June 14 Saturday 2025

ടി.ആർ & ടി എസ്റ്റേറ്റ് ഭൂമി കൈയേറ്റത്തിന്റെ മകുടോദാഹരണം

“രാജ്യത്തിലെ ഗ്രാമീണ ദാരിദ്ര്യത്തിന്റെ ശക്തമായ സൂചകമാണ് ഭൂരാഹിത്യം. സാമ്പത്തിക സ്വാതന്ത്യം, സാമൂഹിക പദവി, ശാശ്വതവും മിതവുമായ ജീവിതാവസ്ഥ എന്നിവക്കായി ജനങ്ങൾ സ്വീകരിക്കുന്ന ഏറ്റവും വിലപ്പെട്ടതും നാശകാരിയല്ലാത്തതുമായ സ്വത്താണ് ഭൂമി . ഭൂമി അവർക്ക് സ്വത്വവും അന്തസ്സും ഉറപ്പു നൽകുകയും സാമൂഹികസമത്വം സാക്ഷാത്കരിക്കാനുള്ള വ്യവസ്ഥയും അവസരങ്ങളും സൃഷ്ടിക്കുകയും ചെയ്യുന്നു. ഉപജീവനത്തിനായി കാർഷികവൃത്തിയെ ആശ്രയിക്കുന്നവരുടെ ഭൂ ഉടമസ്ഥത, ഭൂമിയുടെ തുല്യമായ വിതരണം എന്നിവ സമാധാനത്തിന്റേയും സമൃദ്ധിയുടേയും ശാശ്വതമായ ഉറവിടമാണ്. സാമ്പത്തിക സാമൂഹിക നീതിയിലേക്ക് ഉള്ള പാത ഒരുക്കലാണ് “. കരട് ദേശീയ ഭൂപരിഷ്കരണ നയത്തിലെ വാചകങ്ങളാണ് ഇത്.

മനോഹരമായ വാചകങ്ങൾ കൊണ്ട് ഭൂപ്രശ്നത്തെയും ദാരിദ്രത്തെയും പരിഹരിക്കാൻ കഴിയുമെന്ന മിഥ്യാ ധാരണ നമുക്കൊന്നും ഇല്ല എന്നതിനാൽ രാജ്യത്തെ ഭൂപ്രശ്നങ്ങൾ എത്രമേൽ സങ്കീർണമാണ് എന്ന് വിവരിക്കേണ്ടതില്ല.

കേരളം ഭൂപരിഷ്കരണം നടപ്പാക്കി എന്ന് അവകാശപ്പെടുന്ന സംസ്ഥാനമാണ്. കേരളത്തിലെ അവശേഷിച്ച ഭൂരാഹിത്യത്തിന് പരിഹാരമില്ല എന്ന് കരുതുന്നവരാണ് കേരളം ഭരിക്കുന്നത്. കേരള മുഖ്യമന്ത്രി മുമ്പ് പാർട്ടി സംസ്ഥാന സെക്രട്ടറിയായിരുന്നപ്പോൾ രണ്ടാം ഭൂപരിഷ്കരണത്തെ പറ്റി “വിപ്ലവ വായാടിത്തം” എന്നാണ് വിശേഷിപ്പിച്ചിട്ടുള്ളത്. എന്നാൽ കേരളീയ യാഥാർത്ഥ്യം ഇനിയും സമഗ്രമായ ഭൂനിയമം ആവശ്യമാണ് എന്നതിലേക്കാണ് വിരൽ ചൂണ്ടുന്നത്.

