പൗരോഹിത്യം ആരാധനാലയങ്ങളിൽ തളച്ചിടപ്പെടേണ്ടതല്ലെന്നും സമൂഹത്തിലെ ജനങ്ങളുടെ വിമോചനത്തിനായി രംഗത്തു വരേണ്ട ദൗത്യമാണെന്നും തെളിയിച്ച ജീവിതമാണ് റവ.ഫാ. എബ്രഹാം ജോസഫ് വരച്ചു കാട്ടിയത്. മലങ്കര കത്തോലിക്ക സഭയിലെ വൈദികൻ എന്നതിനപ്പുറം അധ്യാപകൻ, ജനകീയ സമര നേതാവ്, ഭരണഘടന വിദഗ്ധൻ, ജനസേവകൻ, പരിണിത പ്രജ്ഞനായ രാഷ്ട്രീയ നേതാവ് എന്നീ നിലകളിലെല്ലാം തിളക്കമാർന്ന പ്രതിഭാ വിലാസം പ്രകടിപ്പിച്ചതായിരുന്നു ആ ജീവിതം.
2011 ഏപ്രിൽ 18 ന് ഡൽഹിയിലെ മാവ്ലങ്കർ ഹാളിൽ വെൽഫെയർ പാർട്ടി പ്രഖ്യാപിക്കപ്പെടുമ്പോൾ പാർട്ടിയുടെ പതാക ഏറ്റുവാങ്ങാൻ നിയോഗിക്കപ്പെട്ടത് റവ.ഫാ എബ്രഹാം ജോസഫ് ആയിരുന്നു. അവിടെ അദ്ദേഹം ഇന്ത്യൻ ഭരണഘടനയെ കുറിച്ചും പാർട്ടിയുടെ രാഷ്ട്രീയ ദൗത്യത്തെ കുറിച്ചും വിശദീകരിച്ചത് “തമസോ മാ ജ്യോതിർ ഗമയ” എന്ന മന്ത്രശകലം ഉദ്ധരിച്ചു കൊണ്ടായിരുന്നു. പിറ്റേദിവസം ഇന്ത്യയിലെ പ്രമുഖ ദേശീയ പത്രങ്ങൾ എടുത്തുദ്ധരിച്ച വാർത്ത ഒരു ക്രൈസ്തവ പുരോഹിതൻ വൈസ് പ്രസിഡൻ്റായി പ്രഖ്യാപിക്കപ്പെട്ട രാഷ്ട്രീയ പാർട്ടിയുടെ സവിശേഷതകളായിരുന്നു.

വൈദികർക്ക് മതനിരപേക്ഷ രാഷ്ട്രീയ പ്രസ്ഥാനങ്ങളിൽ പ്രവർത്തിക്കാനുള്ള വത്തിക്കാന്റെ അനുമതി ഉദ്ധരിച്ചു കൊണ്ടാണ് അദ്ദേഹം വെൽഫെയർ പാർട്ടിയുടെ സ്ഥാപക അംഗങ്ങളിൽ ഒരാളായതും പ്രഥമ ദേശീയ വൈസ് പ്രസിഡന്റ് എന്ന ഉത്തരവാദിത്തം ഏറ്റെടുത്തതും. സാമൂഹ്യ നീതിക്ക് വേണ്ടിയുള്ള രാഷ്ട്രീയം എന്നത് തന്റെ 75 വർഷത്തെ ജീവിതത്തിലുള്ള അന്വേഷണത്തിൽ എത്തിച്ചേർന്ന തീരുമാനമാണ് എന്നും അദ്ദേഹം എപ്പോഴും പറയാറുണ്ടായിരുന്നു.
അക്ഷരാർത്ഥത്തിൽ വിപ്ലവാത്മകവും ത്യാഗ നിർഭരവും സമര തീക്ഷണവുമായിരുന്നു അദ്ദേഹത്തിന്റെ ജീവിതം. 1936 ഒക്ടോബർ 21 ന് ആലപ്പുഴ ജില്ലയിലെ രാമപുരത്താണ് എബ്രഹാം ജോസഫ് ജനിക്കുന്നത്. 1988 മെയ് 23 നാണ് അദ്ദേഹം വൈദിക പട്ടം നേടുന്നത്. അതിന് മുമ്പുതന്നെ കൊല്ലം ജില്ലയിലെ ചെറുവക്കലിൽ സ്കൂൾ അധ്യാപകനായിരുന്നു. അധ്യാപക ജോലി നോക്കുന്നതിനിടയിലാണ് സെമിനാരിയിൽ ചേർന്ന് വൈദികനാകുന്നത്. അഞ്ചലിലും പരിസര പ്രദേശങ്ങളിലുമായി 15 ൽ പരം ചർച്ചുകളിൽ അദ്ദേഹം വൈദികവൃത്തി ചെയ്തിരുന്നു.
