August 13 Thursday 2026

മുനമ്പം: പരിഹാരം കണ്ടെത്താന്‍ സര്‍ക്കാരിന് ബാധ്യതയുണ്ട്

കേരളീയ സാമൂഹ്യ മണ്ഡലത്തെ ഉലച്ചു കൊണ്ടിരിക്കുന്ന സങ്കീര്‍ണപ്രശ്‌നമായി മുനമ്പം വഖഫ് ഭൂപ്രശ്‌നം മാറിക്കഴിഞ്ഞിരിക്കുന്നു. ഇരട്ടമൂര്‍ച്ചയുള്ള വാളായി മുനമ്പം പ്രശ്‌നത്തെ ഉയര്‍ത്തിക്കൊണ്ടു വന്നത് സംഘ്പരിവാറും, പ്രശ്‌നത്തില്‍ ഇടപെടാതെ നിസംഗത പാലിച്ച കേരള സര്‍ക്കാരുമാണ്. ഹിന്ദുത്വ രാഷ്ട്രീയം രാജ്യത്തെ മുസ്ലിം സമൂഹത്തിന്റെ ഭരണഘടനാദത്തമായ അവകാശാധികാരങ്ങളെ ഹനിക്കാന്‍ വാര്‍ത്തെടുക്കുന്ന നിയമങ്ങളുടെ പട്ടികയില്‍ വഖഫ് നിയമ ഭേദഗതിയുമുണ്ട്. പുതിയ നിയമഭേദഗതിയെ ന്യായീകരിക്കാനുള്ള വാദമായി മുനമ്പം ഭൂപ്രശ്‌നത്തെ കൊണ്ട് വരാന്‍ കേരളത്തിലെ ഹിന്ദുത്വവാദികള്‍ക്കും ഇസ്ലാമോഫോബിയ നിറഞ്ഞു നില്‍ക്കുന്ന പൊതുബോധചിന്തകള്‍ക്കുമായി എന്നതാണ് മുനമ്പം വിവാദങ്ങളിലെ വലിയ ഇംപാക്ട്.

മുനമ്പത്തെ പ്രശ്‌നമെന്ത്?

1902 ല്‍ കൊച്ചിയില്‍ എത്തിയ ഗുജറാത്തുകാരനായ അബ്ദുല്‍ സത്താര്‍ സേട്ടിന് മുനമ്പം വേളാങ്കണ്ണി കടപ്പുറത്തിന് ചുറ്റുവട്ടത്തുള്ള 406 ഏക്കര്‍ ഭൂമി കൃഷി ആവശ്യത്തിനായി തിരുവിതാംകൂര്‍ രാജാവ് പാട്ടത്തിന് നല്‍കുന്നതോടെയാണ് മുനമ്പം ഭൂമിയുടെ ചരിത്രം ആരംഭിക്കുന്നത്. 1948 ആയപ്പോഴേക്കും സത്താര്‍ സേട്ടിന്റെ പിന്‍ഗാമിയായ സിദ്ധീഖ് സേട്ടിന്റെ പേരില്‍ ആ ഭൂമി രാജാവ് തീറാധാരം ചെയ്തു നല്‍കി. കേരളപ്പിറവിക്ക് മുന്‍പാണ് ഇതൊക്കെ സംഭവിക്കുന്നത്.
സിദ്ധീഖ് സേട്ടാകട്ടെ കോഴിക്കോട്ടെ ഫറൂഖ് കോളേജിന് മുനമ്പത്തെ ഭൂമി വഖഫ് ചെയ്തു. (മതപരമോ ജീവകാരുണ്യപരമോ മറ്റ് പ്രത്യേകമോ ആയ ആവശ്യങ്ങള്‍ക്കായി മുസ്ലിംകള്‍ സമര്‍പ്പിക്കുന്ന സ്വത്താണ് വഖഫ്. വസ്തുവിന്റെ ഗുണഭോക്താക്കള്‍ വ്യത്യസ്തരാകാമെങ്കിലും വസ്തുവിന്റെ ഉടമസ്ഥാവകാശം ദൈവത്തിന്റേതാണെന്നാണ് വഖഫുമായി ബന്ധപ്പെട്ട വിശ്വാസം). 1950 നവംബര്‍ 1 ന്, എടപ്പള്ളി സബ് രജിസ്ട്രാര്‍ ഓഫീസില്‍ വെച്ചായിരുന്നു നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയത്. കോളേജിന് ഈ ഭൂമി ആവശ്യമില്ലാതെ വരുന്ന ഘട്ടത്തില്‍ സിദ്ധീഖ് സേട്ടിനോ അദ്ദേഹത്തിന്റെ അവകാശികള്‍ക്കോ ഭൂമി തിരിച്ച് നല്‍കണമെന്ന വ്യവസ്ഥയോടെയായിരുന്നു കൈമാറ്റം.

