August 9 Sunday 2026

ഡി വൈ എഫ് ഐ യുടെ പോർക്ക് ചലൻജ്

വയനാട് ദുരിതബാധിതരെ സഹായിക്കാൻ ഡി.വൈ.എഫ്.ഐ നടത്തിയ പന്നി ചലഞ്ച് ചിലയിടങ്ങളിലെങ്കിലും വിവാദവും അസ്വസ്ഥതകളും ഉണ്ടാക്കിയിട്ടുണ്ട്. പോർക്ക് ചലഞ്ചിനെ ചില മുസ്‌ലിം മതപണ്ഡിതൻമാർ സമീപിച്ച രീതി വളരെ വലിയ തോതിൽ വിമർശിക്കപ്പെടുകയുണ്ടായി. പ്രധാനമായും നാസർ ഫൈസി കൂടത്തായി നടത്തിയ വിമർശനമാണ് അത്തരത്തിൽ ചർച്ചയായത്. പന്നി മാംസം നിഷിദ്ധം ആയവരാണ് വയനാട്ടിലെ ദുരിത ബാധിതരില്‍ വലിയൊരു വിഭാഗമെന്നും ഡി വൈ എഫ് ഐ നടത്തുന്ന പന്നി ചലഞ്ച് വയനാട്ടിലെ ദുരിതബാധിതരെ അവഹേളിക്കുന്നതുമാണ് എന്നും ആണ് അദ്ദേഹം ഫേസ് ബുക്ക് പോസ്റ്റിലൂടെ പറഞ്ഞത്.

നാസർ ഫൈസി കൂടത്തായി സമസ്തയുടെ പ്രമുഖ നേതാവൊന്നുമങ്കിലും അദ്ദേഹത്തിൻ്റെ ഈ വിമർശനം വ്യാപകമായി ചർച്ച ചെയ്യപ്പെടുകയും വലിയ തോതിൽ വിമർശനങ്ങൾക്ക് വഴി തെളിക്കുകയും ചെയ്തു. സ്വാഭാവികമായും ഇസ്‌ലാമോഫോബുകൾ നിറഞ്ഞ കേരളീയ സമൂഹത്തിൽ മുസ്‌ലിംകളുടെ ആരുടെയെങ്കിലും ഭാഗത്തു നിന്ന് ഉണ്ടാകുന്ന ചെറിയ സ്ട്രാറ്റജിക്കൽ അബദ്ധങ്ങൾ പോലും വൻ വിമർശനങ്ങൾക്ക് വഴിയൊരുക്കും. അതാണ് ഇവിടെയും ഉണ്ടായത്. മതപണ്ഡിതൻ എന്ന നിലയിൽ വിശ്വാസികൾക്ക് നിഷിദ്ധത്തെക്കുറിച്ചൊക്കെ ഉപദേശിക്കാനുള്ള ബാധ്യതയാകും നാസർ ഫൈസി ചെയ്തത്. പക്ഷേ, കേരളീയ സാമൂഹ്യാന്തരീക്ഷത്തിൽ ഇതിൻ്റെ ഇംപാക്ടിനെക്കുറിച്ച് വീണ്ടുവിചാരമില്ലാത്ത ഒന്നായിപ്പോയി ഫൈസിയുടെ പരാമർശം.

കടുത്ത ഇസ്‌ലാമോഫോബുകൾ നാസർ ഫൈസിക്കെതിരെ അത്യന്തം അവഹേളനപരമായ പ്രസ്താവനകളുമായും വിലയിരുത്തലുകളുമായും വന്നു. ഇതിൽ ചില വിലയിരുത്തലുകൾ ബീഫ് കഴിക്കുന്നവർക്കു നേരെ സംഘ്പരിവാർ നടത്തിക്കൊണ്ടിരിക്കുന്ന അക്രമത്തിന് സമാനമായിരുന്നു. മറ്റു ചിലർ പറഞ്ഞത് മുസ്‌ലിംകൾക്ക് നിഷിദ്ധമായ പലിശയും മദ്യവും ഒക്കെ ചേർന്ന പണമാണ് സർക്കാർ ഖജനാവിലേതെന്നും അങ്ങനെയെങ്കിൽ സർക്കാർ സഹായവും മുസ്‌ലിംകൾ സ്വീകരിക്കരുതെന്നുമായിരുന്നു.

