June 14 Saturday 2025

ഇപ്പോഴത്തെ ഇന്ത്യക്ക് ആഗ്രഹിക്കാവുന്നതിൽ ഏറ്റവും മികച്ച തെരഞ്ഞെടുപ്പ് ഫലം

ബി.ജെ.പിക്ക് ഒറ്റക്ക് ഇന്ത്യ ഭരിക്കാനുള്ള ഭൂരിപക്ഷം നഷ്ടപ്പെടുകയും കോണ്‍ഗ്രസ് വലിയൊരളവില്‍ നഷ്ടപ്പട്ട ജനപിന്തുണ തിരിച്ചുപിടിക്കുകയും ചെയ്ത തെരഞ്ഞെടുപ്പാണ് 2024 ലേത്. ജനങ്ങളുടെ തിരിച്ചറിവ് കൂടുമ്പോള്‍ ക്ഷണനേരത്തില്‍ വീണുടയുന്ന വ്യാജബിംബമാണ് നരേന്ദ്രമോദി എന്ന് അടിവരയിട്ട തെരഞ്ഞെടുപ്പായിരുന്നു ഇത്. സാങ്കേതികാര്‍ഥത്തില്‍ മോദിക്ക് മൂന്നാമൂഴം കിട്ടിയിട്ടുണ്ടാവാം. പക്ഷേ, ധാര്‍മികമായി തോറ്റമ്പിയ മോദിയാണ് മൂന്നാമൂഴത്തിന് തുനിഞ്ഞിറങ്ങുന്നത്. കഴിഞ്ഞ തവണ ലഭിച്ച ഭൂരിപക്ഷത്തേക്കാള്‍ 3.26 ലക്ഷം വോട്ടുകളാണ് നരേന്ദ്ര മോദിക്ക് സ്വന്തം മണ്ഡലമായ വാരാണസിയില്‍ നഷ്ടമായത്. അതിനേക്കാളും രണ്ട് മടങ്ങ് അധികമായിരുന്നു റായ്ബറേലിയിലും വയനാട്ടിലും രാഹുല്‍ ഗാന്ധി നേടിയ ഭൂരിപക്ഷം. 2014ല്‍ നേടിയതിനേക്കാള്‍ ഒരു ലക്ഷം വോട്ടുകള്‍ 2019ല്‍ അധികം നേടിയ മോദിയുടെ ജനപ്രീതി കുത്തനെയാണ് ഇടിഞ്ഞു വീണത്. മോദിയെ മുന്‍നിര്‍ത്തി തെരഞ്ഞെടുപ്പ് നേരിട്ട ബി.ജെ.പിക്ക് കഴിഞ്ഞ തവണ ലഭിച്ചതിനേക്കാള്‍ 63 സീറ്റുകളും നഷ്ടപ്പെട്ടു. എന്‍.ഡി.എക്ക് ഇന്ത്യ ഭരിക്കാനാവശ്യമായ കേവല ഭൂരിപക്ഷമുണ്ട് എന്നതു മാത്രമാണ് മോദിക്ക് ആശ്വാസം പകരുന്ന ഒരേയൊരു ഘടകം. ബിജെ.പിക്ക് 240 സീറ്റുകളും കോണ്‍ഗ്രസിന് 99 സീറ്റുകളുമാണ് ഇക്കുറി ലഭിച്ചത്. 

നരേന്ദ്ര മോഡി, അമിത് ഷാ

തന്റെ ഭരണത്തെ കുറിച്ച് പ്രത്യേകിച്ചൊന്നും പറയാനില്ലാത്ത ഒരാള്‍ രാജ്യത്തെ മതവിഭാഗങ്ങളെ കുറിച്ചും വിവിധ ജനസമൂഹങ്ങളെ കുറിച്ചും പ്രതിപക്ഷ സംഘടനകളെ കുറിച്ചുമൊക്കെ ജനങ്ങളില്‍ ഭയം വളര്‍ത്തുകയാണ് ചെയ്തു കൊണ്ടിരുന്നത്. കോണ്‍ഗ്രസ് അധികാരത്തില്‍ വന്നാല്‍ നിങ്ങളുടെ താലിമാല അടിച്ചുമാറ്റി കൂടുതല്‍ കുഞ്ഞുങ്ങളെ ഉണ്ടാക്കുന്നവര്‍ക്ക് (മുസ്‌ലിംകള്‍ക്ക്) കൊടുക്കും, അദാനിയും അംബാനിയും ചേര്‍ന്ന് കോണ്‍ഗ്രസിന് ടെമ്പോ വാനുകള്‍ നിറയെ പണം എത്തിക്കുന്നുണ്ട്, ഖജനാവിന്റെ സ്വത്ത് മുഴുവനും കോണ്‍ഗ്രസ് നുഴഞ്ഞു കയറ്റക്കാരും അട്ടിപ്പേറുകാരുമായ മുസ്‌ലിംകള്‍ക്ക് നല്‍കും, അധികാരത്തിലേറുന്ന കോണ്‍ഗ്രസ് സ്‌പോര്‍ട്‌സ് മേഖലയില്‍ ന്യൂനപക്ഷങ്ങള്‍ക്ക് പ്രാമുഖ്യം കൊടുക്കും, കോണ്‍ഗ്രസ് തനിക്കെതിരെ ഒരു പ്രത്യേക സമുദായത്തെ ഉപയോഗിച്ച് വോട്ട് ജിഹാദ് നടത്തുന്നു, കോണ്‍ഗ്രസിനും ഇന്ത്യാ സഖ്യത്തിനും വേണ്ടി പാകിസ്ഥാനില്‍ പ്രാര്‍ഥന നടക്കുന്നു ഇതൊക്കെയായിരുന്നു മോദിയുടെ ദുര്‍ഭാഷണങ്ങളുടെ തലക്കെട്ടുകളായി മാറിയത്. സൂക്ഷ്മവായനയില്‍ ഏക സിവില്‍കോഡ്, ബി.ജെ.പിയുടെ കോര്‍പറേറ്റ് ചങ്ങാത്തത്തിന് മറുപടി, മുസ്‌ലിം ജനസംഖ്യാ വര്‍ധനവ്, മുസ്‌ലിം സംവരണം, പാകിസ്ഥാന്‍ വിരുദ്ധത എന്ന മുസ്‌ലിം പേടി ഇതൊക്കെയാണ് തന്റെ വാക്കുകളിലൂടെ രാജ്യത്ത് സൃഷ്ടിക്കാന്‍ ശ്രമിച്ചു കൊണ്ടിരുന്ന അടിയൊഴുക്കുകള്‍. കോണ്‍ഗ്രസ് വന്നാല്‍ രാമക്ഷേത്രം പൊളിക്കുമെന്നു പോലും മോദി പ്രസംഗിച്ചു. രാമക്ഷേത്രത്തെ എതിര്‍ക്കുന്നവരുടെയും തകര്‍ക്കുന്നവരുടെയും പട്ടികയില്‍ പ്രതിപക്ഷത്തെ നിര്‍ത്തുന്ന ഈ പ്രസംഗങ്ങള്‍ ഏറ്റുപിടിക്കാന്‍ വല്ലാതെയൊന്നും ആളുണ്ടായില്ല. അതേസമയം, മോദിയുടെ പ്രസംഗങ്ങള്‍ക്ക് ഒരു മറുവശമുണ്ടായിരുന്നു. ഗസ്സയില്‍ ഇസ്രായേല്‍ നടത്തുന്ന ‘കാര്‍പെറ്റ് ബോംബിംഗ്’ പോലെ ഓരോ പ്രദേശത്തും വാര്‍ഡുകള്‍ തിരിച്ച് വര്‍ഗീയതയുടെയും വംശീയതയുടെയും കാളകൂടം തളിക്കുകയാണ് അദ്ദേഹം ചെയ്തു കൊണ്ടിരുന്നത്. അതിന് സഹായകരമായ രീതിയിലായിരുന്നു യു.പിയിലും ബീഹാറിലും മണ്ഡലങ്ങളെ വിവിധ ഘട്ടങ്ങളില്‍ ഉള്‍പ്പെടുത്തിയത്.