എന്നാല്‍ ഫറൂഖ് കോളേജ് മാനേജ്‌മെന്റിന് എറണാകുളത്തെ ഭൂമി ഉപയോഗപ്പെടുത്താനായില്ല. എന്നുമാത്രമല്ല, കാലക്രമേണ ആ ഭൂമിയില്‍ കുടികിടപ്പുകാരുമുണ്ടായി. പലതരത്തിലുള്ള തര്‍ക്കങ്ങള്‍ ഭൂമിയുമായി ബന്ധപ്പെട്ട് ഉയര്‍ന്ന സമയത്ത് ഭൂമി നോക്കി നടത്തിയിരുന്നത് ഫറൂഖ് കോളേജിന്റെ അഭിഭാഷകരായിരുന്ന അഡ്വ. എംവി പോളും അഡ്വ. മൈക്കിളുമായിരുന്നു. അവര്‍ക്ക് ഫറൂഖ് കോളേജ് നല്‍കിയ പവര്‍ ഓഫ് അറ്റോണി വെച്ച് കുടികിടപ്പുകാരായ മത്സ്യത്തൊഴിലാളികള്‍ക്ക് ഭൂമി വിലയ്ക്ക് കൈമാറ്റം ചെയ്തു. വഖഫായി രജിസ്റ്റര്‍ ചെയ്ത ഭൂമി നിയമപരമായി ഇങ്ങനെ കൈമാറ്റം ചെയ്യാനാകില്ലെന്നിരിക്കെ ഈ ഭൂമി എങ്ങനെയാണ് രജിസ്റ്റര്‍ ചെയ്യപ്പെട്ടത് എന്ന ചോദ്യം ഉയരുന്നുണ്ട്.

വഖഫ് ഭൂമി കൈമാറ്റം ചെയ്യാനാവില്ല എന്ന വ്യവസ്ഥ നിലനില്‍ക്കെ ഭൂമി കൈമാറ്റം ചെയ്തത് തെറ്റാണ്. എങ്കിലും വില കൊടുത്ത് ഭൂമി വാങ്ങിയ മുനമ്പത്തെ സാധാരണ മനുഷ്യരെ കുടിയൊഴിപ്പിക്കരുത് എന്ന നിലപാടാണ് കേരളത്തിലെ എല്ലാ മുസ്ലിം സംഘടനകളും എടുത്തത്.