വൈദികപ്പട്ടം നേടിയ ശേഷം അദ്ദേഹം മലങ്കര കത്തോലിക്ക സഭക്ക് കീഴിലെ അഞ്ചൽ സെൻ്റ് ജോൺസ് കോളേജിൽ പൊളിറ്റിക്കൽ സയൻസ് വിഭാഗത്തിലെ അധ്യാപകനാവുകയും പിന്നീട് വകുപ്പ് മേധാവിയായി വിരമിക്കുകയും ചെയ്തു. രാഷ്ട്രതന്ത്രത്തിലെ അധ്യാപകൻ എന്ന നിലയിൽ അദ്ദേഹത്തിന്റെ അക്കാദമിക് മികവുകൾ പ്രോജ്ജ്വലമായിരുന്നു. ഭരണഘടനയിലുള്ള അഗാധജ്ഞാനവും ലോകരാഷ്ട്രീയ ചലനങ്ങളെ സംബന്ധിച്ച സൂക്ഷ്മവിശകലനങ്ങളും അധ്യാപകൻ എന്ന നിലയിൽ അദ്ദേഹത്തെ വിദ്യാർത്ഥി സമൂഹത്തിന്റെ പ്രിയങ്കരനാക്കി. 1990ൽ വിരമിച്ച ശേഷവും അദ്ദേഹത്തെ തേടി സെൻ്റ് ജോൺസ് കോളേജിലെ എല്ലാ വിഭാഗത്തിലെയും വിദ്യാർത്ഥികൾ എത്തുമായിരുന്നു.
വൈദികൻ എന്ന നിലയിലും പ്രഗത്ഭനായ അധ്യാപകൻ എന്ന നിലയിലും സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങളുമായി ആഴത്തിലുള്ള ബന്ധം അദ്ദേഹത്തിനുണ്ടായിരുന്നു. അതാണ് അദ്ദേഹത്തെ സാമൂഹ്യ പ്രവർത്തനത്തിലേക്ക് എത്തിച്ചത്. ആദ്യം ലയൺസ് ക്ലബ് വഴിയാണ് അദ്ദേഹം സാമൂഹ്യപ്രവർത്തനങ്ങൾ ആരംഭിച്ചതെങ്കിലും തനിക്ക് പറ്റിയതല്ല എന്ന് തോന്നിയതു കൊണ്ടാകണം വളരെപ്പെട്ടെന്ന് അതവസാനിപ്പിച്ച് സാമ്രാജ്യത്വ വിരുദ്ധ മൂവ്മെൻ്റുകളുമായി സഹകരിച്ചു തുടങ്ങിയത്.
ജനകീയ പ്രതിരോധ സമിതി എന്ന പേരിൽ കേരളത്തിൽ രൂപപ്പെട്ട സിവിൽ മൂവ്മെൻ്റിൽ അദ്ദേഹം സജീവമായി. ജസ്റ്റിസ് വി ആർ കൃഷ്ണയ്യരടക്കമുള്ളവരോടൊപ്പം ജനകീയ പ്രതിരോധ സമിതി വിപുലപ്പെടുത്തുന്നതിൽ നേതൃപരമായ പങ്ക് വഹിച്ചു. ഗാട്ട് കരാറും അതേ തുടർന്നുള്ള ആഗോള സാമ്രാജ്യത്വത്തിന്റെ സാമ്പത്തിക നയസമീപനങ്ങളും ഇന്ത്യൻ സാമ്പത്തിക നയമായി മാറിയ സന്ദർഭത്തിൽ രൂപപ്പെട്ട ആൻ്റി ഇംപീരിയലിസ്റ്റ് മൂവ്മെൻ്റിൻ്റെ അധ്യക്ഷനായത് ഫാ. എബ്രഹാം ജോസഫായിരുന്നു. 2003 ൽ രൂപപ്പെട്ട സോളിഡാരിറ്റി യൂത്ത് മൂവ്മെൻ്റുമായും അദ്ദേഹം വിവിധ സമരങ്ങളിൽ സഹകരിച്ചിരുന്നു.