വി.എസ് അച്യുതാനന്ദൻ

വി.എസ് അച്യുതാനന്ദൻ മുഖ്യമന്ത്രിയായിരുന്ന കാലത്ത് എലിയെപ്പിടിക്കാൻ ശേഷിയുള്ള മൂന്ന് “പൂച്ചകളെ” അയച്ച് നടത്താൻ ശ്രമിച്ച് പരാജയപ്പെട്ട മൂന്നാർ ഓപ്പറേഷൻ കേരളീയർക്ക് ഓർമയുണ്ടാകും. ആ ഓപ്പറേഷനെ പരാജയപ്പെടുത്തിയത് കേരളത്തിൽ ഇപ്പോൾ (അപ്പോഴും) റവന്യൂ വകുപ്പ് ഭരിക്കുന്ന ഇടതു മുന്നണി ഘടകകക്ഷിയായ സി പി ഐയും സി പി എമ്മിൻ്റെ എം.എം മണി നയിക്കുന്ന ഇടുക്കി ജില്ലാ ഘടകവും ചേർന്നാണ്. ഒരു പക്ഷേ അതിന് ശേഷമാണ് എം.എം മണി എന്ന നേതാവ് സംസ്ഥാനത്താകെ പാർട്ടി അണികളിൽ സ്വീകാര്യനാകുന്നതും ഇടുക്കി ജില്ലയിലെ സി പി എം കേരള സി പി എമ്മിനെ തന്നെ നിയന്ത്രിക്കാൻ പാകത്തിൽ പണക്കൊഴുപ്പുള്ള സംവിധാനമായി മാറുന്നതും. 

2011 ൽ കേരളത്തിൽ വന്ന ഉമ്മൻ ചാണ്ടി സർക്കാർ ഭൂരഹിതരുടെ പ്രശ്നം അഭിമുഖീരിക്കാൻ ശ്രമിച്ചുവെങ്കിലും കേരളത്തിലെ ലക്ഷക്കണക്കിന് ഏക്കർ ഭൂമി അനധികൃതമായി കൈവശം വെച്ചിരിക്കുന്ന പ്ലാൻ്റേഷൻ മാഫിയയെ തൊടാനോ പാട്ടക്കാലാവധി കഴിഞ്ഞതും കൈയേറിയതും പാട്ട വ്യവസ്ഥ ലംഘിച്ചതുമായ ഭൂമികൾ തിരിച്ച് പിടിക്കാനോ അലോചിച്ചതു പോലുമില്ല. പകരം 3 സെൻ്റ് ഭൂമി ഭൂരഹിതർക്ക് നൽകാനുള്ള തീരുമാനമാണ് എടുത്തത്. മുന്ന് സെൻ്റ് ഭൂമി നൽകി പരിഹരിക്കാവുന്നതാണോ കേരളത്തിലെ ഭൂപ്രശ്നങ്ങൾ എന്ന ചോദ്യം അവിടിരിക്കട്ടെ. ഇത്തരം ഭൂമികൾ തിരിച്ചു പിടിക്കാതെ മൂന്ന് സെൻ്റ് പോയിട്ട് ഒരു സെന്റ് വീതം പോലും ലക്ഷക്കണക്കിന് ഭൂരഹിതർക്ക് നൽകാൻ ഭൂമി ലഭ്യമാകില്ല എന്ന വസ്തുത ഭൂരഹിതരില്ലാത്ത കേരളം പദ്ധതിയെ പരിഹാസ്യമായ പരാജയമാക്കി മാറ്റി.

ഉമ്മൻ ചാണ്ടി

എന്നാൽ ഉമ്മൻ ചാണ്ടി ഭരണകാലത്ത്, 2016 ജനുവരി 1 ന് വളരെ ശ്രദ്ധേയമായ ഒരു ഉത്തരവ് കേരള സര്‍ക്കാര്‍ പുറത്തിറക്കുകയുണ്ടായി. 1947-നു മുന്‍പ് വിദേശ കമ്പനികള്‍ കൈവശം വച്ചിരുന്ന കേരളത്തിലെ മുഴുവന്‍ ഭൂമിയുടേയും ഇപ്പോഴത്തെ ഉടമസ്ഥാവകാശം പരിശോധിക്കാൻ ഡോ. എം.ജി. രാജമാണിക്യം എന്ന ഐ.എ.എസ് ഉദ്യോഗസ്ഥനെ സര്‍ക്കാര്‍ സ്‌പെഷല്‍ ഓഫീസറായി നിയമിച്ച് ഒരു കമ്മീഷനെ നിയമിക്കുകയുണ്ടായി. 

