August 9 Sunday 2026

സാവിത്രിഭായി ഫൂലെയും ഇന്ത്യന്‍ സ്ത്രീ വിമോചന മുന്നേറ്റവും

ആരാണ് ഇന്ത്യയിലെ ആദ്യത്തെ വനിതാ അധ്യാപിക? ആരാണ് ഇന്ത്യന്‍ സാമൂഹ്യ വിപ്ലവത്തിന്റെ പിതാവായ മഹാത്മ ഫൂലെക്കൊപ്പം രാജ്യത്തെ ആദ്യത്തെ പെണ്‍പ്പള്ളിക്കൂടം സ്ഥാപിക്കുന്നതിന് മുന്‍കൈയെടുത്ത മഹിളാരത്‌നം ആരാണ്? ഇന്ത്യയിലെ ആദ്യത്തെ ഫെമിനിസ്റ്റ് പ്രസ്ഥാനമായ മഹിളാ സേവാ മണ്ഡല്‍ സ്ഥാപിച്ച സ്ത്രീവിമോചക ആരാണ്? ഇന്ത്യയിലെ ആദ്യത്തെ ശിശുഹത്യാ പ്രതിരോധ സംരക്ഷണ കേന്ദ്രം സ്ഥാപിച്ച സാമൂഹിക പ്രവര്‍ത്തക? പ്രസക്തമായ ഈ ചോദ്യങ്ങള്‍ക്കെല്ലാം ഉത്തരം ഒന്നേയുള്ളൂ, മാതാ സാവിത്രിഭായി ഫൂലെ. ബ്രാഹ്മണിക പുരുഷമേധാവിത്വ വ്യവഹാരങ്ങള്‍ അസ്പൃശ്യത കല്‍പിച്ച് നൂറ്റാണ്ടുകളോളം അറിവിന്റെ ലോകത്ത് നിന്നും ഓരങ്ങളിലേക്ക് തള്ളിമാറ്റിയിരുന്ന ഇന്ത്യയിലെ സ്ത്രീ സമൂഹത്തിനിടയിലേക്ക് പ്രജ്ഞയുടെ വെളിച്ചം പകര്‍ന്ന ജ്ഞാനദേവത എന്ന നിലക്കാണ് ചരിത്രം സാവിത്രിഭായി ഫൂലെയെ അടയാളപ്പെടുത്തിയിട്ടുള്ളത്. ജ്വലിക്കുന്ന ഒരു തീപ്പന്തമായി പ്രകാശിച്ചിരുന്ന അവരുടെ ജീവിതത്തിന്റെ ദിവ്യപ്രകാശത്തില്‍ നിന്നാണ് ലക്ഷോപലക്ഷം വരുന്ന ഇന്ത്യയിലെ സ്ത്രീകള്‍ ആദ്യമായി അക്ഷരലോകത്ത് പ്രവേശിച്ച് ആത്മാഭിമാനത്തോടെ ജീവിക്കാന്‍ ആരംഭിക്കുന്നതും മറ്റുള്ളവര്‍ക്ക് മാതൃകയും പ്രചോദനവുമായി മാറുന്നതും. ‘ഉണരുക, ഉയരുക, വിദ്യയാര്‍ജിക്കുക, പാരമ്പര്യങ്ങളെ തച്ചുടക്കുക, മനസ്സുകളെ സ്വതന്ത്രമാക്കുക, സമുഹത്തെ പരിവര്‍ത്തനം ചെയ്യുക ‘ എന്ന സാവിത്രിഭായി ഫൂലെയുടെ ആഹ്വാനം സവര്‍ണാധിപത്യത്തിന്‍ കീഴില്‍ സ്വാതന്ത്ര്യവും പൗരാവകാശവും നിഷേധിക്കപ്പെട്ട് നൂറ്റാണ്ടുകളോളം അടിച്ചമര്‍ത്തപ്പെട്ടിരുന്ന ശൂദ്രാദിശൂദ്ര പിന്നോക്ക വിഭാഗത്തിലേതുള്‍പ്പടെയുള്ള സ്ത്രീ സമൂഹത്തെ സംബന്ധിച്ചിടത്തോളം അവരുടെ വിമോചന ഗാഥയായാണ് ചരിത്രം രേഖപ്പെടുത്തിയത്. ചുരുക്കത്തില്‍ ഇന്ത്യന്‍ സ്ത്രീ വിമോചന മുന്നേറ്റ പ്രസ്ഥാനത്തിന്റെ ചരിത്രം സാവിത്രിഭായി ഫൂലെ എന്ന ധീരവനിതയുടെ അസാധാരണവും അവിശ്വസിനീയമായ ഐതിഹാസിക ജീവിതവും പോരാട്ടാവുമായി ബന്ധപ്പെട്ടാണ് വികസിച്ചിട്ടുള്ളത് എന്നു കാണാം. പ്രതിബന്ധങ്ങളെയും വിലക്കുകളെയും അസാധാരണവും അവിശ്വസിനീയവുമായ മേധാശക്തിയോടെ നേരിട്ട് ചരിത്രം തിരുത്തിക്കുറിച്ച ആ ധീരവനിതയുടെ ജീവിതം അടിച്ചമര്‍ത്തലുകള്‍ക്കും വിവേചനങ്ങള്‍ക്കും ലിംഗാസമത്വത്തിനുമെതിരെ ഇന്ത്യയിലെ സ്ത്രീ സമൂഹം നടത്തിയ ഉയര്‍ത്തെഴുന്നേല്‍പ്പിന്റെയും ചേതോഹരമായ ചരിത്രം കൂടിയാണ് അനാവരണം ചെയ്യപ്പെടുന്നത്.