വഖഫ് സ്വത്തുകളുടെ കൈയേറ്റത്തെക്കുറിച്ച് പഠിക്കാന്‍ 2007ല്‍ വി എസ് അച്യുതാനന്ദന്‍ സര്‍ക്കാര്‍ നിയോഗിച്ച ജസ്റ്റിസ് എം എ നിസാര്‍ കമ്മീഷന്റെ റിപ്പോര്‍ട്ട് പുറത്ത് വന്നതോടെയാണ് ഇപ്പോഴത്തെ പ്രശ്നങ്ങള്‍ ആരംഭിക്കുന്നത്. 23 സ്ഥലങ്ങളിലായി 600 ലധകം ഏക്കര്‍ വഖഫ് സ്വത്തുകള്‍ അന്യാധീനപ്പെട്ടു എന്നതായിരുന്നു കമ്മീഷന്‍ കണ്ടെത്തിയത്. അതില്‍ ഏറ്റവും കൂടുതല്‍ കൈയേറ്റം നടന്നതായി കണ്ടെത്തിയത് മുനമ്പത്താണ്. 406 ഏക്കറില്‍ 188 ഏക്കര്‍ വില്‍പന നടത്തിയതായാണ് നിസാര്‍ കമ്മീഷന്റെ കണ്ടെത്തല്‍. 22 ഏക്കര്‍ കടലെടുത്തു. 196 ഏക്കര്‍ ബാക്കി കിടപ്പുണ്ടെന്നും പറയുന്നു. ഈ റിപ്പോര്‍ട്ട് 2010 ല്‍ അംഗീകരിച്ച സര്‍ക്കാര്‍ തുടര്‍നടപടികള്‍ക്ക് നിര്‍ദേശം നല്‍കി.

ഭൂമി തിരിച്ച് പിടിക്കണമെന്നാവശ്യപ്പെട്ട് വഖഫ് സംരക്ഷണ സമിതി എന്ന സംഘടന നല്‍കിയ ഹരജിയുടെ അടിസ്ഥാനത്തില്‍ ഭൂമി തിരിച്ചു പിടിക്കാനുള്ള നടപടികള്‍ തുടങ്ങണമെന്ന് ഹൈക്കോടതി 2016 ല്‍ സര്‍ക്കാരിന് നിര്‍ദേശം നല്‍കി. ഇതോടെ അവിടെ സ്വതന്ത്ര ഉടമസ്ഥാവകാശം ഉണ്ടായിരുന്ന നാനൂറിലധികം കുടുംബങ്ങള്‍ക്ക് കരം അടയ്ക്കുന്നതുള്‍പ്പെടുള്ള കാര്യങ്ങള്‍ക്ക് ഭംഗം വന്നു. ഇതോടെ ഭൂമിയുടെ ക്രയവിക്രയം, പണയപ്പെടുത്തി ലോണ്‍ എടുക്കുക പോലെയുള്ള സാധാരണ മനുഷ്യരുടെ ആവശ്യങ്ങള്‍ സാധിക്കാതെയായി.

മുനമ്പം പ്രശ്‌നം വര്‍ഗീയവത്കരിച്ചത് ആര്?

2016 മുതല്‍ നിലനില്‍ക്കുന്ന തര്‍ക്കപ്രശ്‌നം കോടതി വ്യവഹാരത്തിലാണുള്ളത്. മുനമ്പത്തെ വഖഫ് ഭൂമിയില്‍ താമസിക്കുന്ന കുടുംബങ്ങളില്‍ ബഹുഭൂരിപക്ഷവും മത്സ്യത്തൊഴിലാളികളായ ലത്തീന്‍ കത്തോലിക്ക സമുദായത്തില്‍ പെട്ടവരാണ്. അതുകൊണ്ട് തന്നെ ഈ പ്രശ്‌നത്തെ വര്‍ഗീയവത്കരിക്കാന്‍ സംഘ്പരിവാര്‍ ആവതു ശ്രമങ്ങള്‍ നടത്തുന്നുണ്ടായിരുന്നു. എന്നാല്‍ കഴിഞ്ഞ ആഗസ്റ്റ് മാസത്തില്‍ കേന്ദ്ര സര്‍ക്കാര്‍ പാര്‍ലമെന്റില്‍ വഖഫ് നിയമഭേദഗതി അവതരിപ്പിച്ചതോടെ, ഭേദഗതി പാസായാല്‍ തര്‍ക്കപ്രശ്‌നം അവസാനിക്കുമെന്ന വ്യാജപ്രചരണവുമായി സംഘ്പരിവാര്‍ രംഗത്തെത്തി.