ഇതിന് പശ്ചാത്തലമൊരുക്കിയത് ഇടുക്കി – കോട്ടയം ജില്ലകളിലായി പതിനായിരത്തോളം ഏക്കര്‍ സര്‍ക്കാര്‍ ഭൂമി കൈവശം വച്ചിരിക്കുന്ന ട്രാവന്‍കൂര്‍ റബ്ബര്‍ ആന്റ് ടി കമ്പനിക്കെതിരെ (ടി.ആര്‍. ആന്‍ഡ് ടി കമ്പനി) നടന്ന സമരത്തിന്റേയും റിട്ട് പെറ്റീഷന്‍ 26230/15 കേസില്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവിന്റേയും അടിസ്ഥാനത്തിലാണ്. ടി.ആര്‍. ആന്റ് ടി കമ്പനിക്കെതിരെ നടപടിക്രമങ്ങള്‍ ആരംഭിക്കുന്നതിനൊപ്പം സ്വാതന്ത്ര്യത്തിനു മുന്‍പ് വിദേശ കമ്പനികള്‍ കൈവശം വച്ചിരുന്ന മുഴുവന്‍ സ്ഥലത്തിന്റേയും ഇപ്പോഴത്തെ ഉടമസ്ഥാവകാശം പരിശോധിക്കാനാണ് സര്‍ക്കാര്‍ രാജമാണിക്യത്തോട് ആവശ്യപ്പെട്ടത്.

ജമാണിക്യം ഐ.എ.എസ്

രാജമാണിക്യത്തിന്റെ പ്രാഥമിക പരിശോധനയില്‍ത്തന്നെ ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് പുറത്തുവന്നത്. കേരളത്തിലെ സര്‍ക്കാര്‍ റവന്യു ഭൂമിയുടെ 58 ശതമാനം, അതായത് അഞ്ച് ലക്ഷത്തി ഇരുപതിനായിരം ഏക്കര്‍ സ്ഥലം ഇപ്പോഴും വിദേശകമ്പനികളുടേയോ, അവരുടെ ഇന്ത്യക്കാരായ ബിനാമികളുടേയോ കൈവശമാണ് എന്നതാണ് സുപ്രധാന വിവരം. ഉടമസ്ഥാവകാശം കാണിക്കുന്നതിനുവേണ്ടി ഹാജരാക്കിയ ആധാരങ്ങളും രേഖകളും കൃത്രിമമായി വിദേശത്തു ചമച്ചവയാണ് എന്നതാണ് മറ്റൊരു കണ്ടെത്തല്‍. വിദേശനാണ്യ ചട്ടങ്ങള്‍ ലംഘിച്ച് ഓരോ വര്‍ഷവും കോടിക്കണക്കിനു രൂപയാണ് വിദേശത്തേക്കു കടത്തുന്നത്.

തോട്ടങ്ങളുടെ ഉടമസ്ഥരാണ് എന്ന് അവകാശപ്പെടുന്ന പല ഇന്ത്യന്‍ കമ്പനികളും പഴയ ഈസ്റ്റ് ഇന്ത്യാ കമ്പനികളുടെ ബിനാമികളാണ് തുടങ്ങിയ ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് രാജമാണിക്യം തന്റെ അന്വേഷണത്തിലൂടെ പുറത്തുകൊണ്ടുവന്നത്. ഈ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ യു.ഡി.എഫ്. സര്‍ക്കാര്‍ എസ്. ശ്രീജിത്ത് ഐ.പി.എസിന്റെ നേതൃത്വത്തില്‍ ക്രൈംബ്രാഞ്ചിന്റെ പ്രത്യേക അന്വേഷണസംഘത്തെ നിയമിക്കുകയും ടാറ്റ, ഹാരിസണ്‍, ടി.ആര്‍. ആന്റ് ടി തുടങ്ങിയ വന്‍ കുത്തകകള്‍ക്കെതിരെ സര്‍ക്കാര്‍ ഭൂമി കയ്യേറിയതിനു വിവിധ കോടതികളില്‍ 44 കേസുകള്‍ രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു.