ഭൂപ്രശ്നങ്ങളുടെ വിഷയത്തിൽ അദ്ദേഹത്തിന് കൃത്യമായ ധാരണയും നിലപാടുമുണ്ടായിരുന്നു. കേരളത്തിലെ ഭൂസമരങ്ങളെ ശക്തിപ്പെടുത്തിയ മുത്തങ്ങ സമരത്തിനും ചെങ്ങറ സമരത്തിനും അദ്ദേഹം പിന്തുണയുമായി എത്തിയിരുന്നു. ചെങ്ങറ സമരത്തിന്റെ ഒന്നാം വാർഷിക പരിപാടിക്കായി സമരഭൂമിയിലേക്കെത്തിയ സാമൂഹ്യ പ്രവർത്തകർക്ക് നേരെ ഭൂസമര വിരുദ്ധരായ തൊഴിലാളി സംഘടനകൾ നടത്തിയ ആക്രമണത്തിൽ അദ്ദേഹത്തിനും പരിക്കേറ്റിരുന്നു. വെളിച്ചിക്കാല കളിമൺ ഖനന വിരുദ്ധ സമരം, കരിമണൽ വിരുദ്ധ സമരം, മുക്കാൽ സെൻ്റ് കോളനി പട്ടയ സമരം അടക്കം കൊല്ലം ജില്ലയിലും സമീപ പ്രദേശങ്ങളിലും നടന്ന ഒട്ടുമിക്ക ജനകീയ സമരങ്ങൾക്കും അദ്ദേഹത്തിന്റെ സാന്നിധ്യം ആവേശം പകർന്നിരുന്നു. സമരങ്ങളിൽ പങ്കെടുക്കുക എന്നത് തന്റെ ദൈവിക ശുശ്രൂഷയാണ് എന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്.
ഈ സമരവീര്യമാകണം സാമൂഹ്യ നീതിക്കു വേണ്ടിയുള്ള രാഷ്ട്രീയത്തിലേക്ക് അദ്ദേഹത്തെ വഴി നടത്തിയത്. അത്തരമൊരു രാഷ്ട്രീയ പാർട്ടി രൂപീകരണത്തിന് മുന്നോടിയായി മുജ്തബ ഫാറൂഖ്, ഡോ.എസ്.ക്യൂ.ആർ ഇല്യാസ് എന്നിവർ തിരുവനന്തപുരത്തെത്തി കേരളത്തിലെ വിവിധ സമൂഹ്യ നേതാക്കളുമായി സംസാരിക്കുന്നതിൻ്റെ ഭാഗമായി അദ്ദേഹവുമായും കൂടിക്കാഴ്ച നടത്തി. പാർട്ടിയുടെ ആശയം അദ്ദേഹത്തെ ആകർഷിക്കുകയും പാർട്ടി രൂപീകരണ ശ്രമങ്ങളിൽ സജീവ പങ്കാളിത്തം വഹിക്കുകയും ചെയ്തു. ആരോഗ്യാവസ്ഥ മോശമാകുന്നതു വരെ കർമ രംഗത്ത് സജീവമായി രാജ്യത്തെമ്പാടും സഞ്ചരിച്ച് പാർട്ടി കെട്ടിപ്പടുക്കാൻ അദ്ദേഹം അശ്രാന്തം പരിശ്രമിച്ചു.
പൗരോഹിത്യം എന്നത് മത സ്ഥാപനങ്ങളുടെ വേലിക്കെട്ടുകളിൽ മാത്രം തളച്ചിടപ്പെടേണ്ടതല്ല എന്നതും ആത്മീയത എന്നത് കേവലമായ ആരാധനാ കാർമികത്വത്തിനുള്ളതല്ല എന്നതും അദ്ദേഹം തൻ്റെ ജീവിതത്തിലൂടെ കാട്ടിത്തന്നു. സാമൂഹ്യനീതിയുടെ രാഷ്ട്രീയത്തിൻ്റെ പതാക ഏറ്റുവാങ്ങിയ അദ്ദേഹം ആ പതാക മുറുകെപ്പിടിച്ചു കൊണ്ട് തന്നെ 2024 ജൂലൈ 9 ന് യാത്രയായി. അദ്ദേഹത്തിന് അന്തിമോപചാരം അർപ്പിക്കാൻ സമൂഹത്തിന്റെ വിവിധ തുറകളിൽ നിന്നെത്തിയ വൻജനാവലി ആ മഹദ് ജീവിതം എത്രമാത്രം ജനകീയമായിരുന്നു എന്ന് വെളിപ്പെടുത്തുന്നതായിരുന്നു.