ബാല്യം, വിവാഹം, വിദ്യാഭ്യാസം

1831 ജനുവരി 3 ന് മഹാരാഷ്ട്രയിലെ സത്താറ ജില്ലയിലെ നായ്ഗവോണ്‍ എന്ന ഗ്രാമത്തിലായിരുന്നു സാവിത്രി ഫൂലെ എന്ന നവോത്ഥാന നായികയുടെ ജനനം. പൊതുവെ പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം വിലക്കപ്പെട്ടിരുന്ന ആ ഇരുണ്ട കാലഘട്ടത്തില്‍ സാവിത്രിക്ക് അക്ഷരാഭ്യാസം നേടുന്നതിനുള്ള സാധ്യതയുടെ പഴുതുകള്‍ യാതൊന്നും തന്നെ ഉണ്ടായിരുന്നില്ല. അങ്ങനെ ഒരു ജീവിതത്തെപ്പറ്റി പോലും സ്വപ്നം കാണുവാന്‍ അവര്‍ക്ക് കഴിയുമായിരുന്നില്ല. അത്രമേല്‍ പുരുഷാധിപത്യത്തിന്റെ പേക്കൂത്തുകള്‍ അലംഘനീയമാംവിധം നിലനിരുന്ന കാലഘട്ടമായിരുന്നു അത്. പെണ്‍കുട്ടികള്‍ വിദ്യയഭ്യസിച്ചാല്‍ സനാതന സംസ്‌കാരം ക്ഷയിക്കും എന്ന വിശ്വാസമായിരുന്നു അക്കാലത്ത് സമൂഹത്തില്‍ വേരുറപ്പിച്ചിരുന്നത്. മാത്രമല്ല, ശൈശവ വിവാഹവും പ്രാബല്യത്തിലുണ്ടായിരുന്നു. ഇക്കാരണങ്ങളാല്‍ തന്നെ ഒന്‍പതാം വയസ്സില്‍ സാവിത്രി ഫൂലെക്ക് പന്ത്രണ്ട് വയസ്സുകാരനായ ജ്യോതിറാവു ഫൂലയെ അന്നത്തെ കീഴ്‌വഴക്കപ്രകാരം വിവാഹം ചെയ്യേണ്ടിവന്നു. അന്നത്തെ മാമൂലുകളുസരിച്ച് വിവാഹം ശേഷം പെണ്‍കുട്ടികളുടെ ജീവിതം എന്നെന്നേക്കുമായി ഭര്‍ത്താവിന്റെ വീട്ടില്‍ ചങ്ങലക്കിടുകയായിരുന്നു പതിവ്. എന്നാല്‍, വിവാഹ ജീവിതം പതിവ് രീതികള്‍ക്ക് വിപരീതമായി സാവിത്രി ഭായി ഫൂലെയുടെ ജീവിതവീക്ഷണങ്ങളെയും സങ്കല്പങ്ങളെയും കാലാതിവര്‍ത്തിയായി അപ്പാടെ മാറ്റിമറിക്കുന്നതിനാണ് വഴിതുറന്നത്. കൊളോണിയല്‍ കാലഘട്ടത്തില്‍ ബ്രിട്ടീഷ് മിഷണറി സ്‌കൂളില്‍ നിന്നും വിദ്യാഭ്യാസം നേടിയ ജ്യോതിറാവു ഫൂലെയില്‍ നിന്നും വിദ്യാഭ്യാസത്തിന്റെ മഹത്വം തിരിച്ചറിയുന്നതോടുകൂടിയായിരുന്നു മാനസിക പരിവര്‍ത്തനത്തിന്റെ തിരയിളക്കം സാവിത്രിഭായി ഫൂലെയില്‍ ദൃശ്യമായിത്തുടങ്ങിയത്. ഒരു വേള പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം ആര്‍ജ്ജിക്കാനായാല്‍ അതു അവരുടെ കുടുംബ ജീവിതത്തിലും സമൂഹത്തിലും വലിയ മാറ്റങ്ങള്‍ക്ക് വഴി വെളിച്ചമാകുമെന്നു ജ്യോതിറാവു ഫൂലയെപ്പോലെ സാവിത്രി ഫുലെയും വിശ്വസിച്ചു. ഈ ആത്മവിശ്വാസത്തിന്റെ പ്രകാശത്തില്‍ ജ്യോതിറാവു ഫൂലെയുടെ സഹായത്തോടെ എഴുത്തും വായനയും അഭ്യസിച്ച അവര്‍ സ്വഗ്രാമത്തിലെ നോര്‍മല്‍ സ്‌കൂളില്‍ നിന്നും മൂന്നും നാലും വര്‍ഷങ്ങളിലെ പരീക്ഷകള്‍ പാസ്സായ ശേഷം അധ്യാപകവൃത്തിയില്‍ തല്‍പരയാവുകയും അക്കാലത്ത് അഹമ്മദ്‌നഗറില്‍ ബ്രിട്ടീഷ് നിയന്ത്രണത്തില്‍ പ്രര്‍ത്തിച്ചിരുന്ന അധ്യാപക പരിശീലന കേന്ദ്രത്തില്‍ നിന്നും അധ്യാപക പരിശീലനം നേടുകയും ചെയ്തു .

ആദ്യത്തെ പെണ്‍പ്പള്ളിക്കൂടം
ഇക്കാലത്താണ് സാമൂഹ്യ പരിവര്‍ത്തനത്തില്‍ പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിനുള്ള പങ്കിനെപ്പറ്റി ഫൂലെ ദമ്പതികള്‍ ഉള്‍ക്കാഴ്ച്ചയോടെ ചിന്തിക്കുന്നത്. ‘നിങ്ങള്‍ ഒരു പുരുഷന് വിദ്യാഭ്യാസം നല്‍കുമ്പോള്‍ നിങ്ങള്‍ ഒരു വ്യക്തിയെയാണ് വിദ്യാസമ്പന്നനാക്കുന്നത്. എന്നാല്‍, നിങ്ങള്‍ ഒരു സ്ത്രീക്ക് വിദ്യാഭ്യാസം നല്‍കുമ്പോഴാകട്ടെ നിങ്ങള്‍ ഒരു കുടുംബത്തെയും അതിലൂടെ ഒരു രാജ്യത്തെയുമാണ് വിദ്യാസമ്പന്നമാക്കുന്നത് ‘ എന്ന് പില്‍ക്കാലത്ത് സാവിത്രി ഭായി ഫൂലെ എഴുതിയതിന്റെ യുക്തിയും മറ്റൊന്നായിരുന്നില്ല. പെണ്‍കുട്ടികളുടെയും ജാതിസമൂഹം പുറന്തള്ളിയ ശൂദ്രാദിശൂദ്ര അവര്‍ണവിഭാഗങ്ങളുടെയും വിദ്യാഭ്യാഭ്യാസവും ഉദ്ധാരണവും വിമോചനവും ജീവിതദൗത്യമായി തെരഞ്ഞെടുത്ത ഫൂലെ ദമ്പതികള്‍ 1848 – ല്‍ ബുദ്ധവാര്‍പേട്ടില്‍ അവരുടെ സുഹൃത്ത് ഉസ്മാന്‍ ഷെയ്ഖിന്റെ വീടിന്റെ ചായ്പ്പില്‍ ഇന്ത്യയിലെ ആദ്യത്തെ പെണ്‍പ്പള്ളിക്കൂടം തുറന്നുകൊണ്ടായിരുന്നു ഇന്ത്യയില്‍ വിദ്യാഭ്യാസ വിപ്ലവത്തിന് തിരിതെളിച്ചത്. അതോടെ അക്ഷര ലോകത്തിന്റെ വാതായനങ്ങള്‍ ഇന്ത്യന്‍ സ്ത്രീ സമൂഹത്തിനു മുന്നില്‍ ഇദംപ്രഥമായി മലര്‍ക്കെ തുറന്നിടപ്പെട്ടു. വളരെപ്പെട്ടന്ന് ആ വെളിച്ചം മഹാരാഷ്ട്രയിലുടനീളം പടരുകയായിരുന്നു. സാവിത്രിഭായി ഫൂലെയായിരുന്നു ഇന്ത്യയില്‍ ആദ്യമായി സ്ഥാപിക്കപ്പെട്ട ആ പെണ്‍പ്പള്ളിക്കൂടത്തിലെ ആദ്യത്തെ വനിതാ അധ്യാപിക. ഫൂലെ ദമ്പതികളുടെ പ്രേരണയിലും പ്രോത്സാഹനത്തിലും പിന്നീട് ഉസ്മാന്‍ ഷെയ്ഖിന്റെ സഹോദരി ഫാത്തിമ ഷെയ്ഖും അധ്യാപക പരിശീലനം നേടി ഇതേ പള്ളിക്കുടത്തിലെ അധ്യാപികയായി ചരിത്രരചനയില്‍ വ്യാപൃതയായി. ഇവര്‍ പില്‍ക്കാലത്ത് ഇന്ത്യയിലെ പ്രഥമ മുസ്‌ലിം അധ്യാപിക എന്ന പേരില്‍ പ്രസിദ്ധയായി. 