അഞ്ച് ലക്ഷത്തി ഇരുപതിനായിരം ഏക്കർ

സ്ഥലം ഇപ്പോഴും വിദേശകമ്പനികളുടേയോ,

അവരുടെ ഇന്ത്യക്കാരായ ബിനാമികളുടേയോ

കൈവശമാണ് എന്നതാണ് സുപ്രധാന വിവരം.

ഉടമസ്ഥാവകാശം കാണിക്കുന്നതിനുവേണ്ടി

ഹാജരാക്കിയ ആധാരങ്ങളും രേഖകളും

കൃത്രിമമായി വിദേശത്തു ചമച്ചവയാണ്

എന്നതാണ് മറ്റൊരു കണ്ടെത്തൽ.

ഈ സാഹചര്യത്തിലാണ് കേരളത്തില്‍ ഭരണമാറ്റം ഉണ്ടാകുന്നത്. പുതുതായി അധികാരത്തില്‍ വന്ന ഇടതുപക്ഷ സര്‍ക്കാരിന് രാജമാണിക്യം തന്റെ അന്തിമ റിപ്പോര്‍ട്ട് 2016 ജൂണ്‍ ആദ്യവാരം സമര്‍പ്പിച്ചു. വന്‍കിട കമ്പനികളുടെ നിയന്ത്രണത്തിലുള്ള സര്‍ക്കാര്‍ ഭൂമി തിരിച്ചുപിടിക്കുന്നതിനു പുതിയ നിയമ നിര്‍മാണം വേണം എന്നും ഭൂമിയുടെ ഉടമസ്ഥതയുമായി ബന്ധപ്പെട്ട വിദേശബന്ധങ്ങള്‍ ഉള്ളതിനാല്‍ സി.ബി.ഐ, എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് തുടങ്ങിയ ഉന്നതതല അന്വേഷണവും ശുപാര്‍ശ ചെയ്യുന്നതായിരുന്നു രാജമാണിക്യത്തിന്റെ റിപ്പോര്‍ട്ട്. വന്‍കിട കമ്പനികളുടെ കൈവശമുള്ള ലക്ഷക്കണക്കിന് ഏക്കര്‍ ഭൂമി പിടിച്ചെടുത്ത് ഭൂരഹിതര്‍ക്കു നല്‍കുമെന്നും വികസന ആവശ്യങ്ങള്‍ക്കുവേണ്ടി വിനിയോഗിക്കുമെന്നുമായിരുന്നു 2016 ലെ എല്‍.ഡി.എഫ് തെരഞ്ഞെടുപ്പ് പ്രകടനപത്രികയിലെ പ്രധാന വാഗ്ദാനങ്ങളില്‍ ഒന്ന്. ഈ സാഹചര്യത്തില്‍ വളരെ പ്രതീക്ഷയോടെയാണ് കേരളത്തിലെ ഭൂരഹിതരും ഭൂസമര സംഘടനകളും രാജമാണിക്യം റിപ്പോര്‍ട്ടിനെ വീക്ഷിച്ചത്. നിയമസഭയ്ക്ക് അകത്തും പുറത്തും ഒരു ഡസന്‍ അവസരങ്ങളിലെങ്കിലും രാജമാണിക്യം റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നിയമനിര്‍മ്മാണം നടത്തും എന്ന് റവന്യുമന്ത്രി ആവര്‍ത്തിച്ചു കൊണ്ടേയിരുന്നു. പക്ഷേ 8 വർഷം കഴിഞ്ഞിട്ടും ഇതുവരെ ഒന്നും നടന്നിട്ടില്ല.