ഈ രണ്ട് വിലയിരുത്തലുകളും നാസർ ഫൈസി നടത്തിയ പ്രസ്താവനയിലെ നയപരമായ പാളിച്ചയെക്കാൾ വലിയ തോതിൽ സമൂഹത്തെ തെറ്റിദ്ധരിപ്പിക്കുന്നതു കൂടിയാണ്. ബീഫ് ഫെസ്റ്റിവലും പന്നി ചലഞ്ചും സമാനമാണ് എന്ന് പറയുന്നവർ രാജ്യത്തെ സാമൂഹ്യാവസ്ഥയെയോ രാഷ്ട്രീയത്തെയോ കൃത്യമായി നിരീക്ഷിക്കാത്തവരോ ഏകപക്ഷീയ നിരീക്ഷണം നടത്തുന്നവരോ ആണ്. ബീഫ് ഫെസ്റ്റിവലുകൾ ഡി.വൈ.എഫ്.ഐയും മറ്റ് പലരും നടത്തിയിട്ടുണ്ട്. അത് ധനസമാഹരണത്തിനല്ല. ബീഫ് ഫെസ്റ്റുകൾ നടത്തുന്നതിന് വലിയ രാഷ്ട്രീയ പശ്ചാത്തലമുണ്ട്. ബീഫിൻ്റെ പേരിൽ രാജ്യത്ത് ഒരു ജനവിഭാഗം തെരുവിൽ ആൾക്കൂട്ടകൊലയ്ക്ക് വിധേയമായിക്കൊണ്ടിരിക്കുന്ന നിലയാണ് രാജ്യത്തുള്ളത്. അടുക്കളയിലെ ഫ്രിഡ്ജിൽ ഇരിക്കുന്ന ഇറച്ചി ബീഫല്ലെന്ന് ഇന്ത്യയിലെ ഓരോ മുസ്‌ലിമും സത്യാവാങ്മൂലം എഴുതിവെയ്ക്കേണ്ട സാഹചര്യം രാജ്യത്ത് സംഘ്പരിവാർ സൃഷ്ടിച്ചെടുത്തിട്ടുണ്ട്. പശുക്കച്ചവടം നടത്താനോ പശുവിനെ വളർത്താനോ അത് ജീവനോപാധിയായി സ്വീകരിച്ചവർക്ക് പോലും മുസ്‌ലിമാണെങ്കിൽ അസാധ്യമാണ് എന്ന നില രാജ്യത്ത് പലയിടത്തുമുണ്ട്. ഈ പശ്ചാത്തലത്തിലാണ് ബീഫ് ഫെസ്റ്റ് നടക്കുന്നത്.

ബീഫ് ഫെസ്റ്റിനോടൊപ്പം പന്നി ഫെസ്റ്റ് നടത്താൻ ധൈര്യമുണ്ടോ എന്നത് സംഘ്പരിവാറിൻ്റെ ചോദ്യമാണ്. ഈ ചോദ്യം പൊതുസമൂഹത്തെ വഴി തെറ്റാക്കാൻ മാത്രമുള്ള ചോദ്യമാണ്. വിശ്വാസികളായ മുസ്‌ലിംകൾ പന്നിമാംസം കഴിക്കാറില്ല. അത് പന്നി വിശുദ്ധമൃഗം ആയതിനാലല്ല. പന്നിയെ മാതാവായോ പിതാവായോ ദൈവമായോ മുസ്‌ലിംകളാരും കാണാറില്ല. വിശ്വാസികൾക്കുള്ള ദൈവകൽപന എന്ന നിലയിലാണ് പന്നിമാംസം മുസ്‌ലിംകൾ ഉപേക്ഷിക്കുന്നത്.

അതേ സമയം മറ്റാരെങ്കിലും പന്നിമാംസം കഴിക്കുന്നതോ പന്നിയെ അറുക്കുന്നതോ പന്നിയെ വളർത്തുന്നതോ മുസ്‌ലിംകൾ തടയാറില്ല. പന്നിമാംസം വിറ്റതിൻ്റെയോ കഴിച്ചതിൻ്റെയോ പേരിൽ രാജ്യത്താരും തല്ലിക്കൊല്ലപ്പെട്ടിട്ടില്ല. ആ നിലയ്ക്ക് പന്നി ഫൈസ്റ്റ് എന്നതിന് ബീഫ് ഫെസ്റ്റിൻ്റെ രാഷ്ട്രീയ വാലിഡിറ്റി ഇല്ല. ബീഫ് ഫെസ്റ്റും പന്നിഫെസ്റ്റും ഒരിക്കൽ ഡി.വൈ.എഫ്.ഐ തന്നെ കേരളത്തിൽ ഒന്നിച്ച് നടത്തിയിട്ടുണ്ട്. അത് അപക്വമായ രാഷ്ട്രീയ വിക്ഷണത്തിന്റെ മാത്രം കുഴപ്പം കൊണ്ടാണ്. അതുപോലും ആരും ചോദ്യം ചെയ്തിട്ടില്ല.