1852 ആയപ്പോഴേക്കും ഫൂലെ ദമ്പതികളുടെ അശ്രാന്ത പരിശ്രമത്താല്‍ പൂനയുടെ പ്രാന്തപ്രദേശങ്ങളില്‍ മൂന്നു പെണ്‍ പള്ളിക്കൂടങ്ങള്‍ തുറന്നു പ്രവര്‍ത്തിക്കാനായി. സമൂഹത്തിലെ എല്ലാ വിഭാഗത്തിലെയും പെണ്‍കുട്ടികള്‍ക്കു വേണ്ടിയാണ് ഫൂലെ ദമ്പതികള്‍ പള്ളിക്കൂടങ്ങള്‍ തുറന്നു പ്രവര്‍ത്തിച്ചിരുന്നെങ്കിലും മഹര്‍, മംഗ് വിഭാഗത്തില്‍പ്പെട്ട കുട്ടികളായിരുന്നു അവിടങ്ങളില്‍ കൂടുതലും അഡ്മിഷന്‍ നേടിയിരുന്നത്. 1852 നവംബര്‍ ആയപ്പോഴേക്കും വിദ്യാഭ്യാസ പുരോഗതിക്ക് ഫൂലെ ദമ്പതികള്‍ നല്‍കിയ സ്തുത്യര്‍ഹമായ സേവനങ്ങളെ ബ്രിട്ടീഷ് ഗവണ്‍മെന്റ് ആദരിക്കുകയും സാവിത്രി ഭായി ഫൂലെയെ രാജ്യത്തെ മികച്ച അധ്യാപികയായി തെരഞ്ഞെടുക്കുകയും ചെയ്തതോടെ ഫൂലെ ദമ്പതികളുടെ ഖ്യാതി നാടാകെ വ്യാപിച്ചു. ഫൂലെ ദമ്പതികളുടെ ത്യാഗസുരഭിലായ സേവനവും വിദ്യാഭ്യാസത്തിന്റെ മഹത്വമാണ് ഇതിലൂടെ വിളംബരം ചെയ്യപ്പെട്ടത്. 1855-ല്‍ കൃഷിക്കാര്‍ക്കും തൊഴിലാളികള്‍ക്കും വേണ്ടി ഒരു നിശാപാഠശാല തുറന്നുകൊണ്ടു ഫൂലെ ദമ്പതികള്‍ വിദ്യാഭ്യാസ ചരിത്രത്തില്‍ മറ്റൊരു സുവര്‍ണാധ്യായം കൂടി എഴുതിച്ചേര്‍ത്തു. പള്ളിക്കൂടത്തില്‍ നിന്നും കുട്ടികളുടെ കൊഴിഞ്ഞുപോക്ക് തടയുന്നതിന് സ്‌റ്റൈന്റ് ഏര്‍പ്പെടുത്തിയ സാവിത്രി ഫൂലെ നിശ്ചിത ഇടവേളകളില്‍ അധ്യാപകരുടെയും രക്ഷകര്‍ത്താക്കളുടെയും യോഗം വിളിച്ചു ചേര്‍ത്ത് പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിന് പ്രത്യേക പ്രാധാന്യം നല്‍കുകയും പെണ്‍കുട്ടികളെ നിരന്തരം പ്രോത്സാഹിപ്പിക്കുകയും ചെയ്തു പോന്നു. പെണ്‍കുട്ടികളെ എഴുതുവാനും പ്രസംഗിക്കാനും അവര്‍ നിരന്തരം പരിശീലിപ്പിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്തു പോന്നു. തത്ഫലമായി നിരവധി പ്രതിഭകളെ ഫൂലെ ദമ്പതികള്‍ക്ക് സംഭാവന നല്‍കാനായി. 1852-ല്‍ പൂനയിലെ വെറ്റല്‍പേട്ടില്‍ ഫൂലെ ദമ്പതികള്‍ സ്ഥാപിച്ച പള്ളിക്കൂടത്തില്‍ പഠിച്ച മുക്ത സെല്‍വ എന്ന വിദ്യാര്‍ഥി ദലിത് സാഹിത്യത്തിലെ തന്നെ അറിയപ്പെടുന്ന ആദ്യത്തെ എഴുത്തുകാരിയായി ചരിത്രം തിരുത്തിക്കുറിച്ചത് ഉദാഹരണം മാത്രം.