രാജ്യത്ത് പലയിടത്തും വഖഫ് നിയമ ഭേദഗതി സംബന്ധിച്ച് നടന്ന പബ്ലിക് ഹിയറിംഗുകളില്‍ മുസ്ലിംകള്‍ക്ക് വഖഫ് എന്ന പേരില്‍ ആരുടെയും ഭൂമി തട്ടിയെടുക്കാനുള്ള വഴിയാണ് നിലവിലെ വഖഫ് നിയമം നല്‍കുന്നതെന്നും അതിനാല്‍ ഭേദഗതി അനിവാര്യമെന്നും ഹിന്ദുത്വ വാദികള്‍ ഉന്നയിച്ചിരുന്നു. കേരളത്തിലെ ക്രൈസ്തവ സഭകളില്‍ ചിലരും ഈ വാദം ഏറ്റു പിടിച്ചു. വഖഫ് ഭൂമി കൈമാറ്റം ചെയ്യാനാവില്ല എന്ന വ്യവസ്ഥ നിലനില്‍ക്കെ ഭൂമി കൈമാറ്റം ചെയ്തത് തെറ്റാണ്. എങ്കിലും വില കൊടുത്ത് ഭൂമി വാങ്ങിയ മുനമ്പത്തെ സാധാരണ മനുഷ്യരെ കുടിയൊഴിപ്പിക്കരുത് എന്ന നിലപാടാണ് കേരളത്തിലെ എല്ലാ മുസ്ലിം സംഘടനകളും എടുത്തത്. പാലക്കാട് – വയനാട് – ചേലക്കര ഉപതെരെഞ്ഞെടുപ്പില്‍ വിഷയത്തെ ബി ജെ പി വര്‍ഗീയവത്കരിക്കാന്‍ ശ്രമം നടത്തി. കാസ പോലുള്ള ക്രൈസ്തവ ഫ്രിഞ്ച് ഗ്രൂപ്പുകളെ അവര്‍ അതിനായി ഉപയോഗിച്ചു. വാരാപ്പുഴ അതിരൂപതയുടെ കീഴിലുള്ള ലത്തീന്‍ ക്രൈസ്തവ കുടുംബങ്ങളാണ് മുനമ്പം നിവാസികളില്‍ ബഹുഭൂരിപക്ഷവും. പക്ഷെ, സീറോ മലബാര്‍ സഭയാണ് ഈ വിഷയത്തെ ആദ്യം കേരളമാകെ പ്രചരണത്തിന് ഉപയോഗിച്ചത്. ബി.ജെ.പി നേതാക്കളും നിരന്തരം വര്‍ഗീയ വിദ്വേഷ പ്രചരണം നടത്തുന്ന കാസ അനുകൂലികളും ഒത്തു ചേര്‍ന്ന് കലുഷിതമായ സാഹചര്യമാണ് സൃഷ്ടിച്ചത്. വര്‍ഗീയ പ്രചരണങ്ങളുടെ പരകോടിയിലെത്തിയ ശേഷമാണ് സര്‍ക്കാര്‍ ബന്ധപ്പെട്ട സമരക്കാരെ ചര്‍ച്ചയ്ക്ക് വിളിച്ചതും ജുഡീഷ്യല്‍ കമ്മീഷനെ നിശ്ചയിച്ചതും.

ജുഡീഷ്യല്‍ കമ്മീഷന്‍ പരിഹാരമാണോ?

