തൃണമൂല്‍ കോണ്‍ഗ്രസ്സിന്റെയും മമതാ ബാനര്‍ജിയുടെയും പതനം ബംഗാളിന്റെ ദുഃഖമാണെന്ന് മതേതര രാഷ്ട്രീയത്തിന്റെ ഭാഗമായി നില്‍ക്കുന്നവര്‍ അഭിപ്രായപ്പെടുന്നുണ്ട്. അതിന് അവരെ കുറ്റം പറയാന്‍ പറ്റില്ല; കാരണം സമീപ വര്‍ഷങ്ങളില്‍ കേന്ദ്ര ഭരണത്തിനെതിരായും അവരെ നയിക്കുന്ന ആര്‍എസ്സ്എസ്സ് രാഷ്ട്രീയത്തിനെതിരായും ശക്തമെന്ന് തോന്നിക്കാവുന്ന പ്രതിരോധം ഉയര്‍ത്തിവിടാന്‍ ടിഎംസി നേതാക്കള്‍ക്ക് സാധിച്ചിട്ടുണ്ട്. എന്നാല്‍ തൃണമൂല്‍ കോണ്‍ഗ്രസ്സിന്റെ ഉദ്ഭവ ചരിത്രം ഓര്‍മ്മയുള്ളവര്‍ക്ക് സ്വാഭാവികമായും എത്തിപ്പെടാവുന്ന ഒരു പതനത്തിലേക്ക് ടിഎംസി എത്തിപ്പെട്ടുവെന്ന് മാത്രമേ അഭിപ്രായപ്പെടാന്‍ സാധിക്കു. രാഷ്ട്രീയ വളര്‍ച്ചയ്ക്കായ് താല്‍ക്കാലിക ഐക്യങ്ങളും കൂട്ടുകെട്ടുകളും ഉണ്ടാക്കുന്നവര്‍ എത്തിപ്പെടാവുന്ന സ്വാഭാവിക പതനം.
1998-ല്‍, പശ്ചിമ ബംഗാളിലെ യൂത്ത് കോണ്‍ഗ്രസ് നേതാവായിരുന്ന മമത ബാനര്‍ജി, സിപിഎമ്മിനെ പരാജയപ്പെടുത്താന്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് സോണിയ ഗാന്ധിയെ ആര്‍എസ്എസ്/ബിജെപിയുമായി സഖ്യത്തിലാക്കണമെന്ന് ആഗ്രഹിച്ചതായി നമുക്കറിയാം. മമതയുടെ ഈ ആഗ്രഹത്തിന് സോണിയ ഗാന്ധി സമ്മതം നല്‍കാത്തതിനെത്തുടര്‍ന്ന്, മമത കോണ്‍ഗ്രസ്സിനെ പിളര്‍ത്തി, ബിജെപിയുടെ സഹായത്തോടെ ടിഎംസി രൂപീകരിക്കുകയായിരുന്നു.
2002 കാലയളവില്‍ ബിജെപി കേന്ദ്ര മന്ത്രി സഭയില്‍ മന്ത്രിയായിരുന്നു മമത ഗുജറാത്ത് വംശഹത്യയെക്കുറിച്ച് ഒരക്ഷരം ഉരിയാടിയിരുന്നില്ല. അതിന് ശേഷം രണ്ട് വര്‍ഷത്തിന് ശേഷം, 2004-ല്‍ ബിജെപിയുമായി സഖ്യത്തിലേര്‍പ്പെട്ടുകൊണ്ട് ടിഎംസി തിരഞ്ഞെടുപ്പിനെ നേരിട്ടു. തങ്ങളുടെ ‘സ്വാഭാവിക സഖ്യകക്ഷി’ എന്ന നിലയിലാണ് അവര്‍ ആര്‍എസ്എസ്/ബിജെപിയെ വിശേഷിപ്പിച്ചത്.
2011-ല്‍, ആര്‍എസ്എസ്/ബിജെപിയുടെ സഹായത്തോടെ സിപിഎമ്മിനെ പരാജയപ്പെടുത്തി പശ്ചിമ ബംഗാളില്‍ അവര്‍ സര്‍ക്കാര്‍ രൂപീകരിച്ചു. മമത പശ്ചിമ ബംഗാളിലെ ആര്‍എസ്എസ് ശാഖകള്‍ക്ക് വാതിലുകള്‍ തുറന്നുകൊടുത്തു, സിപിഎമ്മിനെയും ഐഎന്‍സിയെയും തുടച്ചുനീക്കാന്‍ അവരുടെ ഗുണ്ടകളെ ഉപയോഗിക്കാന്‍ അവര്‍ സമ്മതിക്കുന്നിടത്തോളം കാലം ബിജെപിയെ ശക്തിപ്പെടാന്‍ അനുവദിച്ചു. ആര്‍എസ്എസിനെ ദേശഭക്തരെന്ന് മമത വിശേഷിപ്പിച്ചപ്പോള്‍, ആര്‍എസ്എസ് മുഖപത്രമായ പാഞ്ചജന്യം മമതയെ ‘ദുര്‍ഗ്ഗ’ എന്ന് വിളിച്ചു.
ആര്‍എസ്എസ്/ബിജെപി/സംഘപരിവാര സംഘടനകള്‍ നടത്തുന്ന ന്യൂനപക്ഷ വിരോധം തങ്ങളുടെ പാര്‍ട്ടിക്ക് അനുകൂലമാക്കി മാറ്റാമെന്ന കണക്കൂകൂട്ടലാണ് ഈ സംഘടനകളെ സംസ്ഥാനത്ത് നിയന്ത്രണമേതുമില്ലാതെ കെട്ടഴിച്ചുവിടാന്‍ മമതയെ പ്രേരിപ്പിച്ച ഘടകം. 30%ത്തോളം വരുന്ന മുസ്ലീങ്ങള്‍ അവരുടെ സുരക്ഷയ്ക്കായി ടിഎംസിയെ അധികാരത്തിലേറ്റും എന്നതായിരുന്നു അവരുടെ കണക്കുകൂട്ടല്‍.
ഒരു ഉദയത്തിന് ഒരു അസ്തമയമുണ്ടെന്നും, ആര്‍എസ്സ്എസ്സ് എന്ന വിഷപ്പാമ്പിനെയാണ് പാലൂട്ടി വളര്‍ത്തിയതെന്നും മമത ഇനി മനസ്സിലാക്കാനിരിക്കുന്നതേയുള്ളൂ. 70 കഴിഞ്ഞ മമതയ്ക്ക് ഇനി പ്രത്യേകിച്ച് നഷ്ടപ്പെടാനൊന്നുമില്ല. പക്ഷേ, ബംഗാള്‍ ഇനി അനുഭവിക്കാനിരിക്കുന്നതേയുള്ളൂ.