എന്നാല്‍, 1857- ലെ കലാപത്തെത്തുടര്‍ന്ന് ഫൂലെ ദമ്പതികള്‍ക്ക് കുറച്ചുകാലത്തേക്ക് താല്‍ക്കാലികമായി അവരുടെ പള്ളിക്കൂടങ്ങളുടെ പ്രവര്‍ത്തനം നിര്‍ത്തിവയ്‌ക്കേണ്ടി വന്നു. 1857 ലെ കലാപത്തിന്റെ ഒരു കാരണം പശ്ചാത്യ വിദ്യാഭ്യാസത്തിന്റെ വ്യാപനമാണെന്നു നിരീക്ഷിച്ച കൊളോണിയല്‍ ഭരണകൂടം വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ക്ക് നല്‍കിവന്നിരുന്ന ധനസഹായം നിര്‍ത്തലാക്കിയതായിരുന്നു ഇതിന്റെ പ്രധാന കാരണം. എന്നാല്‍ ഫൂലെ ദമ്പതികള്‍ അവരുടെ ദൗത്യത്തില്‍ നിന്നും പിന്മാറാന്‍ തയ്യാറല്ലായിരുന്നു .അവര്‍ അവരുടെ ദൗത്യവുമായി അചഞ്ചലമായി മുന്നോട്ടു പോവുകയും ഫാത്തിമ ഷെയ്ഖിന്റെയും സുഗുണാഭായിയുടെയും പിന്തുണയോടെ നാട്ടിലാകെ പതിനെട്ട് സ്‌കൂളുകള്‍ തുറന്നു പ്രവര്‍ത്തിക്കുകയും ചെയ്തതോടെ അതൊരു വലിയൊരു സാമൂഹ്യ മുന്നേറ്റമായി വികസിച്ചു. വിദ്യാഭ്യാസ രംഗത്തുണ്ടായ വിപ്‌ളവകരമായ ഈ മുന്നേറ്റം സമൂഹത്തിലെ അടിത്തട്ടു ജനവിഭാഗങ്ങള്‍ക്കിടയില്‍ പരിവര്‍ത്തനത്തിന്റെ നവതരംഗങ്ങള്‍ സൃഷ്ടിച്ചപ്പോള്‍ അനാചാരങ്ങളെയും അന്ധവിശ്വാസങ്ങളെയും ജാതിവഴക്കങ്ങളെയും മുറുകെപ്പിടിച്ചിരുന്ന യാഥാസ്ഥിതികരെ അസ്വസ്ഥരാക്കുകയാണുണ്ടായത്. അവര്‍ നിരന്തരം ഫൂലെ ദമ്പതികള്‍ക്കെതിരെ ആക്രമണം അഴിച്ചുവിട്ടു. ഒരു വേള മഹാത്മ ഫൂലെക്ക് നേരെ വധശ്രമം വരെ ഉണ്ടായി. സാവിത്രി ഭായിക്ക് എതിരെ ഉണ്ടായ അതിക്രമങ്ങളും അവര്‍ണനീയമായിരുന്നു. സാവിത്രിഭായി ഫൂലെ തന്റെ ദൗത്യവുമായി പള്ളിക്കൂടത്തിലേക്ക് പോകുമ്പോള്‍ സവര്‍ണര്‍ അവരുടെ മേല്‍ ചാണകവും ചെളിയും ഗോമൂത്രവും വര്‍ഷിക്കുക പതിവായിരുന്നു. ഈ പരാക്രമങ്ങളെ അതിജീവിക്കാന്‍ ആ മഹിളാരത്‌നം എപ്പോഴും രണ്ടുസാരികള്‍ കൈവശം വച്ചിരുന്നതായി അവരുടെ ജീവചരിത്ര രചയിതാക്കള്‍ രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്.