ഇപ്പോൾ ടി.ആർ ആൻഡ് ടീ കൈവശം വെച്ചിരിക്കുന്ന 1145 ഏക്കർ ഭൂമികൈയേറ്റം സംബന്ധിച്ച് പ്രക്ഷോഭങ്ങൾ വീണ്ടും തുടങ്ങിയിരിക്കുന്നു. ഇപ്പോൾ ഈ എസ്റ്റേറ്റ് കൈവശം വെച്ചിരിക്കുന്നവർ വ്യാപകമായി പ്ലാൻ്റേഷനിൽ മരം മുറിയ്ക്കുന്നതും തൊഴിൽ പ്രശ്നങ്ങളുമാണ് സമരം പൊട്ടിപ്പുറപ്പെടാൻ കാരണെമങ്കിലും ഈ ഭൂമിയുമായി ബന്ധപ്പെട്ട് ഇപ്പോൾ കൂടുതൽ വിവരങ്ങൾ പുറത്തുവരാൻ തുടങ്ങിയിട്ടുണ്ട്.

ടിആർ &ടി എസ്റ്റേറ്റിലേക്ക് വെൽഫെയർ പാർട്ടി നടത്തിയ ഭൂമി തിരിച്ചു പിടിക്കൽ സമരം

ഇടുക്കി ജില്ലയിലെ പെരുവന്താനം വില്ലേജിലെ ട്രാവൻകൂർ റബ്ബർ ആൻഡ് ടീ കമ്പനി (ടി.ആർ ആൻഡ് ടീ) അധികൃതർ ഭൂവുടമസ്ഥത തെളിയിക്കാൻ ഒരേ ഭൂമിക്ക് തന്നെ രണ്ട് രേഖകൾ ഹാജരാക്കിയുണ്ടെന്ന് രാജമാണിക്യം റിപ്പോർട്ടിൽ പറയുന്നുണ്ട്. 1944 ലെ വിദേശകമ്പനികൾ തമ്മിൽ ഉണ്ടാക്കിയ ഉടമ്പടി കരാറാണ് ഒന്ന്. പക്ഷേ അതിന് നിയമ സാധുതയില്ല എന്ന് മനസ്സിലാക്കി കമ്പനി 1956 ലെ മറ്റൊരു ഉടമ്പടി കരാർ കൂടി കമ്മീഷനു മുമ്പിൽ ഹാജരാക്കിയിരുന്നു.

1956 ലെ രേഖയിൽ കാണുന്നത്  തിരുവിതാംകൂർ രാജാവിന്റെ കാലത്ത്  1149.39 ഏക്കർ ഭൂമി ആദ്യം വഞ്ചിപ്പുഴ ഇടവക എടക്കരക്കാർക്ക് പാട്ടത്തിന് നൽകി എന്നതാണ്. എടക്കരക്കാർ നാട്ടുകാർക്കും ഇക്കാലത്ത് ഭൂമി പാട്ടത്തിന് നൽകിയിരുന്നു. അതുവഴി  ഈ ഭൂമി കരിമ്പനാൽ സഹോദരന്മാരുടെ കൈകളിൽ എത്തി. ഇവരിൽ നിന്ന് ഇംഗ്ലീഷ് കമ്പനിക്കും അവരുടെ ഏജൻ്റുമാർക്കും പാട്ടത്തിന് കൈമാറി. പാട്ടക്കാലാവധി കഴിയുന്നതോടെ ഭൂമിയുടെ അവകാശം വഞ്ചിപ്പുഴ ഇടവകക്ക് തിരികെ ലഭിക്കേണ്ടതായിരുന്നു. എന്നാൽ വിദേശ കമ്പനികൾ പാട്ടവകാശം നിയമവിരുദ്ധമായി കൈമാറ്റം ചെയ്യുകയാണുണ്ടായത്. അതായത് അതോടെ ഭൂമിയുടെ ഉടമസ്ഥാവകാശത്തിൽ നിന്ന് വഞ്ചിപ്പുഴ ഇടവക പുറത്തായി.