ദുരന്ത ബാധിതരർക്ക് വേണ്ടി പന്നി ചലഞ്ച് നടത്തിയത് ശരിയോ തെറ്റോ എന്ന ചോദ്യത്തിന് ഒറ്റ വാക്കിൽ ഉത്തരമില്ല. പന്നി ചലഞ്ച് നടത്തിയ പണം ഡി.വൈ.എഫ്.ഐ നേരിട്ടാണോ ദുരിത ബാധിതർക്ക് എത്തിക്കുന്നത് എന്ന് ഈ ലേഖകന് ധാരണയില്ല, ആണെങ്കിൽ അത് സ്വീകിരക്കണോ വേണ്ടയോ എന്ന് അത് സ്വീകരിക്കുന്നവർക്ക് സ്വയം തീരുമാനം എടുക്കാവുന്നതേയുള്ളൂ. അതൊരു സാമൂഹ്യപ്രശ്നം ആകേണ്ട കാര്യവുമല്ല. ഇനി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കാണ് നൽകുന്നതെങ്കിൽ അതിൽ ഇതിനോടകം തന്നെ എത്രയോ പന്നിവ്യാപാരികളുടെ പണം എത്തിയിട്ടുണ്ടാകും. മദ്യവ്യാപാരികളുടെയും പലിശവ്യാപാരികളുടെയും പണം ഉണ്ടാകും. സർക്കാരിന്റെ സംവിധാനം എന്ന നിലയിൽ എല്ലാവരുടെയും പണമായി അത് മാറിക്കഴിഞ്ഞതാണ്.

ഡി.വൈ.എഫ്.ഐ യെ പോലൊരു സംഘടന പന്നി ചലഞ്ച് നടത്തുന്നത് ഉചിതമാണോ അല്ലയോ എന്ന ചോദ്യം അപ്പോഴും നിലനിൽക്കും. നാസർ ഫൈസി കൂടത്തായി അത്തരം ഒരു പ്രസ്താവന നടത്തിയത് അനുചിതമായതുപോലെ തന്നെയാണ് ഡി.വൈ.എഫ്.ഐയുടെ പന്നി ചലഞ്ചും.. ഡി.വൈ.എഫ്.ഐ എല്ലാ ജനവിഭാഗങ്ങളിലും പെട്ട യുാവക്കളെ ഉൾക്കൊള്ളുന്ന സംഘടനയാണ് എന്നാണ് വെയ്പ്. അത്തരം ഒരു സംഘടന ദുരിതാശ്വാസ പ്രവർത്തനത്തിന് ഫണ്ട് സ്വരൂപിക്കുമ്പോൾ എല്ലാവർക്കും സഹകരിക്കാവുന്ന രീതിയായിരുന്നു സ്വീകരിക്കേണ്ടിയിരുന്നത്. കേരളത്തിൽ ഏറ്റവും കൂടുതൽ ദാനങ്ങൾ നൽകുന്ന സമൂഹം മുസ്‌ലിം സമൂഹമാണെന്ന് സാമൂഹ്യ വിശകലനം നടത്തിയാൽ മനസ്സിലാക്കാം. സ്കൂൾ പി.ടി.എ ഫണ്ടു മുതൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി വരെ അവലോകനം ചെയ്താൽ അത് ബോധ്യമാകും. മുസ്‌ലിം സംഘടനകൾ സ്വന്തം നിലയ്ക്ക് ചെയ്യുന്ന ചാരിറ്റി വേറെയുമുണ്ട്. മുസ്‌ലിംകൾ ദാന ധർമങ്ങളിൽ ഏർപ്പടുന്നത് കേവലം സഹാനുഭൂതി കൊണ്ട് മാത്രമല്ല, അതിനൊരു വിശ്വാസതലം കൂടിയുണ്ട് എന്ന് എല്ലാവർക്കും അറിയാം.

പന്നി ചലഞ്ച് ആയതോടെ വിശ്വാസികളായ മുസ്‌ലിംകളുടെ പങ്കാളിത്ത സാധ്യത അടയുകയാണ് ചെയ്തത്. ഡി.വൈ.എഫ്.ഐ യെപ്പോലെ ജനകീയമായ സംഘടന ഒരു ആശയം രൂപപ്പെടുത്തുമ്പോൾ ഏതെങ്കിലും വിഭാഗത്തെ പുറന്തള്ളുന്ന പരിപാടികൾ നടത്താൻ പാടില്ലായിരുന്നു. പന്നി ചലഞ്ചിൽ ഡി.വൈ.എഫ്.ഐ യുടെ രാഷ്ട്രീയ ബോധ്യമില്ലായ്മയാണ് പ്രകടമായത്. രാജ്യത്തെ സൂഷ്മ രാഷ്ട്രീയം വിശകലനം ചെയ്യുന്നതിലെ കൃത്യതയില്ലായ്മയുമാണത്. ഇങ്ങനെ കാര്യങ്ങളെ വ്യാഖ്യാനം ചെയ്യുന്നിടത്തോളം കാലം സംഘ്പരിവാറിനത് വളമാകും എന്നെങ്കിലും ഡി.വൈ.എഫ്.ഐ തിരിച്ചറിയണം. കാഫിർ സ്ക്രീൻ ഷോട്ട് വിവാദത്തിൽ മതേതര പ്രതിഛായയുടെ മുഖം മുറിഞ്ഞ അവർക്ക് ഇത് തിരിച്ചറിയാനാകുന്നില്ല എന്നതിൽ അത്ഭുതപ്പെട്ടിട്ടും കാര്യമില്ല.

Related