ആദ്യത്തെ വനിതാവിമോചന പ്രസ്ഥാനം
1852- ല്‍ ആണ് സ്ത്രീകളുടെ ശാക്തീകരണവും ഉദ്ധാരണവും വിമോചനവും ലക്ഷ്യമാക്കി സാവിത്രിഭായി ഫൂലെ മഹിള സേവാ മണ്ഡല്‍ എന്ന സന്നദ്ധ സംഘടനക്ക് രൂപം നല്‍കുന്നത്. മഹിള സേവാ മണ്ഡലിന് മുന്‍പ് സ്ത്രീകളുടെ ശാക്തീകരണവും വിമോചനവും ലക്ഷ്യമാക്കി മറ്റേതെങ്കിലും ഒരു സ്ത്രീ സംഘടന ഇന്ത്യയില്‍ പ്രവര്‍ത്തിച്ചിരുന്നോ എന്ന് സംശയമാണ്. സ്ത്രീകളുടെ അവകാശങ്ങളെ സംബന്ധിച്ച് അവര്‍ക്കിടയില്‍ ബോധവത്ക്കരണം നടത്തുക, വിദ്യാഭ്യാസത്തിന്റെ പ്രസക്തിയെപ്പറ്റി അവരെ ബോധവത്ക്കരിക്കുക, അവരുടെ അന്തസ്സും ആത്മാഭിമാനവും ഉണര്‍ത്തുന്നതിനും ഉയര്‍ത്തുന്നതിനും വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തുക, അനാചാരങ്ങളില്‍ നിന്നും അന്ധവിശ്വാസങ്ങളില്‍ നിന്നും അവരെ മോചിപ്പിക്കുക, പുരുഷമേധാവിത്വത്തിനും സ്ത്രീപുരുഷ അസമത്വത്തിനുമെതിരെ പോരാടുക തുടങ്ങിയവയായിരുന്നു മഹിള സേവാ മണ്ഡലിന്റെ പ്രഖ്യാപിത ലക്ഷ്യങ്ങള്‍. ശൈശവ വിവാഹം, സതി അനുഷ്ഠാനം എന്നീ ദുരാചാരങ്ങളുടെ നിരോധനത്തിനു വേണ്ടിയുള്ള പ്രവര്‍ത്തനങ്ങളും മണ്ഡലിന്റെ പ്രവര്‍ത്തന പരിധിയില്‍ ഉള്‍പ്പെട്ടിരുന്നു. ശൈശവ വിവാഹത്തിനെതിരെ ശക്തമായി പ്രതിഷേധിച്ച മണ്ഡല്‍ വിധവാവിവാഹത്തിനു വേണ്ടിയും പൗരോഹിത്യത്തെ നിരാകരിച്ചു കൊണ്ടുള്ള മാതൃകാ വിവാഹങ്ങള്‍ക്കും നേതൃത്വം നല്‍കിയിരുന്നു. വിധവകള്‍ ജീവിതകാലം മുഴുവന്‍ തല മുണ്ഡനം ചെയ്യണമെന്നും അവര്‍ വിധവകളായി തന്നെ ജീവിതം തള്ളിനീക്കണം എന്ന ദുരാചാരത്തിനെതിരെയും ഒരു വേള സാവിത്രിഭായി ഫൂലെ പ്രക്ഷോഭം തന്നെ സംഘടിപ്പിക്കുകയുണ്ടായി. പ്രക്ഷോഭത്തിന്റെ ഭാഗമായി ബോംബെയിലും പൂനയിലും അവരുടെ ആഹ്വാന പ്രകാരം ബാര്‍ബര്‍മാരുടെ സമരവും സംഘടിപ്പിക്കുകയുണ്ടായി. 1863-ല്‍ ശിശുഹത്യ നിരോധിക്കുക എന്ന ലക്ഷ്യത്തോടെ ബാലഹത്യ പ്രതിബന്ധക് ഗൃഹ എന്ന പേരില്‍ രാജ്യത്തെ ആദ്യത്തെ ശിശു സംരക്ഷണ കേന്ദ്രത്തിന് സാവിത്രി ഭായി ഫൂലെ തുടക്കം കുറിച്ചു. അനാഥ കുട്ടികളെയും വിധവകളെയും വിധവകളുടെ കുട്ടികളെയും സംരക്ഷിക്കുകയായിരുന്നു ഈ കേന്ദ്രത്തിന്റെ പ്രധാന ദൗത്യം. 1874 -ല്‍ ഫൂലെ ദമ്പതികള്‍ കാശിഭായി എന്ന വിധവയുടെ പുത്രനെ യശ്വന്ത് എന്ന പേരില്‍ ദത്തുപുത്രനായി വളര്‍ത്തി ഡോക്ടറാക്കി.