ഓരോ സംസ്ഥാനങ്ങള്‍ – ഓരോ സാഹചര്യങ്ങള്‍

ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ കര്‍ണാടകയാണ് അപ്രതീക്ഷിതമായി മോദിയെ തുണച്ച സംസ്ഥാനം. പ്രജ്വല്‍ രേവണ്ണ എന്ന കൊടും ക്രിമിനലിനെ വേദിയില്‍ ഒപ്പം നിര്‍ത്തി അയാളെ തനിക്ക് ലോക്‌സഭയില്‍ ആവശ്യമുണ്ടെന്നു പറഞ്ഞിട്ടും മോദിയോടൊപ്പമായിരുന്നു കര്‍ണാടക. രേവണ്ണയുടെ ലൈംഗിക പരാക്രമങ്ങള്‍ തെരഞ്ഞെടുപ്പിന് മുമ്പേ ശ്രദ്ധയില്‍ വന്നിട്ടും ജാതികോപം ഭയന്ന് അത് പുറത്തു വിടാതിരുന്ന കോണ്‍ഗ്രസിന്റെ കണക്കുകൂട്ടലുകള്‍ പിഴച്ചു. സിദ്ധരാമയ്യയുടേത് സദ്ഭരണമാണെങ്കില്‍ക്കൂടിയും അസംബ്ലിക്കും പാര്‍ലമെന്റിനുമിടയില്‍ മാറിമാറി വോട്ടു രേഖപ്പെടുത്തുന്ന കര്‍ണാടകയുടെ ശീലം കോണ്‍ഗ്രസ് മുന്‍കൂട്ടിക്കാണണമായിരുന്നു. ഒഡീഷയിലും ഇതുതന്നെയാണ് സംഭവിച്ചത്. 24 വര്‍ഷങ്ങള്‍ ഒഡീഷ ഭരിച്ച നവീന്‍ പട്‌നായിക്കിന് പകരമായി വോട്ടര്‍മാര്‍ പുതിയ പരീക്ഷണങ്ങള്‍ തേടുമെന്ന് മുന്‍കൂട്ടിക്കണ്ട് അവിടെ കാടിളക്കി പ്രചാരണം നടത്തേണ്ടിയിരുന്ന ഇന്ത്യാ മുന്നണി മതേതര പാരമ്പര്യമുള്ള ഒരു വലിയ സംസ്ഥാനമാണ് എന്‍.ഡി.എ പരിവാറിന് അടിയറ വെച്ചത്. ബിജു ജനതാദളിനെ ഇന്ത്യാ സഖ്യത്തില്‍ ഉള്‍പ്പെടുത്താന്‍ കഴിയാതിരുന്നത് മതേതര മുന്നണിയുടെ വലിയ പിഴയായി മാറി. നവീന് ശേഷം ബി.ജെ.ഡി തന്നെ ഇല്ലാതാവുമെന്ന് കണക്കു കൂട്ടുന്നവരുണ്ട്. അസംബ്ലിയിലും പാര്‍ലമെന്റിലും ഇനി ബി.ജെ.പിയാണ് ഒഡീഷയുടെ മുഖം.

അഖിലേഷ് യാദവ് വെൽഫെയർ പാർട്ടി നേതാക്കളോടൊപ്പം

ഭരണനേട്ടങ്ങളായി ഒന്നും എടുത്തു പറയാനില്ലാത്ത പത്ത് വര്‍ഷങ്ങള്‍ക്കൊടുവില്‍ മുസ്‌ലിംകളെ ടാര്‍ഗറ്റ് ചെയ്യുന്ന, ജനങ്ങളെ വര്‍ഗീയമായി തമ്മിലടിപ്പിക്കുന്ന പ്രചാരണമാണ് ബി.ജെ.പി നയിച്ചത്. രാമക്ഷേത്രവും ആര്‍ട്ടിക്കിള്‍ 370ഉം ഏക സിവില്‍കോഡുമാണ് അവര്‍ ഉയര്‍ത്തിക്കാട്ടിയ മറ്റ് മുദ്രാവാക്യങ്ങള്‍. ആര്‍.എസ്.എസിന്റെ മാനസിക വൈകൃതങ്ങളുടെ മാത്രം പരിധിയില്‍ പെടുന്ന ഈ വിഷയങ്ങള്‍ പൊതുസമൂഹത്തെ ബി.ജെ.പിയിലേക്ക് ആട്ടിത്തെളിക്കുമെന്നാണ് മോദി സ്വപ്‌നം കണ്ടത്. സംവരണം എടുത്തു കളയുന്നതിനെ കുറിച്ച് ഭരണകാലഘട്ടത്തിലുടനീളം സൂചന നല്‍കിക്കൊണ്ടിരുന്ന പാര്‍ട്ടി അത് മുസ്‌ലിംകളുടെ മാത്രം പ്രശ്‌നമായാണ് ചിത്രീകരിച്ചത്. ഹിന്ദു സവര്‍ണ സമുദായങ്ങള്‍ ഏറ്റുപിടിക്കുന്ന സംവരണ വിരുദ്ധതയെ പിന്‍വാതിലിലൂടെ നടപ്പാക്കാനായിരുന്നു നീക്കം. തൃശൂരില്‍ സുരേഷ് ഗോപിയുടെ പ്രചാരണത്തിനിടെ പ്രധാനമന്ത്രി ആദ്യം ഉയര്‍ത്തിയ ‘ഇത്തവണ നാനൂറ് കടക്കും’ എന്ന, ഉത്തരേന്ത്യയില്‍ ‘അബ് കീ ബാര്‍ ചാര്‍ സൗ പാര്‍’ എന്ന മുദ്രാവാക്യത്തില്‍ അങ്ങനെയൊരു ഇരട്ടത്താപ്പ് പാര്‍ട്ടി ഒളിച്ചു കടത്തുന്നുണ്ട്. ‘ഭരണഘടന തിരുത്തണമെങ്കില്‍ നമുക്ക് അത്രയും സീറ്റുകള്‍ കിട്ടിയേ മതിയാവൂ’ എന്നാണ് മോദിയുടെ മുദ്രാവാക്യത്തിന് ബി.ജെ.പിയുടെ ഛോട്ടാ നേതാക്കള്‍ നല്‍കിയ വിശദീകരണം. ഈ ഒരൊറ്റ മുദ്രാവാക്യമാണ് യു.പിയില്‍ ബി.ജെ.പിയുടെ കഥകഴിച്ചത്. എന്തിനു വേണ്ടി ബി.ജെ.പി ഭരണഘടന തിരുത്തുന്നു എന്ന ചോദ്യവുമായി സമാജ്‌വാദിയും കോണ്‍ഗ്രസും രംഗത്തെത്തി. സംവരണം ഇല്ലാതാക്കുകയാണ് അവരുടെ ലക്ഷ്യമെന്ന ഇന്ത്യാ മുന്നണിയുടെ പ്രചാരണം സംസ്ഥാനത്തെ അഞ്ചിലൊരു വോട്ടര്‍ വീതം ദലിതനായ യു.പിയില്‍ ഭയാനകമായ അടിയൊഴുക്കുകളാണ് സൃഷ്ടിച്ചത്. ആദ്യത്തെ രണ്ടുഘട്ടം വോട്ടെടുപ്പുകള്‍ കഴിഞ്ഞപ്പോള്‍ത്തന്നെ മോദി അപകടം മനസ്സിലാക്കുകയും തന്റെ മുദ്രാവാക്യത്തെ തള്ളിപ്പറയുകയും ചെയ്തിരുന്നു. മീററ്റ്, അംറോഹ, സംഭല്‍, ബുലന്ദ് ശഹര്‍, ഗൗതംബുദ്ധ നഗര്‍ എന്നു തുടങ്ങി കഴിഞ്ഞ തവണ ബി.ജെ.പി ജയിച്ച പിന്നാക്ക, ന്യൂനപക്ഷ മേഖലയിലെ സീറ്റുകളില്‍ ബി.ജെ.പിയെ വോട്ടര്‍മാര്‍ കൈയ്യൊഴിഞ്ഞു.

