്കാറാണ് നല്‍കിയിരുന്നത്. അതിന്റെ വിനിയോഗാധികാരം കേരള സര്‍ക്കാറിനും. 2008 മുതലാണ് കേരളത്തില്‍ ആശമാര്‍ സേവനമാരംഭിച്ചത്. സര്‍ക്കാര്‍ ജോലിക്കാര്‍ക്ക് ലഭിക്കുന്നത് പോലുള്ള ആനുകൂല്യങ്ങളൊന്നും ആശമാര്‍ക്ക് ലഭിക്കാറില്ല. പകരം, നിശ്ചിത ജോലികള്‍ക്കുള്ള ഓണറേറിയം ആണ് ലഭിക്കുന്നത്. നിലവില്‍ മാസം 7,000 രൂപയാണ് ഓണറേറിയമായി ലഭിച്ചുകൊണ്ടിരിക്കുന്നത്.
ഓണറേറിയും ഇന്‍സെന്റീവ് കുടിശ്ശിക തുകയും സര്‍ക്കാര്‍ നല്‍കിയെങ്കിലും ബാക്കി ആവശ്യങ്ങള്‍ കൂടെ പരിഗണിക്കാതെ ആശമാര്‍ പിന്മാറാന്‍ തയ്യാറല്ല. കേവലം 232 രൂപയാണ് നിലവില്‍ ആശമാര്‍ക്ക് ലഭിക്കുന്ന ദിവസവേതനം, യാത്രാക്കൂലി പോലും ഇവര്‍ കയ്യില്‍നിന്നാണ് കൊടുക്കുന്നത്. ആശമാര്‍ ഉള്‍പ്പെടെയുള്ള സ്‌കീം ജീവനക്കാരുടെ ദിവസവേതനം 700 രൂപയാക്കുമെന്ന് 2021ലെ പ്രകടനപത്രികയില്‍ സി.പി.എം വ്യക്തമായിരുന്നെങ്കിലും കേന്ദ്രസര്‍ക്കാറിനെ കുറ്റപ്പെടുത്തി കൈയ്യൊഴിയുന്ന സമീപനമാണ് സര്‍ക്കാര്‍ തുടരുന്നത്.
തുടക്കത്തില്‍ രണ്ടോ മൂന്നോ മണിക്കൂറാണ് ആശമാര്‍ക്ക് ജോലിചെയ്യേണ്ടിയിരുന്നൊള്ളു. അതുകഴിഞ്ഞാല്‍ മറ്റു ജോലികള്‍ക്ക് പോകാം. എന്നാല്‍, പിന്നീട് ആശമാര്‍ മറ്റു ജോലികള്‍ പോകരുതെന്ന് സര്‍ക്കാര്‍ ഉത്തരവുണ്ടായി. രാവിലെ ഒമ്പതു മുതല്‍ വൈകീട്ട് നാലു വരെ ഫീല്‍ഡിലുണ്ടാകണം. സാധാരണയായി നാലുമണിക്ക് ജോലി അവസാനിക്കാറില്ല. പലപ്പോഴും ഓണറേറിയമായി ലഭിക്കുന്ന തുകയിലധികവും പിഴയായി പിടിച്ചു പോകാറുണ്ട്. ചുമതല പൂര്‍ത്തിയാകാതിരുന്നാല്‍ ആശമാര്‍ക്ക് കഠിന പിഴയാണ് ചുമത്തപ്പെടുന്നത്. ഡയറി സൂക്ഷിക്കാതിരിക്കുകയോ ഡാറ്റാ റിപ്പോര്‍ട്ടുകള്‍ കൃത്യമായി സമര്‍പ്പിക്കാതിരിക്കുകയോ നിയോഗിച്ച ജോലി പൂര്‍ത്തിയാക്കാതിരിക്കുകയോ പഞ്ചായത്ത് മീറ്റിങ്ങുകള്‍ ഒഴിവാക്കുകയോ ചെയ്താല്‍ 700 രൂപയും ആശാ മീറ്റിങ്ങുകളില്‍ പങ്കുക്കാതിരുന്നാല്‍ 500 രൂപയുമാണ് പിഴ ഈടാക്കുന്നത്. എന്നാല്‍, സ്‌പെഷ്യല്‍ വര്‍ക്കുകള്‍ക്ക് നല്‍കുന്ന പ്രോത്സാഹനത്തുക വളരെ തുഛമാണ്.