ജാതി സമ്പ്രദായത്തിന് കീഴില്‍ കൊടിയ സാമൂഹ്യ അനീതിയും വിവേചനവും അതിന്റെ പാരമ്യതയില്‍ നിലനിന്നിരുന്ന ഒരു കാലഘട്ടത്തിലായിരുന്നു മഹാത്മ ഫൂലെയും അദ്ദേഹത്തിന്റെ പത്‌നി സാവിത്രി ഭായി ഫൂലെയും സാമൂഹത്തിലെ പാര്‍ശ്വവത്കൃതരുടെയും സ്ത്രീകളുടെയും അവകാശങ്ങള്‍ക്കും സംരക്ഷണത്തിനും വേണ്ടി ത്യാഗമനോഭാവത്തോടെ സാമൂഹ്യ പ്രവര്‍ത്തനങ്ങളില്‍ മുഴുകിയത്. അയിത്തജാതിക്കാര്‍ എന്നു മുദ്രകുത്തപ്പെട്ട ജനവിഭാഗങ്ങളുടെ നിഴല്‍ പോലും സവര്‍ണരെന്നു കരുതിയിരുന്നവരെ അശുദ്ധരാക്കുമെന്നു വിശ്വസിച്ചിരുന്ന ആ കാലത്ത് അവര്‍ക്ക് പൊതുയിടങ്ങളില്‍ ദാഹം ജലം പോലും നിഷേധിച്ചിരുന്നു. സ്വന്തം വീട്ടുമുറ്റത്ത് പൊതുകിണര്‍ നിര്‍മ്മിച്ചു നല്‍കിയാണ് ഫൂലെ ദമ്പതികള്‍ ഈ അനീതിയെ ചോദ്യം ചെയ്തത്. 1873 ല്‍ മഹാത്മ ജ്യോതിറാവു ഫൂലെ സത്യ ഷോഡക് സമാജം (സത്യാന്വേഷകരുടെ സംഘം) എന്ന സാമൂഹ്യ സന്നദ്ധ സംഘടന രൂപീകരിച്ചപ്പോള്‍ അതിന്റെ പ്രധാന ഊര്‍ജ സ്രോതസ്സായി വര്‍ത്തിച്ചതും സാവിത്രിഭായി ഫൂലെയായിരുന്നു.അങ്ങനെ സംഘടിത സാമൂഹ്യ മുന്നേറ്റത്തിലും അവര്‍ പങ്കാളിയായി. ശൂദ്രാദിശൂദ്ര ജന വിഭാഗങ്ങളുടെയും സ്ത്രീകളുടെയും അനാഥരുടെയും വിധവകളുടെയും അയിത്തജാതിക്കാരുടെയും വിമോചനം ലക്ഷ്യമാക്കി പ്രവര്‍ത്തിച്ച സമാജം ചൂഷിതരുടെയും പീഡിതരുടെയും മോചനം സാക്ഷാത്കരിക്കാന്‍ ജാതി ഉന്മൂലനം സാധ്യമക്കേണ്ടതുണ്ടെന്ന് വാദിച്ച നവോത്ഥാന പ്രസ്ഥാനമായിരുന്നു. ഒരു പക്ഷേ ജാതി ഉന്മൂലനത്തിന് വേണ്ടി ശബ്ദമുയര്‍ത്തിയ സാമൂഹ്യ പ്രസ്ഥാനം സത്യ ഷോഡക് സമാജമായിരിക്കാം. സത്യ ഷോഡക് സമാജത്തിന്റെ സ്ത്രീ സംഘത്തിന്റെ മേലധികാരിയായി പ്രവര്‍ത്തിച്ച സാവിത്രിഭായി ഫൂലെ ,മഹാത്മ ജ്യോതിറാവു ഫൂലെയുടെ മരണത്തിന് ശേഷം സമാജത്തിന്റെ അദ്ധ്യക്ഷയായി മരണം വരെ പ്രവര്‍ത്തിച്ചു. 