എഞ്ചിനീയർ റഷീദ്

മുന്നണി രാഷ്ട്രീയത്തിന്റെ ബാഹ്യവും ആന്തരികവുമായ ചില മര്യാദകേടുകളും ബി.ജെ.പിയെ വലച്ചു. ജാതി നേതാക്കളെ കൂടെക്കൂട്ടി അവരുടെ അണികളെ വിഴുങ്ങുകയാണ് ബി.ജെ.പി നാളിതുവരെ ചെയ്തു പോന്നത്. ഇതില്‍ അതൃപ്തരായി എന്‍.ഡി.എയിലെ മിക്ക ജാതി സംഘടനകളും 2022ലെ അസംബ്ലി തെരഞ്ഞെടുപ്പു കാലത്ത് ബി.ജെ.പിയുമായുള്ള ചങ്ങാത്തം ഉപേക്ഷിച്ചിരുന്നു. അക്കൂട്ടത്തില്‍ അനുപ്രിയ പട്ടേലിന്റെ അപ്‌നാദള്‍ (എസ്) വിഭാഗവും ഓംപ്രകാശ് രജബറിന്റെ സുഹല്‍ദേവ് ബഹുജന്‍ സമാജ് പാര്‍ട്ടിയും ജയന്ത് ചൗധരിയുടെ രാഷ്ട്രീയ ലോക്ദളും ഒരിക്കല്‍ കൂടി എന്‍.ഡി.എയിലേക്കു തിരിച്ചു പോയി. മാര്‍ച്ച് 2 വരെയും ഇന്ത്യാ മുന്നണിയുടെ ഭാഗമായിരുന്നു ആര്‍.എല്‍.ഡി. 2022ലെ അസംബ്ലി തെരഞ്ഞെടുപ്പില്‍ സമാജ്‌വാദിയോടൊപ്പം നിന്നവരാണ് ഈ പാര്‍ട്ടികളെല്ലാവരും. ആര്‍.എല്‍.ഡിയെ ഒപ്പം നിര്‍ത്തിയാല്‍ വടക്കന്‍ മേഖലയിലെ ജാട്ട് വോട്ടുകള്‍ ഒപ്പം വരുമെന്ന് കണക്കു കൂട്ടിയാണ് ജയന്തിന്റെ മുത്തച്ഛനും മുന്‍ പ്രധാനമന്ത്രിയുമായ ചൗധരി ചരണ്‍ സിംഗിന് ബി.ജെ.പി ഭാരത രത്‌നം പ്രഖ്യാപിച്ചത്. ഏത് മുന്നണിയില്‍ നിന്നാലും ആര്‍.എല്‍.ഡി ജയിക്കുന്ന ഭാഗ്പത്, ബിജ്‌നൗര്‍ സീറ്റുകള്‍ക്കു പുറമെ സഹാറൻപൂര്‍, മുസഫര്‍ നഗര്‍, ഖൈരാന എന്നീ ജാട്ട് ബെല്‍റ്റിലെ നിര്‍ണായക സീറ്റുകള്‍ നിലനിര്‍ത്താന്‍ ജയന്ത് ബി.ജെ.പിയെ സഹായിക്കുകയും ചെയ്തു. ആര്‍.എല്‍.ഡി ഒപ്പമുണ്ടായിരുന്നെങ്കില്‍ മേഖലയിലെ അഞ്ച് സീറ്റുകള്‍ കൂടി ഇന്ത്യാ സഖ്യത്തിന് ലഭിച്ചേനെ. കേശവ്‌ദേവ് മൗര്യയുടെ മഹാന്‍ പാര്‍ട്ടി, ശരദ് പവാറിന്റെ എന്‍.സി.പി, ശിവ്പാല്‍ യാദവിന്റെ പ്രഗതിശീല്‍ സമാജ്‌വാദി പാര്‍ട്ടി, ഖാസിപ്പൂരിലെ സഞ്ജയ് ചൗഹാന്റെ നൗനിയ സമുദായക്കാരുടെ പാര്‍ട്ടിയായ ജെ.എസ്.പി, ഡോ: അയ്യൂബിന്റെ പീസ് പാര്‍ട്ടി, വെല്‍ഫയര്‍ പാര്‍ട്ടി തുടങ്ങിയ ചെറുതും വലുതുമായ നിരവധി കക്ഷികളുമായി സഖ്യത്തിലേര്‍പ്പെട്ടാണ് സമാജ്‌വാദി പാർട്ടി ഇത്തവണ തെരഞ്ഞെടുപ്പിനെ നേരിട്ടത്. ഹിന്ദുത്വത്തിന്റെ വിശാലമായ കുടക്കീഴില്‍ ഒരുമിച്ചു നില്‍ക്കാമെന്ന് സ്വപ്‌നം കണ്ട് ആദിത്യനാഥിനെ അംഗീകരിച്ച് നിരാശരായ ജാതി പാര്‍ട്ടികളാണ് അഖിലേഷിനൊപ്പം ചേര്‍ന്നത്. മായാവതിയുടെ ബി.എസ്.പിയില്‍ നിന്നും സമീപകാലത്ത് ബി.ജെ.പിയിലേക്കു ചേക്കേറിയ ജാട്ടവുകള്‍ക്കുമുണ്ടായിരുന്നു മോഹഭംഗം. അവരെയെല്ലാം ഇന്ത്യാ മുന്നണിയിലെത്തിക്കാന്‍ ഏറ്റവും കൂടുതല്‍ സഹായിച്ച ഘടകമായിരുന്നു ‘അബ് കീ ബാര്‍ ചാര്‍ സൗ പാര്‍’.

ബീഹാറിലായിരുന്നു കണക്കുകള്‍ പിഴച്ചത്. നിധീഷ് കുമാറിന്റെ ജനതാദള്‍ യുനൈറ്റഡ് (ജെ.ഡി.യു) ഇന്ത്യാ സഖ്യം വിട്ട് നാലാം തവണയും എന്‍.ഡി.എയില്‍ ചേക്കേറിയതിനു ശേഷം സംസ്ഥാനത്ത് വോട്ടര്‍മാര്‍ അദ്ദേഹത്തിനെതിരെ തിരിഞ്ഞിട്ടുണ്ട് എന്നാണ് ഒട്ടുമിക്ക മാധ്യമ പ്രവര്‍ത്തകരും വിലയിരുത്തിയത്. എന്നാല്‍, നിധീഷിന് സംസ്ഥാനത്ത് ജനപിന്തുണ വര്‍ധിക്കുകയാണ് ചെയ്തത്. ബി.ജെ.പിയാണ് എന്‍.ഡി.എ സഖ്യത്തില്‍ പിന്നാക്കം പോയത്. നിധീഷിനിത് മുമ്പെന്നെത്തേക്കാളും മോദിയുമായി വിലപേശാനുള്ള സാഹചര്യമാണ്. മൂന്നാമൂഴത്തില്‍ ജെ.ഡി.യുവും ചന്ദ്രബാബു നായിഡുവിന്റെ തെലുഗുദേശം പാര്‍ട്ടി (ടി.ഡി.പി)യും പിന്തുണച്ചില്ലെങ്കില്‍ മോദിക്ക് ഒരിക്കലും പ്രധാനമന്ത്രിയാവാന്‍ കഴിയില്ല എന്നതുകൊണ്ടുതന്നെ വിലപേശലിന്റെ കാഠിന്യം ഇത്തവണ കുറെക്കൂടി ശക്തവുമാണ്. മറുകണ്ടം ചാടിയാല്‍ നിധീഷിന് വേണമെങ്കില്‍ പ്രധാനമന്ത്രി പദവി പോലും ലഭിക്കും എന്നിരിക്കെ നരേന്ദ്ര മോദിക്ക് ഒട്ടും എളുപ്പമല്ല കാര്യങ്ങള്‍. ഇ.ഡി കേസില്‍ പെടുത്തി ഏതാണ്ടൊരു ഭീഷണിയിലൂടെ എന്‍.ഡി.എയിലെത്തിച്ച നായിഡുവിനും വേണമെങ്കില്‍ കണക്ക് തീര്‍ക്കാനാവും. ഇവര്‍ രണ്ടുപേരും കാലുവാരിയാല്‍ അമിത് ഷായുടെ മുമ്പില്‍ കോണ്‍ഗ്രസിനെയോ സമാജ്‌വാദിയെയോ പിളര്‍ത്തുക മാത്രമാണ് പിന്നെയുള്ള പോംവഴി. ഉദ്ധവ് താക്കറെയെയോ തൃണമൂല്‍ കോണ്‍ഗ്രസിനെയോ എന്‍.ഡി.എയില്‍ എത്തിക്കുക ഇപ്പോഴത്തെ സാഹചര്യത്തില്‍ അത്ര എളുപ്പമല്ല.

കണക്കുകളും യാഥാര്‍ഥ്യവും

ബി.ജെ.പിക്ക് കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ മൃഗീയമായ ഭൂരിപക്ഷം ലഭിച്ച സംസ്ഥാനങ്ങളായിരുന്നു മധ്യപ്രദേശ്, ഗുജറാത്ത്, രാജസ്ഥാന്‍, ഹിമാചല്‍ പ്രദേശ്, ഉത്തരാഖണ്ഡ്, ദല്‍ഹി എന്നിവ. മധ്യപ്രദേശില്‍ ഒറ്റ സീറ്റ് മാത്രമാണവര്‍ കോണ്‍ഗ്രസിന് വിട്ടു കൊടുത്തത്. ഇത്തവണ ആ സീറ്റും ബി.ജെ.പി പിടിച്ചെടുത്തു. കമല്‍നാഥിനെ ചുമതലയേല്‍പ്പിക്കുന്നതില്‍ നിന്ന് ഒരു പാഠവും കോണ്‍ഗ്രസ് പഠിക്കുന്നുണ്ടായിരുന്നില്ല. അസംബ്ലി തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് ഒരു ചലനവും സൃഷ്ടിക്കാതിരുന്ന ഈ വയസ്സന്‍ കുതിരയെ ഇത്തവണയും മുന്നില്‍ നിര്‍ത്തി കോണ്‍ഗ്രസ് പരാജയം ചോദിച്ചു വാങ്ങി. ദല്‍ഹിയിലെ മധ്യവര്‍ഗക്കാർക്ക് കരന്റും വെള്ളവും ഫ്രീ കിട്ടുന്നതിനാണ് അവര്‍ ആം ആദ്മി പാര്‍ട്ടിയെ ജയിപ്പിക്കുന്നത്. എന്നാല്‍, വര്‍ഗീയതയുടെ ചൊരുക്കിന് ആശ്വാസം കിട്ടാന്‍ പാര്‍ലമെന്റിലേക്ക് മോദിയുടെ പാര്‍ട്ടിക്കാരെയും പറഞ്ഞയക്കും. ആ പതിവ് ഇക്കുറിയും തെറ്റിച്ചില്ല. കെജ്‌രിവാള്‍ അഴിമതിക്കാരനാണെന്ന ഗോദി മാധ്യമങ്ങളുടെ പെരുമ്പറയടി സത്യമാണെങ്കിലും അല്ലെങ്കിലും ദല്‍ഹിക്കാരന്‍ വിശ്വസിക്കുമായിരുന്നു. ഗുജറാത്തില്‍ അതിശക്തമായ രീതിയില്‍ മോദിയുടെ പ്രചാരണമുണ്ടായിട്ടു പോലും കഴിഞ്ഞ പത്ത് വര്‍ഷമായി മുഴുവന്‍ സീറ്റുകളിലും ജയിക്കുന്ന പതിവ് ബി.ജെ.പിക്ക് തെറ്റുകയും ബനസ്‌കാന്ത സീറ്റ് കോണ്‍ഗ്രസ് പിടിച്ചടക്കുകയും ചെയ്തു. 2019ല്‍ രാജസ്ഥാനിലെ മൊത്തം സീറ്റുകളും കൈയ്യടക്കിയ ബി.ജെ.പിക്ക് ഇക്കുറി 12 എണ്ണം നഷ്ടമായി. പശ്ചിമ ബംഗാളിലാണ് ബി.ജെ.പിക്ക് ഏറ്റവും വലിയ ഇഛാഭംഗമുണ്ടായത്. 30 സീറ്റുകള്‍ വരെ കിട്ടുമെന്ന് അമിത് ഷാ മോഹിച്ച സംസ്ഥാനത്ത് വെറും 19 പേരെയേ ജയിപ്പിക്കാനായുള്ളൂ. ഈ സംസ്ഥാനത്ത് കോണ്‍ഗ്രസും സി.പി.എമ്മും മമതയും തമ്മില്‍ പൂര്‍ണമായ അര്‍ഥത്തിലുള്ള സഖ്യം രൂപപ്പെട്ടിരുന്നില്ല. ചില മണ്ഡലങ്ങളില്‍ കോണ്‍ഗ്രസും സി.പി.എമ്മും മമതയും ബി.ജെ.പിയുമെല്ലാം മത്സര രംഗത്തുണ്ടായിരുന്നു.