ആരോഗ്യ മേഖലയില്‍ സാഹസമേറിയ ജോലികളാണ് പലപ്പോഴും ആശമാര്‍ ചെയ്തുകൊണ്ടിരിക്കുന്നത്. യാതൊരു മുന്‍കരുതലോ സുരക്ഷാ സംവിധാനങ്ങളോ ഇല്ലാതെയാണ് ഇവര്‍ സമൂഹത്തിലേക്ക് ഇറങ്ങിച്ചെല്ലേണ്ടി വരുന്നത്. പലപ്പോഴും സ്വന്തം ചെലവില്‍ പാവപ്പെട്ടവരെ സഹായിക്കുകയും ചെയ്യുന്നു. 2020-21 ല്‍ കേരള സര്‍ക്കാര്‍ കോവിഡ് റിസ്‌ക് അലവെന്‍സായി ആയിരം രൂപ നല്‍കിയെങ്കിലും അതൊരു സ്ഥിരമായ വര്‍ധനയായിരുന്നില്ല. മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് ആശമാരുടെ ഓണറേറിയം വളരെ കുറവാണ്. അതും കൃത്യമായി എല്ലാ മാസങ്ങളിലും നല്‍കുന്നില്ലെന്നും പരാതിയുണ്ട്. കേന്ദ്രം നല്‍കുന്ന ഇന്‍സെന്റിവും വൈകിയാണ് ലഭിക്കുന്നത്. ഈ അസമത്വത്തിനെതിരെയാണ് വെയിലും മഴയും വകവെക്കാതെ ആശമാര്‍ സമരം ചെയ്യുന്നത്. പ്രതിപക്ഷവും മറ്റു രാഷ്ടീയ കക്ഷികളും സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കൂട്ട് ചേര്‍ന്നെങ്കിലും സര്‍ക്കാറിന്റെ ഭാഗത്തുനിന്ന് ഇളക്കമൊന്നുമില്ലാത്തതിനാല്‍ സമരം തുടരുകയാണ്.
ഓണറേറിയം വര്‍ധിപ്പിക്കുക, വിരമിക്കല്‍ ആനുകൂല്യം നല്‍കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ആശാ വര്‍ക്കര്‍മാര്‍ തെരുവിലിറങ്ങിയത്. ഓണറേറിയവും ഇന്‍സെന്റീവും മാസങ്ങളായി മുങ്ങിയതോടെയാണ് ഫെബ്രുവരി 10 ന് കേരള ആശാ ഹെല്‍ത്ത് വര്‍ക്കേഴ്സ് അസോസിയേഷന്റെ നേതൃത്വത്തില്‍ സമരമാരംഭിച്ചത്. ഓണറേറിയം 21,000 രൂപയാക്കുക, 62-ാം വയസില്‍ വിരമിക്കുമ്പോള്‍ 5 ലക്ഷം രൂപ നല്‍കുക തുടങ്ങിയവയായിരുന്നു ആശമാര്‍ മുന്നോട്ട് വെച്ച പ്രധാന ആവശ്യം. 26,000ത്തോളം ആശമാരാണ് സംസ്ഥാനത്ത് ആകെയുള്ളത്. സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉള്‍പ്പെടെയുണ്ടായ സമ്മര്‍ദ്ദങ്ങള്‍ അതിജീവിച്ച് നൂറുകണക്കിന് സെക്രട്ടറിയേറ്റ് മാര്‍ച്ചില്‍ ഉള്‍പ്പെടെ പങ്കെടുത്തത്. ഓണറേറിയും ഇന്‍സെന്റീവ് കുടിശ്ശിക തുകയും സര്‍ക്കാര്‍ നല്‍കിയെങ്കിലും ബാക്കി ആവശ്യങ്ങള്‍ കൂടെ പരിഗണിക്കാതെ ആശമാര്‍ പിന്മാറാന്‍ തയ്യാറല്ല. കേവലം 232 രൂപയാണ് നിലവില്‍ ആശമാര്‍ക്ക് ലഭിക്കുന്ന ദിവസവേതനം, യാത്രാക്കൂലി പോലും ഇവര്‍ കയ്യില്‍നിന്നാണ് കൊടുക്കുന്നത്. ആശമാര്‍ ഉള്‍പ്പെടെയുള്ള സ്‌കീം ജീവനക്കാരുടെ ദിവസവേതനം 700 രൂപയാക്കുമെന്ന് 2021ലെ പ്രകടനപത്രികയില്‍ സി.പി.എം വ്യക്തമായിരുന്നെങ്കിലും കേന്ദ്രസര്‍ക്കാറിനെ കുറ്റപ്പെടുത്തി കൈയ്യൊഴിയുന്ന സമീപനമാണ് സര്‍ക്കാര്‍ തുടരുന്നത്.