1876 – ലെ ക്ഷാമകാലത്തും 1897-ലെ വരള്‍ച്ചാക്കാലത്തും സാവിത്രിഭായി ഫൂലെ നടത്തിയ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ പരക്കെ ശ്ലാഘിക്കപ്പെടുകയുണ്ടായി. വിദ്യാഭ്യാസ വിചക്ഷണയും സാമൂഹ്യ പരിഷ്‌കര്‍ത്താവും സ്ത്രീവിമോചകയുമായിരുന്ന സാവിത്രിഭായി ഫൂലെ കവയത്രി എന്ന പേരിലും വ്യക്തിമുദ്ര പതിപ്പിച്ചിരുന്നു. 1854 – ല്‍ പ്രസിദ്ധീകരിച്ച കാവ്യഫൂലെ 1892-ല്‍ പ്രസിദ്ധീകരിച്ച ബാവന്‍ കാശി സുബോധ് രത്‌നാകര്‍ എന്നിവ സാവിത്രി ഭായി ഫൂലെയുടെ കവിതാ സമാഹാരങ്ങളാണ്. കവിതാ രചനയെ സാമൂഹ്യ പരിവര്‍ത്തനത്തിന്റെ പടവാളാക്കി മാറ്റിയ എഴുത്തുകാരിയായിരുന്നു സാവിത്രി ഭായി ഫൂലെ എന്ന് അവരുടെ കവിതകള്‍ സാക്ഷ്യപ്പെടുത്തുന്നു. വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം ,ജാതിക്കും ബ്രാഹ്മണാധിപത്യത്തിനുമെതിരെയുള്ള പ്രതിഷേധം ,സ്ത്രീ ശാക്തീകരണത്തിന്റെ അനിവാര്യത, ജാതി നശീകരണം തുടങ്ങി സാമൂഹ്യ പ്രാധാന്യമുള്ള വിഷയങ്ങളാണ് അവര്‍ തന്നെ രചനകള്‍ക്ക് വിഷയങ്ങളായി തെരഞ്ഞെടുത്തത്. വിദ്യാഭ്യാസത്തിന്റെ പ്രാധാന്യത്തെപ്പറ്റി സാവിത്രി ഭായി ഫൂലെ ഇപ്രകാരം എഴുതി ‘ പോകൂ, വിദ്യാഭ്യാസം നേടൂ. നമ്മെ മനുഷ്യരാക്കി മാറ്റാന്‍ വിദ്യാഭ്യാസത്തിന് കഴിയും. അലസത വെടിഞ്ഞു പഠിക്കുക. ദാരിദ്രത്തില്‍ നിന്നും ജാതിവിവേചനത്തില്‍ നിന്നും മോചനം നേടാന്‍ വിദ്യയല്ലാതെ മറ്റു വഴികളില്ല’. വിദ്യാഭ്യാസത്തിന്റെ സാര്‍വര്‍ത്രികയ്ക്കും, സ്ത്രീ ശാക്തീകരണത്തിനും ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് സാമൂഹ്യ പരിവര്‍ത്തനത്തിനും വേണ്ടി ജീവിതം സമര്‍പ്പിച്ച സാവിത്രിഭായി ഫൂലെ പ്ലേഗ് ബാധിതര്‍ക്കിടയില്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ മുഴുകകെ പ്ലേഗ് ബാധിതയായി 1897 മാര്‍ച്ച് 10-ന് വിടവാങ്ങി.

റഫറന്‍സ്: Mahatma Joltirao Phule – The father of Indian social revolution by Dr Danajay Keer | The incredible life of Savitribai Phule , the fearless reformer by Swati Sengupta | അധ:സ്ഥിത നവോത്ഥാന ശില്പികള്‍ By ആര്‍ അനിരുദ്ധന്‍

 

Related