ചന്ദ്ര ബാബു നായിഡു

പത്രമാധ്യമങ്ങളാണ് കഴിഞ്ഞ രണ്ടു ലോക്‌സഭാ തെരഞ്ഞെടുപ്പുകളിലും ബി.ജെ.പിയുടെ നട്ടെല്ലായി നിലകൊണ്ടത്. പക്ഷേ, മാധ്യമങ്ങളുടെ വിശ്വാസ്യതക്ക് കനത്ത ആഘാതമാണ് കഴിഞ്ഞ ഏതാനും മാസങ്ങള്‍ക്കിടയില്‍ ഉണ്ടായത്. നിമിഷാര്‍ധം കൊണ്ട് കോടിക്കണക്കിന് വോട്ടര്‍മാരിലേക്ക് സന്ദേശമെത്തിച്ചു കൊണ്ടിരുന്ന ബി.ജെ.പിയുടെ വാട്ട്സ്ആപ്പ് യൂണിവേഴ്‌സിറ്റികളുടെ ശൗര്യം നഷ്ടപ്പെടുകയാണ് എന്ന് അവരുടെ തന്നെ ചില നേതാക്കളുടെ സംസാരങ്ങള്‍ പുറത്തു വന്നു. മറുഭാഗത്ത് മോദിയെ ചോദ്യം ചെയ്യുന്ന ധ്രുവ് രാഠി, രവീഷ് കുമാര്‍ പോലുള്ളവരുടെ ചാനലുകള്‍ തെരഞ്ഞെടുപ്പു കാലത്ത് ബി.ജെ.പിയുടെ നുണപ്രചാരണ സെല്ലുകളേക്കാള്‍ ജനപ്രീതി നേടിയതായാണ് കണക്കുകള്‍. രാജ്യത്തെ 25 ശതമാനം വോട്ടര്‍മാരിലേക്ക് തനിക്ക് എത്തിച്ചേരാന്‍ കഴിഞ്ഞു എന്നാണ് ഏറ്റവുമൊടുവില്‍ വോട്ടെണ്ണലിന്റെ തലേദിവസം പുറത്തുവിട്ട വീഡിയോയില്‍ ധ്രുവ് അഭിപ്രായപ്പെട്ടത്. അഴിമതിയെ വെളുപ്പിക്കുന്ന വാഷിംഗ് മെഷീന്‍ ആണ് ബി.ജെ.പിയെന്ന പ്രതിപക്ഷ പ്രചാരണം വോട്ടര്‍മാരെ കുറച്ചൊന്നുമല്ല സ്വാധീനിച്ചത്. ഇതിനെ നേരിടാനായി പാര്‍ട്ടി കണ്ടെത്തിയ കുറുക്കുവഴിയായിരുന്നു അരവിന്ദ് കെജ്‌രിവാളിന്റെ അറസ്റ്റ്. ദല്‍ഹിയില്‍ ബി.ജെ.പിക്കത് നേട്ടമായി മാറി. എന്നാല്‍, വാഷിംഗ് മെഷീന്‍ ആരോപണത്തിന് പ്രധാനമന്ത്രി മറുപടി പറയുന്ന സാഹചര്യമാണ് സൃഷ്ടിക്കപ്പെട്ടത്. മഹാരാഷ്ട്രയില്‍ ബി.ജെ.പിക്ക് തിരിച്ചടിയേല്‍ക്കാനുണ്ടായ പ്രധാന കാരണങ്ങളിലൊന്ന് ഏകനാഥ് ഷിന്‍ഡെയെയും അജിത് പവാറിനെയും പ്രഫുല്‍ പട്ടേലിനെയും അശോക് ചൗഹാനെയും എന്‍.ഡി.എയില്‍ കൊണ്ടുവന്നതാണ്. നേരത്തേ, അഴിമതി കേസുകളില്‍ സി.ബി.ഐയുടെ അന്വേഷണം നേരിട്ട 18 നേതാക്കളാണ് മഹാരാഷ്ട്രയില്‍ മാത്രം ബി.ജെ.പിയില്‍ ചേക്കേറി വിശുദ്ധി പ്രാപിച്ചത്. നവീന്‍ ജിന്‍ഡല്‍, ഹേമന്ത ബിശ്വശര്‍മ്മ, സുവേന്ദു അധികാരി, പ്രതാപ് സര്‍നായിക് തുടങ്ങി പ്രമാദമായ അഴിമതിക്കേസുകളിലെ സകല നായകന്‍മാരും ബി.ജെ.പിയിലെത്തി മര്യാദാ പുരുഷോത്തമന്‍മാരായി പരകായപ്രവേശം ചെയ്തു. സുപ്രീം കോടതി ഇടപെടലിനെ തുടര്‍ന്ന് തെരഞ്ഞെടുപ്പ് ബോണ്ടുകളുടെ പട്ടിക പുറത്തു വന്നതോടെ മോദിയുടെ അഴിമതി വിരുദ്ധ പരിവേഷം കാറ്റൊഴിഞ്ഞ ബലൂണിനെ പോലെ ക്ഷണനേരം കൊണ്ട് അമ്പിയമര്‍ന്നു.  