മുനമ്പത്തെ ഭൂമി വഖഫ് ഭൂമിയാണ് എന്നും അവിടെ വില കൊടുത്തു ഭൂമി വാങ്ങിയ കുടികിടപ്പുകാരെ ഒഴിപ്പിക്കാതെ അവര്‍ക്ക് സ്വതന്ത്രമായി ഭൂമിയുടെ ഉടമസ്ഥാവകാശം നല്‍കണം എന്നുമാണ് കേരളത്തിലെ എല്ലാ മുസ്ലിം സംഘടനകളുടെയും നിലപാട്. ഫറൂഖ് കോളേജ് അധികൃതരോ പഴയ ഉടമകളായിരുന്ന സിദ്ധീഖ് സേട്ടിന്റെ അവകാശികളോ ഈ ഭൂമിയില്‍ ഒരു വാദവും ഉന്നിയിക്കുന്നുമില്ല. ആ നിലയക്ക് പരിഹാരം സര്‍ക്കാരിന് എളുപ്പമായിരുന്നു. പക്ഷെ, ഹൈക്കോടതി മുന്‍ ആക്ടിങ് ചീഫ് ജസ്റ്റിസ് സി.എന്‍.രാമചന്ദ്രന്‍ നായരെ ജുഡീഷ്യല്‍ കമ്മീഷനായി നിയമിക്കുകയാണ് സര്‍ക്കാര്‍ ചെയ്തത്. ഇതിലൂടെ പ്രശ്‌ന പരിഹാരത്തിന് വലിയ കാലതാമസം വരാന്‍ ഇടയുണ്ട്. ഇതിനിടെ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ മുനമ്പം ഭൂമി വഖഫ് ഭൂമിയല്ല എന്ന നിലപാടുമായി രംഗത്ത് വന്നു. മുനമ്പത്തേത് യഥാര്‍ത്ഥത്തില്‍ വഖഫ് ഭൂമിയായി രജിസ്റ്റര്‍ ചെയ്യപ്പെട്ടതാണ്. ഇത് നിസാര്‍ കമ്മീഷന്‍ കണ്ടെത്തിയതും പിന്നീട് ഹൈക്കോടതി സ്ഥിരീകരിച്ചതുമാണ്. വഖഫ് ഭൂമി ആയിരിക്കെ തന്നെ ഇത് വിലയ്ക്ക് വിറ്റ നടപടി ക്രമരഹിതമാണ്. എങ്കിലും വിലയ്ക്കു വാങ്ങിയ സാധാരണക്കാര്‍ അതിന് ഉത്തരവാദികളല്ല. എന്നാല്‍, വിലയ്ക്ക് വിറ്റ 188 ഏക്കര്‍ ഭൂമിയല്ലാതെ വേറെയും ഭൂമി മുനമ്പത്തുണ്ട്. ഇതില്‍ പല വന്‍കിട റിസോര്‍ട്ടുകള്‍ പ്രവര്‍ത്തിച്ചു വരുകയാണ്. ഇത്തരം കൈയേറ്റങ്ങള്‍ അംഗീകരിക്കാനാണ് പ്രതിപക്ഷ നേതാവിന്റെ വാദം ഉപകരിക്കുക.

മുനമ്പത്ത് വേണ്ടത് ശാശ്വത പരിഹാരമാണ്. കേവലം ഭൂമി പ്രശ്‌നത്തിനപ്പുറം സംഘ്പരിവാറും കൂട്ടാളികളും ചേര്‍ന്ന് ഇതിനെ വര്‍ഗീയ പ്രശ്‌നമാക്കി മാറ്റിക്കഴിഞ്ഞിരിക്കുന്നു. ഇത് കേരളീയ പൊതുമണ്ഡലത്തില്‍ ഉണക്കാനാവാത്ത മുറിവാണ് സൃഷ്ടിക്കുക. അത്തരം പ്രചരണങ്ങള്‍ക്ക് വഴിയൊരുക്കിയതില്‍ കേരള സര്‍ക്കാരിനന്റെ നിസംഗതയ്ക്ക് വലിയ പങ്കുണ്ട്. നിസംഗതയും നിഷ്‌ക്രിയത്വവും മറി കടന്ന് സര്‍ക്കാര്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കുകയാണ് വേണ്ടത്.

 

Related