വഞ്ചിപ്പുഴ ഇടവകയുടെ മേധാവിയുടെ സമ്മതമില്ലാതെയാണ് ഇംഗ്ലീഷുകാർ പാട്ടാവകാശം കൈമാറിയതെന്നാണ് രാജമാണിക്യം അന്വേഷണത്തിൽ കണ്ടെത്തിയത്. ഇംഗ്ലീഷ് പൗരന്മാർ ഡയറക്ടർമാരായി നടത്തി വന്ന വിദേശ കമ്പനിയാണ് ട്രാവൻകൂർ റബ്ബർ ആൻഡ് ടീ. വിദേശ കമ്പനികളുടെ പേരുകളല്ലാതെ ഇപ്പോൾ കൈവശം വച്ചിരിക്കുന്നവരുടെ മുൻഗാമികളുടെ ആരുടെയും പേര് ഈ രേഖയിൽ കാണുന്നില്ല. അതേസമയം, രേഖകളിൽ കരിമ്പനാൽ കുടുംബത്തിലെ കെ.ടി. എബ്രഹാം, തോമസ് തോമസ്, തോമസ് സെബാസ്റ്റ്യൻ, തോമസ് നിക്കോളാസ്, തോമസ് ചാണ്ടി, തോമസ് ജോസഫ്,  തോമസ് ജോർജ്, തോമസ് റോസമ്മ, കെ.വി. എബ്രഹാം, ഇട്ടിയവര വർക്കി, ഇട്ടിയവര തോമസ് എന്നിവരുടെ പേരുകളുണ്ട്. വഞ്ചിപ്പുഴ മുഖ്യൻ ഭൂമി പാട്ടത്തിന് നൽകിയ എടക്കരയിലെ മൂന്നു പാട്ടക്കാരിൽ ഒരാളായ ഇട്ടിയവര വർക്കിയുടെ അനന്തരാവകാശികാണ് ഈ കരാർ ഉണ്ടാക്കിയതെന്ന് രേഖകളിൽ പറയുന്നു. പെരുവന്താനം പകുതിയിലെ വഞ്ചിപ്പുഴ ഇടവക ഭൂമിയുടെ ഭാഗമായിരുന്നു ഇതെന്ന് കരാറിലൂടെ വ്യക്തമാണ്. കരിമ്പനാൽ കുടുംബത്തിലെ അംഗങ്ങൾ 1145 ഏക്കർ 1045 രൂപ വാർഷിക പാട്ടത്തിന് മതമ്പ സിൻഡിക്കേറ്റിന് ഉപപാട്ടം നൽകി. ഈ തുകയിൽ 500 രൂപ വഞ്ചിപ്പുഴ മുഖ്യനും 545 രൂപ കരിമ്പനാല്‍ കുടുംബത്തിനും നൽകണമെന്നായിരുന്നു പാട്ടക്കരാറിലെ വ്യവസ്ഥ.

അതേസമയം, ഇതേ ഭൂമിക്ക് 1945 മാർച്ച് ഒമ്പതിലെ ഉടമ്പടി ( 2278/ 1945) കരാറും ടി.ആർ ആൻഡ് ടീ കമ്പനി തന്നെ ഹാജരാക്കി. 1956ലെ രേഖ പ്രകാരം കരിമ്പനാൽ കുടുംബത്തിൻറെ നിയമപരമായ അവകാശികളിൽ നിന്നും ഭൂമി വാങ്ങിയെന്നാണ് ടി.ആർ ആൻഡ് ടീ കമ്പനി കമ്മീഷന് മുന്നിൽ അവകാശപ്പെട്ടത്. ട്രാവൻകൂർ റബ്ബർ കമ്പനി എന്നത് ഒരു വിദേശ കമ്പനിയായിരുന്നു. ഇപ്പോൾ ഈ ഭൂമി കൈവശം വച്ചിരിക്കുന്നത് ശിവരാമ കൃഷ്ണ ശർമ എന്നയാളാണ്. അവരവകാശപ്പെടുന്നത് തങ്ങൾ ഈ കമ്പനിയുടെ പിൻഗാമികൾ ആണെന്നാണ്. എന്നാൽ അതിന് ഉപോദ്ബലകമായ രേഖകളൊന്നും ഹാജരാക്കാൻ ഇവർക്ക് കഴിഞ്ഞിട്ടില്ല. 