വിദ്വേഷ പ്രസംഗങ്ങളും മോദിയും

ഒഡീഷയിലെ റാലിക്കിടയിലാണ് നരേന്ദ്ര മോദി ഏറ്റവും ലക്ഷണംകെട്ട പ്രസ്താവനകളിലൊന്ന് നടത്തിയത്. ഒരു തമിഴനെ നിങ്ങള്‍ മുഖ്യമന്ത്രി ആയി കാണാന്‍ ആഗ്രഹിക്കുന്നുണ്ടോ എന്നായിരുന്നു ഈ ചോദ്യം. പട്‌നായിക്കിന്റെ വലംകൈയ്യായ പാണ്ഡ്യനെ ലക്ഷ്യമിട്ടായിരുന്നു തികച്ചും വംശീയമായ ഈ പ്രചാരണം പ്രധാനമന്ത്രിയുടെ ഭാഗത്തു നിന്നുണ്ടായത്. ദക്ഷിണേന്ത്യയില്‍ ബി.ജെ.പിക്കു നഷ്ടപ്പെട്ട സീറ്റുകള്‍ ഒഡീഷയാണ് നികത്തിയതെന്ന് ശ്രദ്ധിക്കുക. ഒഡീഷയിലെ ഈ പരാമര്‍ശം മോദിയെ കൃത്യമായി അടയാളപ്പെടുത്തുന്നുണ്ട്. പ്രധാനമന്ത്രി കസേരയിലിരിക്കുന്ന ഒരാള്‍ തമിഴനെ ഏതോ പ്രകാരത്തില്‍ അസ്പൃശ്യനാക്കുകയാണ് ചെയ്തത്. അത് ഭാഷയായാലും വംശമായാലും ഇനി മതം തന്നെയായാലും മോദിയുടെത് അനുചിതവും ഭരണഘടനാ വിരുദ്ധവുമായ പരാമര്‍ശമായിരുന്നു. ശേഷിച്ച വര്‍ഗീയ പരാമര്‍ശങ്ങള്‍ വിമര്‍ശിക്കപ്പെട്ടതു പോലെ ഇത് വാര്‍ത്തയായില്ല. പക്ഷേ, ഈ പരാമര്‍ശമാണ് ഒഡീഷ എന്ന സംസ്ഥാനം പിടിച്ചടക്കാന്‍ മോദിയെ സഹായിച്ച ഘടകങ്ങളിലൊന്ന്. നവീന്‍ പട്‌നായിക്കിന്റെ രോഗാവസ്ഥയെയും മോദി റാലിക്കിടയില്‍ പരാമര്‍ശിച്ചിരുന്നു. കഴിഞ്ഞ മൂന്ന് തെരഞ്ഞെടുപ്പുകളിലും ഗോദി മാധ്യമങ്ങളും മോദിയും നടത്തിപ്പോന്ന ഈ പരാമര്‍ശത്തെ പൂര്‍ണമായും തള്ളുകയാണ് നവീന്‍ പട്‌നായിക് ചെയ്യുന്നത്.

തെരഞ്ഞെടുപ്പിന് മുന്നോടിയായി സി.എസ്.ഡി.എസ് നടത്തിയ സര്‍വേയില്‍ തൊഴിലില്ലായ്മയും ദാരിദ്ര്യവും പണപ്പെരുപ്പവും ഇലക്ടറല്‍ ബോണ്ട് അഴിമതിയുമൊക്കെ സര്‍ക്കാറിനെതിരെ ജനവികാരമുയര്‍ത്തുന്നതായാണ് കണ്ടെത്തിയത്. ഈ അടിസ്ഥാന വിഷയങ്ങളില്‍ നിന്നും ജനശ്രദ്ധ തിരിച്ചു വിടുക എന്നതായിരുന്നു തന്റെ നെറികെട്ട പരാമര്‍ശങ്ങളിലൂടെ മോദി ലക്ഷ്യമിട്ടത്. ഇന്ത്യാ ചരിത്രത്തിലെ ഏറ്റവും നാണംകെട്ട തെരഞ്ഞെടുപ്പ് പ്രക്രിയയായിരുന്നു ഇത്. വോട്ടിംഗ് യന്ത്രങ്ങള്‍ക്ക് രാവും പകലും പ്രതിപക്ഷ സംഘടനകള്‍ കാവലിരുന്നതു കൊണ്ടു കൂടിയാണ് യു.പിയിലും മറ്റും ബി.ജെ.പി പരാജയത്തിലേക്ക് എത്തിപ്പെട്ടത്. യന്ത്രങ്ങളില്‍ രേഖപ്പെടുത്തുന്ന വോട്ടുകള്‍ എണ്ണുന്നതിനു മുമ്പെ നടത്തുന്ന പലതരം അട്ടിമറികളാണ് ബി.ജെ.പിയുടെ വിജയമന്ത്രമെന്ന് പകല്‍പോലെ വ്യക്തമായിട്ടും കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ കണ്ണടച്ചിരുട്ടാക്കി. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ രാജീവ് കുമാറാണോ അതോ ബി.ജെ.പി ഓഫീസിലെ വല്ലവരുമാണോ എന്നു പോലും തോന്നുന്ന രീതിയില്‍ പക്ഷപാതപരമായ നിലപാടുകളാണ് രാജ്യം കണ്ടുകൊണ്ടിരുന്നത്. വോട്ടിംഗ് മെഷീനുകളിലെ കൃത്രിമത്വത്തെ കുറിച്ച് പരാതിപ്പെടുന്നവര്‍ ലക്ഷങ്ങള്‍ കെട്ടിവെക്കണമെന്ന തീര്‍ത്തും ജനാധിപത്യ വിരുദ്ധമായ തീരുമാനം പോലും കമ്മീഷന്‍ കൈക്കൊണ്ടു. മുന്‍കാലങ്ങളില്‍ വോട്ടെടുപ്പ് ദിവസം വൈകുന്നേരത്തോടെ അറിയാന്‍ കഴിഞ്ഞിരുന്ന പോളിംഗ് ശതമാനം ദിവസങ്ങളോളം വൈകിച്ചതിന് കൃത്യമായ ഒരു കാരണം പറയാന്‍ കമ്മീഷനു കഴിഞ്ഞില്ല. സുപ്രീംകോടതി ഇടപെടലിനെ തുടര്‍ന്ന് ആദ്യത്തെ രണ്ട് ഘട്ടങ്ങളിലെ ശതമാന കണക്കുകള്‍ ഒരാഴ്ചക്കു ശേഷം പുറത്തുവിട്ടപ്പോള്‍ ആദ്യ ദിവസത്തേതും പുതിയതും തമ്മില്‍ ഒരു കോടി 7 ലക്ഷം വോട്ടുകളുടെ വ്യത്യാസമാണ് ഉണ്ടായിരുന്നത്. ആറു മുതല്‍ ഏഴ് ശതമാനം വരെ വ്യത്യാസമുള്ള മണ്ഡലങ്ങള്‍ ഇക്കൂട്ടത്തിലുണ്ട്. സാമാന്യ ബുദ്ധിക്ക് നിരക്കുന്ന ഒരു വിശദീകരണവും ഇക്കാര്യത്തിലില്ല. കോണ്‍ഗ്രസ് പാര്‍ട്ടി അധികാരത്തിലേറിയാല്‍ രാജ്യത്തിന്റെ സമ്പത്ത് നുഴഞ്ഞു കയറ്റക്കാര്‍ക്ക് വീതം വെക്കുമെന്ന് പ്രസംഗിച്ച നരേന്ദ്ര മോദിക്ക് ഷോകോസ് നോട്ടീസ് കൊടുക്കേണ്ടി വന്നപ്പോള്‍ ഇതാദ്യമായി എല്ലാ പാര്‍ട്ടികളുടെയും പ്രസിഡന്റുമാരോട് വിശദീകരണം തേടുന്ന ഒരു പുതിയ കീഴ്‌വഴക്കത്തിനാണ് കമ്മീഷന്‍ തുടക്കമിട്ടത്. മോദിക്കെതിരെ പരാതി ഉയര്‍ന്ന 27 പ്രസംഗങ്ങളില്‍ ഒന്നുപോലും വര്‍ഗീയമോ തെരഞ്ഞെടുപ്പ് ചട്ടങ്ങളെ ലംഘിക്കുന്നതോ ആയി കമ്മീഷന് ബോധ്യപ്പെട്ടിരുന്നില്ല.

ആഹ്ലാദകരമാണ് ഈ വര്‍ഗീയ വൈതാളികതയോട് വോട്ടര്‍മാര്‍ പ്രതികരിച്ച രീതി. ഒഡീഷയില്‍ മാത്രമാണ് വോട്ടര്‍മാര്‍ മോദിക്ക് സ്വീകാര്യതയുണ്ടാക്കിയത്. കോണ്‍ഗ്രസ് അധികാരത്തിലേറിയാല്‍ സ്ത്രീകളുടെ താലിമാല പറിച്ച് കൂടുതല്‍ കുട്ടികളുള്ളവര്‍ക്ക് കൊടുക്കുമെന്നാണ് രാജസ്ഥാനിലെ ബന്‍സ്വാരയില്‍ മോദി നടത്തിയ ആദ്യത്തെ വിദ്വേഷ പ്രസംഗം. അവിടെ രണ്ടര ലക്ഷം വോട്ടുകള്‍ക്കാണ് ബി.ജെ.പി തോറ്റത്. ടോങ്കിലായിരുന്നു മോദിയുടെ അടുത്ത വിദ്വേഷ പ്രസംഗം. ഇത്തവണ പിന്നാക്ക ജാതിക്കാരായ മീണകളെയാണ് മോദി ലക്ഷ്യമിട്ടത്. പട്ടിക വിഭാഗങ്ങളുടെ ആനുകൂല്യങ്ങള്‍ വെട്ടിക്കുറച്ച് മുസ്‌ലിംകള്‍ക്ക് വിതരണം ചെയ്യാനാണ് കോണ്‍ഗ്രസ് ലക്ഷ്യമിടുന്നത് എന്ന ഈ പ്രസംഗവും ജനങ്ങള്‍ അര്‍ഹിക്കുന്ന അവജ്ഞയോടെ തള്ളി. ഈ പ്രസംഗം നടന്ന ടോങ്കിലെ സവായ്മധോപൂരില്‍ ബി.ജെ.പിയെ കോണ്‍ഗ്രസ് 65000 വോട്ടിന് തോല്‍പ്പിച്ചു വിട്ടു. മോദി വിദ്വേഷ പ്രസംഗങ്ങള്‍ നടത്തിയ മണ്ഡലങ്ങളില്‍ വിരലിലെണ്ണാവുന്നവയില്‍ മാത്രമാണ് പാര്‍ട്ടി ജയിച്ചത്. മുസ്‌ലിംകള്‍ക്ക് തൊഴില്‍ ക്വാട്ട കൊടുക്കാന്‍ കോണ്‍ഗ്രസ് ശ്രമിക്കുകയാണെന്ന് പ്രസംഗിച്ച മഹാരാഷ്ട്രയിലെ നന്ദൂര്‍ബാറിലും ബി.ജെ.പി തകര്‍ന്നടിഞ്ഞു. അയോധ്യയിലെ രാമക്ഷേത്രം നാടൊട്ടുക്കും ബി.ജെ.പിക്ക് വോട്ടുകള്‍ വാരിക്കോരി നല്‍കുമെന്ന് പ്രതീക്ഷിച്ച ബി.ജെ.പിക്ക് രാമക്ഷേത്രം നിനില്‍ക്കുന്ന മണ്ഡലത്തിലെ പാര്‍ട്ടി സ്ഥാനാര്‍ഥി ലല്ലു സിംഗിനെ പോലും ജയിപ്പിക്കാനായില്ല. ഗുജറാത്ത് കലാപത്തില്‍ നിന്നും മോദി മുന്നോട്ടു നടന്ന വഴികള്‍ അന്നും ഇന്നും ഒന്നുതന്നെയെന്ന ഓര്‍മ്മപ്പെടുത്തലായിരുന്നു ഈ റാലികള്‍.

മുസ്‌ലിം രാഷ്ട്രീയം

മുസ്‌ലിംകളെ ടാര്‍ഗറ്റ് ചെയ്തുകൊണ്ടാണ് ബി.ജെ.പി തെരഞ്ഞെടുപ്പ് നേരിട്ടത്. തെരഞ്ഞെടുപ്പിന് തൊട്ടു മുന്നേയാണ് സി.എ.എ നിയമം നടപ്പാക്കാനാവശ്യമായ ചട്ടങ്ങള്‍ക്ക് അമിത് ഷാ അംഗീകാരം നല്‍കിയത്. ഇത് തെരഞ്ഞെടുപ്പില്‍ വലിയ വിഷയമായി ബി.ജെ.പി ഉയര്‍ത്തിക്കാട്ടുകയും ചെയ്തു. ഇന്ത്യാ മുന്നണി അധികാരത്തില്‍ വരണമെന്ന് മതേതര വിശ്വാസികളും മുസ്‌ലിംകളും ആഗ്രഹിക്കുന്നുണ്ടായിരുന്നുവെങ്കിലും ദുര്‍ബലമായ ഇന്ത്യാ സഖ്യം ഗുണത്തേക്കാളേറെ ദോഷമായിരുന്നു ചെയ്യുക. മോദിക്ക് ഇതാദ്യമായി പ്രതിപക്ഷത്തെ ഭയക്കേണ്ട സാഹചര്യമുണ്ടായി എന്നതാണ് ഈ തെരഞ്ഞെടുപ്പ് ഫലത്തിന്റെ ഏറ്റവും വലിയ ഗുണവശം. ഇപ്പോഴത്തെ ബി.ജെ.പിക്ക് സകല അജണ്ടകളും അടുത്ത അഞ്ച് വര്‍ഷത്തേക്ക് തട്ടിന്‍ പുറത്ത് വെക്കേണ്ടതായും വരും. ഇന്ത്യാ സഖ്യമാണ് അധികാരത്തിലേറുന്നതെങ്കില്‍ മതേതര സഖ്യത്തിന്റെ മാന്യമായ തീരുമാനങ്ങളെ പോലും വര്‍ഗീയതയായി ചിത്രീകരിച്ച് അവര്‍ രാജ്യം കത്തിച്ചേനെ.  