1947ന് ശേഷം വിദേശ കമ്പനികൾ ഉപേക്ഷിച്ചു പോയ ഭൂമിയാണ് പെരുവന്താനം വില്ലേജിലെ ടി.ആർ ആൻഡ് ടീ എസ്റ്റേറ്റ് എന്നത് വ്യക്തമാണ്. ഈ ഭൂമിക്ക് മേൽ ഇപ്പോഴത്തെ കൈവശക്കാർക്ക് അവകാശങ്ങളൊന്നും സ്ഥാപിക്കാൻ തക്ക രേഖകളൊന്നുമില്ല എന്നാണ് രാജമാണിക്യം റിപ്പോർട്ട് അസന്നിഗ്ദമായി പറയുന്നത്. 1947ന് ശേഷം ഈ ഭൂമി വിദേശികൾ ഉപേക്ഷിച്ച് പോയപ്പോൾ സംസ്ഥാന സർക്കാരിന്റേതായി എന്നതാണ് രാജമാണിക്യം റിപ്പോർട്ട് സാക്ഷ്യപ്പെടുത്തുന്നത്.

രാജമാണിക്യം റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ സംസ്ഥാന സർക്കാർ നിയോഗിച്ച ക്രൈെ ബ്രാഞ്ച് സ്പെഷ്യൽ ടീം ഐ ജി ശ്രീജിത്തിന്റെ അന്വേഷണത്തിൽ കണ്ടെത്തിയത് അനുസരിച്ച് ഈ ഭൂമി 1955 ഇടവക അവകാശ പ്രകാരം  സർക്കാർ 416358 രൂപയ്ക്ക് വഞ്ചിപ്പുഴ മഠത്തിൽ നിന്നും 4581/1955 നമ്പർ ആധാര പ്രകാരം സർക്കാർ വിലയ്ക്ക് വാങ്ങിയതായും രേഖകൾ പരിശോധിച്ചതിൽ കാണുന്നുണ്ട്. സർക്കാർ വിലയ്ക്കെടുത്ത ഈ ഭൂമി പിന്നീട് ആർക്കും പതിച്ചു നൽകിയതായി രേഖകളില്ല.

രാജമാണിക്യം കമ്മീഷന്റെ അന്വേഷണത്തിൽ ഈ ഭൂമി എത്രയും പെട്ടെന്ന് പിടിച്ചെടുത്തു ലാൻഡ് ബോർഡിൽ നിക്ഷേപിക്കണമെന്ന് നിർദ്ദേശിച്ചിട്ടുള്ളതും യാതൊരു രേഖകളും റിക്കാർഡുകളും ഇല്ലാതെ ആണ് നിലവിലെ ഉടമസ്ഥൻ ഈ ഭൂമി കൈവശം വെച്ചിരിക്കുന്നതും എന്നു കണ്ടെത്തിയതുമാണ്. തോട്ടഭൂമി എന്നാണ് പറയുന്നതെങ്കിലും ഭൂമിയിലെ മുക്കാൽ ഭാഗവും തോട്ടേതര വിളകളാണ് നിലവിലെ കൈവശക്കാർ ചെയ്തുകൊണ്ടിരിക്കുന്നത്. ഇത് ഭൂപരിഷ്കരണ നിയമത്തിൻ്റെ നഗ്നമായ ലംഘനം കൂടിയാണ്. ഉടമസ്ഥാവകാശം ഇല്ലാത്ത ഭൂമി ഇപ്പോഴത്തെ കൈവശക്കാരൻ മുറിച്ച് വിൽക്കുന്നതായി ഇവിടെത്തെ തൊഴിലാളികൾ തന്നെ ആരോപണം ഉന്നയിക്കുന്നുണ്ട്. കേരള്ത്തിൽ ഭൂരാഹിത്യം നിലനിൽക്കെ ഇത്തരത്തിൽ അനധികൃതമായി ഭൂമി കൈവശം വയ്ക്കാൻ സ്വാധീനമുള്ളവർക്ക് കഴിയും എന്നതിൻ്റെ ഉത്തമ ഉദാഹരണമാണ് പെരുവന്താനം ടി.ആർ ആൻഡ് ടി എസ്റ്റേറ്റ്.

 

Related