മത്സരിച്ച 78 മുസ്‌ലിം സ്ഥാനാര്‍ഥികളില്‍ 22 പേര്‍ക്കാണ് ജയിച്ചു കയറാനായത്. ബഹ്‌റാംപൂരില്‍ കോണ്‍ഗ്രസിന്റെ ആധിര്‍ രഞ്ജന്‍ ചൗധരിയെ തോല്‍പ്പിച്ച ക്രിക്കറ്റര്‍ യൂസുഫ് പത്താന്‍ തന്നെയാണ് ഇക്കൂട്ടത്തിലെ താരം. മുസഫര്‍ നഗര്‍ കലാപഭൂമിയായ ഖൈരാനയില്‍ ബി.ജെ.പിയുടെ തലമൂത്ത നേതാവ് പ്രദീപ് കുമാറിനെ തോല്‍പ്പിച്ച ഇഖ്‌റാ ചൗധരിയാണ് ഒരുപക്ഷേ ഈ പാര്‍ലമെന്റിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗം. കോണ്‍ഗ്രസ് (7), തൃണമൂല്‍ (5), സമാജ്‌വാദി (4), മുസ്‌ലിം ലീഗ് (3), എ.ഐ.എം.ഐ.എം (1), സ്വതന്ത്രര്‍ (2), നാഷണല്‍ കോണ്‍ഫറന്‍സ് (2) എന്നിങ്ങനെയാണ് വിവിധ പാര്‍ട്ടികളുടെ ടിക്കറ്റില്‍ ജയിച്ചു കയറിയ മുസ്‌ലിം എം.പിമാരുടെ എണ്ണം. അസമില്‍ നിന്നുള്ള ബദറുദ്ദീന്‍ അജ്മല്‍ നാലര ലക്ഷത്തോളം വോട്ടുകള്‍ക്ക് പരാജയപ്പെട്ടത് ഞെട്ടിക്കുന്നതായി. ഈ സംസ്ഥാനത്ത് കഴിഞ്ഞ ഏതാനും നാളുകളായി ശക്തിപ്പെട്ട മുസ്‌ലിം വിരുദ്ധ നീക്കങ്ങള്‍ ദേശീയ ശ്രദ്ധയില്‍ കൊണ്ടുവരുന്നതില്‍ തികഞ്ഞ പരാജയമായിരുന്നു അജ്മല്‍. നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഉമര്‍ അബ്ദുല്ലയും പി.ഡി.പി അധ്യക്ഷ മഹ്ബൂബ മുഫ്തിയും പരാജയപ്പെട്ട പ്രമുഖരിലുണ്ട്. ഉമര്‍ അബ്ദുല്ലയെ തോല്‍പ്പിച്ച എഞ്ചിനീയര്‍ റശീദ് യു.എ.പി.എ നിയമത്തിന്റെ ഇരകളിലൊരാളാണ്. എം.എല്‍.എ എന്ന നിലയില്‍ അങ്ങേയറ്റം ജനകീയനും നിസ്വാര്‍ഥനുമായിരുന്ന റശീദ് തോറ്റ ഉമര്‍ അബ്ദുല്ലയേക്കാളും എന്തുകൊണ്ടും യോഗ്യനാണെന്നതില്‍ ഒരു തര്‍ക്കവുമില്ല.

ചെറിയ പാര്‍ട്ടികള്‍ ഇന്ത്യാ സഖ്യത്തോടൊപ്പം നിന്നത് യു.പിയിലും ബീഹാറിലും മതേതര മുന്നണികളെ ശക്തിപ്പെടുത്തുകയാണ് ചെയ്തത്. ബി.ജെ.പിക്കു വേണ്ടി വോട്ടു ഭിന്നിക്കാന്‍ വല്ലാതെയൊന്നും ഇത്തവണ നീക്കങ്ങള്‍ ഉണ്ടായിട്ടില്ല. പടിഞ്ഞാറന്‍ യു.പിയിലെ അംറോഹ, മീറത്ത്, ബറേലി, നഗീന മണ്ഡലങ്ങളില്‍ മുസ്‌ലിം വോട്ട് പിളര്‍ന്ന് ബി.ജെ.പി ജയിച്ചു കയറുന്ന സാഹചര്യമുണ്ടായില്ല. ബി.എസ്.പിയോടാപ്പം കാലങ്ങളായി നിന്ന യു.പിയിലെ ചെറിയൊരു ശതമാനം മായാവതിയെ പൂര്‍ണമായും കൈയ്യൊഴിച്ചതും കാണാനുണ്ടായിരുന്നു. ഇത്തവണയും ഇന്ത്യാ സഖ്യത്തേക്കാൾ മുസ്‌ലിംകള്‍ക്ക് കൂടുതല്‍ സീറ്റ് നല്‍കിയത് ബി.എസ്.പിയാണ്. പക്ഷേ, മായാവതിയില്‍ മുസ്‌ലിംകള്‍ക്ക് വിശ്വാസം നഷ്ടപ്പെട്ടു കഴിഞ്ഞിരുന്നു. ഖാസിപൂര്‍, മൗ, ഗൊരഖ്പൂര്‍, ബലിയ, സന്ത് കബീര്‍ നഗര്‍ മേഖലയിലെ ഇന്ത്യാ സഖ്യത്തിന്റെ നേട്ടങ്ങള്‍ക്കു പിന്നിലും സമ്മതിദാനാവകാശം ബുദ്ധിപരമായി ഉപയോഗിച്ച മുസ്‌ലിം വോട്ടര്‍മാരാണ്. ഈ ഘട്ടത്തിലെ തെരഞ്ഞെടുപ്പിലാണ് താന്‍ ഹിന്ദു – മുസ്‌ലിം കളിക്കുന്ന ആളല്ലെന്ന് മോദിക്ക് പരിഹാസ്യമായ നുണ പറയേണ്ടി വന്നത്.

ഇപ്പോഴത്തെ ഇന്ത്യക്ക് ആഗ്രഹിക്കാവുന്നതില്‍ ഏറ്റവും മികച്ച തെരഞ്ഞെടുപ്പ് ഫലം ഇതു തന്നെയാണ്. മതേതര സഖ്യവും രാഹുല്‍ ഗാന്ധിയുമൊക്കെ മികച്ച സ്വപ്‌നങ്ങള്‍ മാത്രമാണ്. ബി.ജെ.പി ഉഴുതുമറിച്ച മണ്ണില്‍ നിന്നും വര്‍ഗീയതയുടെ വിത്തുകള്‍ അവര്‍ തന്നെ പറിച്ചു കളയട്ടെ. ഇനിയുമുണ്ടല്ലോ തെരഞ്ഞെടുപ്പുകള്‍.

 

Related